Views & Thoughts

നാം ഒരു ദൗത്യത്തിനായി മെനയപ്പെട്ടവർ

അതിരുകൾ വിശാലമാക്കുവാൻ ആർക്കാണിഷ്ടമല്ലാത്തത്. അവരവരുടെ ലോകത്തിൻ്റെ അതിരുകൾ വിശാലമാക്കുവാൻവേണ്ടി വിശ്വാസ സമൂഹത്തിലെ കുറെയേറെപ്പേരും അക്ഷീണം പരിശ്രമിക്കുന്നതിനിടയിലാണ്
‘ മുമ്പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിപ്പിൻ’ എന്ന ചിന്തയുമായി ഈ ലേഖനത്തിലൂടെ നാം മുന്നോട്ടു പോകുന്നത്. നാം ഓരോരുത്തരും ഓരോ ദൗത്യത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്. യേശുക്രിസ്തു പറയുന്നു ” നീ എന്നെ ലോകത്തേക്കു അയച്ചതു പോലെ ഞാൻ അവരെയും ലോകത്തേക്കു അയച്ചിരിക്കുന്നു.” (യോഹന്നാൻ 17:18) പൌലോസിൻ്റെ വാക്കുകൾ ഇങ്ങനെ… ” എൻ്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ” (അപ്പൊ.പ്രവൃത്തി 20:24) ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും സുവിശേഷത്തിനു വേണ്ടി അഹോരാത്രം ഓടിയ പൌലോസിൻ്റെയും വാക്കുകളിൽ ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യവും ഗൗരവവും വ്യക്തമാണ്. ‘മിനിസ്ട്രിയും’ ‘മിഷനും’ പ്രാധാന്യമുള്ളവയാണ്. രണ്ടു ശുശ്രൂഷകളും ഒന്നല്ലതാനും. ലളിതമായി പറഞ്ഞാൽ മിനിസ്ട്രി (ശുശ്രൂ ഷ) വിശ്വാസികൾക്കു വേണ്ടിയും,മിഷൻ (ദൗത്യം) അവിശ്വാസികൾക്കു വേണ്ടിയുമാണ്. ദൈവം ഭൂമിയിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു; നാമും അവിടുത്തോടൊപ്പം ചേർന്നു പ്രവർത്തിക്കേണ്ടവരാണ്. അതിനെയാണ് ദൗത്യം എന്നു പറയുന്നത്.

മിഷൻ (ദൗത്യം) എന്നത് ലാറ്റിൻ വാക്കിൽ നിന്നുമാണ് രൂപപ്പെട്ടത്.
‘ അയയ്ക്കുക’ എന്നതാണ് അതിൻ്റെ അർത്ഥം. നാമോരോരുത്തരും യേശുനാഥൻ്റെ പ്രതിനിധികളായി ഭൂമിയിലേക്കു അയയ്ക്കപ്പെട്ടവരാണ്.
‘ പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു ‘ (യോഹന്നാൻ 20:21). പിതാവിനാൽ അയയ്ക്കപ്പെട്ടവനെന്ന കൃത്യമായ ബോധ്യം യേശുനാഥനെ ഭരിച്ചിരുന്നു. അവിടുന്ന് പോയിടത്തൊക്കെ ആ ബോധ്യത്തിൻ്റെ നിഴലിൽ തന്നെയാണു പ്രവർത്തിച്ചതും. തമ്പുരാന് ജീവിത ദൗത്യത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. ” എന്തിനെന്നെ തിരയുന്നു;എൻ്റെ പിതാവിനുള്ളതിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ? ” എന്നു പന്ത്രണ്ടാം വയസ്സിൽ അവിടുന്ന് ഉരുവിടുമ്പോഴേ അതിൻ്റെ കൃത്യത നമുക്കു ഗ്രഹിക്കാം! കൃത്യമായ ദൗത്യബോധത്തോടെ ജീവിക്കുകയും അതു പാലിക്കുകയും ചെയ്തതിനാലാണ് മുപ്പത്തിമൂന്നാം വയസ്സിൽ കുരിശിലെ അവസാന വാക്കുകൾക്കൊപ്പം ” നിവൃത്തിയായി ” (യോഹന്നാൻ 19:30) എന്നു പറയുവാൻ കഴിഞ്ഞതും. ആദ്യവും അവസാനവും ഇത്ര കൃത്യതയോടെ നമുക്കു പറയുവാൻ കഴിയുമോ?

എന്തുകൊണ്ട് നമ്മുടെ മിഷൻ (ദൗത്യം) പ്രധാനമായിരിക്കുന്നു?

1. യേശുവിൻ്റെ ദൗത്യത്തിൻ്റെ തുടർച്ചയായതിനാൽ:

നമ്മുടെ ദൗത്യം വളരെ പ്രാധാന്യമുള്ളതാണ്. അവിടുന്ന് നമ്മെ ‘വരുവാൻ’ മാത്രമല്ല ‘പോകുവാൻ’ കൂടി വേണ്ടിയാണ് വിളിച്ചത്.
പുതിയ നിയമത്തിലൂടെ നാം കണ്ണോടിച്ചാൽ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ അഞ്ചു പ്രാവശ്യം അഞ്ചു രീതിയിൽ അതിൻ്റെ പ്രാധാന്യം യേശു തമ്പുരാൻ പറഞ്ഞിരിക്കുന്നു.
‘ ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ ( മത്തായി 28:19, 20).
‘ നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ’ ( മർക്കോസ് 16: 15)
‘അവൻ്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു ‘ ( ലൂക്കോസ് 24:47)
‘പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു ‘(യോഹന്നാൻ 20:21)
‘ എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻ്റെ സാക്ഷികൾ ആകും’ ( പ്രവൃത്തി 1:8). സുവിശേഷം സകല ജാതികളോടും പ്രസംഗിക്കുകയും അവരെ ശിഷ്യരാക്കുകയും ചെയ്യുവാൻ കഴിയാത്ത ഒരു ക്രിസ്തീയ ജീവിതം ഉണ്ടോ? എത്ര മഹത്തായ നിയോഗമാണത്! കർത്താവു ഭൂമിയിൽ അതു നിർവ്വഹിക്കുന്നതിൽ എത്ര ജാഗ്രത പുലർത്തിയിരുന്നു എന്നു ചരിത്രം തന്നെ സാക്ഷിക്കുന്നുണ്ട്. ഈ നിയോഗം ‘ഓപ്ഷനൽ'(optional )
അല്ല, ‘മസ്റ്റ്’ (must )ആണ്. നമുക്കു ഇവിടെ ഒരു തെരഞ്ഞെടുപ്പിനുള്ള ഓപ്ഷനില്ല, നിർബന്ധമായും നാം ഇതു അനുസരിക്കേണ്ടതു തന്നെ. മറന്നു പോയി എന്നു പറഞ്ഞൊഴിയാനും കഴിയുകയില്ല. മഹാനിയോഗം ‘മറന്നു’ എന്നു പറഞ്ഞാൽ അനുസരിച്ചില്ല എന്നു തന്നെയാണ് അർത്ഥം. ” ഞാൻ ദുഷ്ടനോട്: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന് അവൻ തൻ്റെ ദുർമാർഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തൻ്റെ അകൃത്യത്തിൽ മരിക്കും; അവൻ്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും” ഇതാണു ബൈബിൾ പറയുന്നത്. ചുരുക്കത്തിൽ അയൽവാസി യേശുവിനെ അറിയാതെ മരിച്ചാൽ നാം കണക്കു പറയേണ്ടി വരിക തന്നെ ചെയ്യും.

യേശുക്രിസ്തു മനുഷ്യനായി ഭൂമിയിൽ ജീവിച്ച കാലത്തു തന്നെ ദൗത്യനിർവ്വഹണത്തിൻ്റെ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അതു തുടരുക എന്നതു ഓരോ ക്രിസ്തു അനുയായിയുടെയും കടമയാണ്. അതു നാം തുടരുക തന്നെ ചെയ്യണം, അതു നമുക്കു നൽകിയിരിക്കുന്ന മഹാനിയോഗമാണ്.

2. ദൗത്യം നമ്മുടെ മഹത്തായ അവകാശമായതിനാൽ:

നമ്മുടെ ഒരു അയൽവാസിക്കു മാരകമായൊരു രോഗമാണെന്നിരിക്കട്ടെ; അതിനുള്ള ചികിത്സ നമുക്ക് അറിയാമായിരുന്നിട്ടും, അതു പറയുകയോ അവരെ അതിനു സഹായിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അതൊരു മാരകമായ കുറ്റമല്ലേ? അതു പോലെ തന്നെയാണു ‘ജീവൻ’ രക്ഷിക്കാനുള്ള മാർഗം അറിയാമായിരുന്നിട്ടും പറയാതിരിക്കുന്നത്. മറ്റുള്ളവരോടു ‘നിത്യജീവൻ’ പ്രാപിക്കാൻ എങ്ങനെ കഴിയുമെന്നു പറയുന്നതിനേക്കാൾ,മറ്റൊരു മഹത്തായ കാര്യം നാം അവർക്കു വേണ്ടി ചെയ്യുവാനില്ല! മറ്റൊരുത്തനിലും രക്ഷയില്ല ; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല ” ( പ്രവൃത്തി 4:12) എന്ന് തിരുവചനം പറയുന്നു. അതു കൊണ്ടുതന്നെ നമ്മുടെ ഉത്തരവാദിത്വം വലിയതാണെന്ന ചിന്ത നമുക്കു വേണം. ഈ ദൗത്യനിർവ്വഹണത്തിലൂടെ നാം ദൈവത്തോടു ചേർന്നു പ്രവർത്തിക്കുകയാണ്. മാത്രമല്ല ദൈവത്തെ പ്രതിനിധീകരിക്കുവാനുള്ള അവകാശവും നമ്മിൽ ഭരമേല്പിച്ചിരിക്കുന്നു. അതു കൊണ്ടാണ് ഇതൊരു മഹത്തായ അവകാശമാണെന്നു പറയുന്നത്.
2കൊരിന്ത്യർ 5:20
” ആകയാൽ ക്രിസ്തുവിനു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ ” എന്നാണു പറയുന്നത്. ക്രിസ്തുവിൻ്റെ സ്ഥാനപതിയാകുവാൻ ലഭിക്കുന്ന അവസരം നമ്മുടെ അവകാശം മാത്രമല്ല നമുക്കു ലഭിക്കുന്ന ആദരവുമത്രേ.

3. ദൗത്യം നിത്യതയിലേക്കുള്ള വാതിൽ:

നമുക്കൊരു ജോലിയുണ്ടെന്നിരിക്കട്ടെ; അതുമൂലം നാം ആയിരക്കണക്കിനു ആളുകൾക്കു സേവനവും ചെയ്യുന്നുണ്ടാവും. അതു വളരെ നല്ല കാര്യമാണ്;പക്ഷെ, ആ ജോലി മൂലമുണ്ടാകുന്ന മാറ്റം അഥവാ നേട്ടം എത്ര കാലം നിലനിൽക്കും. അതിനൊക്കെ ഒരു പരിധിയുണ്ടാവും അല്ലേ?എന്നാൽ നമ്മുടെ ദൗത്യത്തിൻ്റെ ഫലമായുണ്ടാകുന്ന മാറ്റം അങ്ങനെയല്ല, അതു എന്നെന്നും നിലനിൽക്കുന്നതാണ്. ദൗത്യനിർവ്വഹണത്തിലൂടെ നാം മറ്റുള്ളവരുടെ നിത്യത നിശ്ചയിക്കുകയാണ്. അതു കൊണ്ടു തന്നെ മറ്റേതൊരു നേട്ടത്തെക്കാളും ജോലിയെക്കാളും പ്രാധാന്യമേറിയതാണ് നമ്മുടെ ദൗത്യ നിർവ്വഹണം. ‘അവർ’ ദൈവവുമായി നിത്യബന്ധമുണ്ടാക്കുന്നതിനു നമ്മൾക്കു ചെയ്യുവാൻ കഴിയുന്നതിനെക്കാൾ മഹത്തായ മറ്റെന്തു കാര്യമാണുള്ളത്. യേശു പറയുന്നു ” എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു;ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നു”. പകൽ അവസാനിക്കാറായി, നമ്മുടെ ദൗത്യയാത്രയിലെ ഘടികാരശബ്ദത്തിന്റെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്നു.ഇനിയും മറ്റൊരു ദിവസത്തിനായി കാത്തിരിക്കേണ്ടതുണ്ടോ? അടുത്തുള്ളവരെ സമീപിക്കുവാൻ ഇന്നു തന്നെയാണു അവസരം. നാം ക്രിസ്തുവിൽ നേടിയവരുമായി നിത്യതയിൽ ആനന്ദിക്കുവാൻ അവസരമുണ്ടെന്നു ഓർത്തിരിക്കണം. അപ്പോൾ മാത്രമേ നമ്മുടെ ജീവിതകാലത്ത് മറ്റുള്ളവരിലേക്കു എത്തിച്ചേരുവാൻ വേഗതയുണ്ടാവൂ. ജോലിയും പ്രവർത്തനങ്ങളും ഉപേക്ഷിച്ചു മാത്രം ക്രിസ്തുവിനെ സാക്ഷീകരിക്കണമെന്നോ ദൗത്യം നിർവ്വഹിക്കണമെന്നോ അല്ല, ആയിരിക്കുന്ന അവസ്ഥയിലും സ്ഥലത്തും അവിടുത്തെ സാക്ഷീകരിച്ചു തുടങ്ങുക എന്നു തന്നെ.


4. ദൗത്യം നമ്മുടെ ജീവിതം
അർത്ഥസമ്പുഷ്ടമാക്കും:

നാം മൂലം ഒരാൾ എങ്കിലും നിത്യതയിലുണ്ടാവുന്നതിനെ എന്നെങ്കിലും ഭാവനയിൽ കണ്ടിട്ടുണ്ടോ? ആ സന്ദർഭം അയാൾക്കും നമുക്കും എത്ര മാത്രം മാറ്റം വരുത്തുന്നുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ?
വില്യം ജയിംസ് പറഞ്ഞിരിക്കുന്നത്
‘ ജീവിതത്തിൻ്റെ ഏറ്റവും നല്ല ഉപയോഗം എന്നത് എന്നെന്നും നിലനിൽക്കുന്ന ചിലതിനു വേണ്ടി ജീവിതം ചെലവിടുക എന്നതാണ് ‘. ദൈവരാജ്യമല്ലാതെ എന്നെന്നും നിലനിൽക്കുന്ന മറ്റെന്താണുള്ളത്? ബാക്കിയെല്ലാം ഒഴിഞ്ഞു പോകും, ദൈവരാജ്യം മാത്രം എന്നും നിലനിൽക്കും. നമ്മുടെ ആരാധന, ആത്മീക ശുശ്രൂഷ, ദൗത്യനിർവ്വഹണം ഇവയുടെ ഒക്കെ ഫലങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ ദൈവം നൽകിയ ദൗത്യം നാം പൂർത്തീകരിക്കേണ്ടതാണ്.
‘ദൈവം’ നൽകിയ ദൗത്യം പൂർത്തീകരിക്കുവാൻ കഴിയുന്നില്ല എന്നുണ്ടായാൽ അതിനർത്ഥം ജീവിതം നാം ദുരുപയോഗം ചെയ്തു എന്നതാണ്.പൌലോസ് എഴുതുന്നു
” എങ്കിലും ഞാൻ എൻ്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എൻ്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ”. കർത്താവ് തന്ന ശുശ്രൂഷ നിറവേറ്റി നാം നേടിയവരുമൊത്തു നിത്യതയിൽ ആനന്ദിക്കുവാനും അതുമൂലം നമ്മുടെ ജീവിതം അർത്ഥ സമ്പുഷ്ടമാക്കുവാനും ശ്രദ്ധിക്കണം.

5. ദൗത്യം ചരിത്രത്തെ തന്നെ മാറ്റിയെഴുതും:

പലരുടെയും ഏറ്റവും വലിയ ആകാംക്ഷ കർത്താവിൻ്റെ രണ്ടാം വരവിനെക്കുറിച്ചാണ്. എന്നാൽ അതു തന്നെയാണോ ആദ്യം വേണ്ടത്? അല്ലേയല്ല, യേശുവിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയാണ് ഒന്നാമത് വേണ്ടത്.കർത്താവ് നൽകിയ ദൗത്യം പൂർത്തീകരിക്കുവാൻ ആദ്യം ശ്രദ്ധിക്കാം. അതിലൂടെ ചരിത്രത്തെ മാറ്റിയെഴുതാം. നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും ചരിത്രം മാറും. ചരിത്രം മാറ്റിയെഴുതുവാൻ നാം ദൗത്യനിർവ്വഹണത്തിൽ പങ്കാളിയാവുക തന്നെ ചെയ്യണം.

ദൗത്യം നിറവേറ്റുവാൻ നാം എന്ത് വില നൽകണം?

വില നൽകാതെ നമുക്കു ദൗത്യനിർവ്വഹണം സാധ്യമല്ല. നമ്മുടെ സ്വകാര്യ അജണ്ടകൾ തകർക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജീവിതത്തിൽ കെട്ടിവച്ചിരിക്കുന്ന പലതിനോടും ചേർത്തു വയ്ക്കുവാനുള്ള ‘മറ്റൊന്നല്ല’ നമ്മുടെ ദൗത്യം. യേശു നാഥൻ പ്രാർത്ഥിച്ചതു പോലെ “പിതാവേ, എങ്കിലും എൻ്റെ ഇഷ്ടം അല്ല നിൻ്റെ ഇഷ്ടം തന്നെ ആകട്ടെ”
(ലൂക്കോസ് 22:42)
നമ്മുടെ പ്രതീക്ഷകളും പദ്ധതികളും സ്വപ്നങ്ങളും എല്ലാം അവിടുത്തെ ഹിതത്തിനായി സമർപ്പിക്കണം. ‘ദൈവമേ, എനിക്കു വേണ്ടതെല്ലാം നൽകണേ’ എന്ന പ്രാർത്ഥനയ്ക്കും അപ്പുറത്തേക്ക് ‘ദൈവമേ, നിൻ്റെ ഹിതം നിറവേറ്റാൻ എന്നെ സഹായിക്കണമേ’ എന്നു തന്നെ പ്രാർത്ഥിക്കാം.

നമ്മുടെ മിഷൻ ഫീൽഡുകളിൽ ചരിത്രങ്ങൾ മാറ്റി
യെഴുതപ്പെടട്ടെ!
ജീവിതങ്ങൾ രക്ഷകനെ മുഖാമുഖം കണ്ട് നിത്യജീവൻ ഉറപ്പാക്കട്ടെ! നാം ജീവിക്കുന്നിടമാണ് നമ്മുടെ മിഷൻ ഫീൽഡ് ; നാം ഓരോരുത്തരും തമ്പുരാൻ്റെ മിഷണറിമാരും. യേശുനാഥൻ നിർത്തിയിടത്തു നിന്നും നമുക്കു തുടരാം. അവിടുത്തെ ഹിതം നിറവേറ്റുവാനായി സൃഷ്ടിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും എന്നത് മറന്നു പോകരുത്. ഒപ്പിട്ട ഒരു വെള്ളക്കടലാസു പോലെ നമ്മെ അവിടുത്തെ കരങ്ങളിലേക്കു നൽകാം, വേണ്ടതു ദൈവം എഴുതി ചേർക്കട്ടെ. അവിടുന്ന് നമ്മെ അയക്കുന്നിടത്തേക്കു നമുക്കു പോകാം; തമ്പുരാൻ മുന്നൊരുക്കങ്ങൾ നടത്താതെ നമ്മെ അയക്കില്ല. അവിടുന്നു നിർത്തിയിടത്തു നിന്നും തുടരുവാൻ നമ്മെ വിശ്വസ്തനായി എന്നു എണ്ണി എങ്കിൽ അതു നമുക്കു ലഭിച്ച വലിയ ആദരവു ആണെന്നു തിരിച്ചറിയാം, ആ ദൗത്യം ഏറ്റെടുക്കാം. തമ്പുരാൻ്റെ വിളിക്കനുസരിച്ച് ജീവിതം സമർപ്പിച്ചവർ കൊളുത്തിയ വിളക്കിൻ്റെ വെട്ടത്തിൽ നിന്നു പോലും ആയിരക്കണക്കിനു മിഷണറിമാർ പിറവിയെടുത്തതിൻ്റെ സാക്ഷികൾ ചുറ്റും നില്ക്കുമ്പോൾ നാം ഇതു വരെ നടന്നു തുടങ്ങിയിട്ടില്ലെന്നോ? ഭീരുക്കളാവരുത്, നടന്നു തുടങ്ങാം. തമ്പുരാൻ നല്കിയ ദൗത്യം പൂർത്തിയാക്കാം. മറക്കരുത് നാം ഒരു ദൗത്യത്തിനായി മെനയപ്പെട്ടവർ തന്നെ!

You cannot copy content of this page