തൊണ്ണൂറു ശതമാനം കാഴ്ചയുമില്ല എന്നാൽ ഉൾക്കാഴ്ചയ്ക്കൊട്ടു കുറവുമില്ല
തൊണ്ണൂറു ശതമാനം കാഴ്ച പരിമിതിയുള്ള ഒരു ദൈവദാസി ഓടി നടന്നു ദൈവീകശുശ്രുഷ ചെയ്യുന്നതിനെക്കുറിച്ച് നമ്മളിൽ അധികം പേരും കേട്ടിട്ടുണ്ടാവില്ല, അല്ലേ !
ഞാൻ അടുത്തിടെയാണ് കേട്ടതും ആ ദൈവദാസിയെ പരിചയപെട്ടതും. സിൽവിയ എന്നാണ് പേര്. ഇപ്പോൾ പഞ്ചാബിൽ പാകിസ്ഥാൻ ബോർഡർ പ്രദേശമായ ഗുരുദാസ്പൂരിൽ പാർത്ത് അവിടെയുള്ള ചേരിപ്രദേശത്ത് പ്രവർത്തിക്കുന്നു.
തൃശൂർ ജില്ലയിലെ കണ്ണാറയാണ് ജന്മദേശം. പ്ലസ് ടൂ പഠനം കഴിഞ്ഞയുടെനെ ഉത്തര ഭാരതത്തിലേക്കു പോയതാണ്. പിന്നീടുള്ള ജീവിതം വിവിധ സംസ്ഥാനങ്ങളിലായി ഉത്തര ഭാരതത്തിൽ തന്നെ. നന്നെ ചെറിയ പ്രായത്തിലെ സുവിശേഷീകരണം ഇഷ്ട വിഷയമായി തെരഞ്ഞെടുത്ത സിൽവിയ അതിൽ വിജയം വരിക്കുന്നതിനു വ്യത്യസ്തമാർഗങ്ങൾ സ്വീകരിച്ചിരുന്നു. തെരുവോരങ്ങളിൽ ട്രാക്റ്റ് വിതരണം ചെയ്യുക, കൂട്ടുകാരുമായി സുവിശേഷം പങ്കു വയ്ക്കുക, ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന കാശു കൊണ്ട് സുവിശേഷ പ്രതികൾ / ട്രാക്റ്റുകൾ തപാലിലയയ്‌ക്കുക, പോസ്റ്റ് കാർഡിൽ വാക്യവും സന്ദേശവും അയക്കുക അങ്ങനെ തൻ്റെ ഇഷ്ട വിഷയത്തിന് വിവിധങ്ങളായ പ്രോജക്ട് വർക്കുകൾ ചെയ്തിരുന്നു.
തപാലയയ്ക്കുവാൻ കയ്യിൽ അല്പം കാശു കിട്ടിയാലുടൻ പത്രത്തിലെ ചരമവാർത്തകൾ തപ്പി അഡ്രസ് കണ്ടെത്തി സ്നേഹസന്ദേശം അയക്കുന്നത് പതിവാക്കിയിരുന്നു.
അങ്ങനെ ജീവിച്ചു വരവെ സുവിശേഷാത്മാവോടെ ഉത്തരേന്ത്യക്കു വണ്ടി കയറി.പഠനവും പ്രവർത്തനവും രണ്ടു ചിറകു കണക്കെ പ്രവർത്തിച്ചു. പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്കും കൂട്ടായും പ്രവർത്തിച്ചു. ഒ.എം.ഉൾപ്പെടെയുള്ള സംഘങ്ങളുമായി ചേർന്നും സ്വന്തമായ പ്രവർത്തന രീതികളിലും പ്രവർത്തിച്ചു.
സഭാ സ്ഥാപനത്തിൽ ഏറെ താല്പര്യമെടുത്ത ദൈവദാസി എല്ലായിടത്തും ആ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും സഭകൾ ആരംഭിച്ച് അവരെ തന്നെ ഭരമേല്പിച്ചു പുതിയ ഇടങ്ങളിലേക്കു സഞ്ചരിക്കുകയും ചെയ്തു വന്നു.
അഗതികൾ, തെരുവിൽ കഴിയുന്നവർ, ഭിക്ഷക്കാർ തുടങ്ങിയവരുടെ ഇടയിൽ പ്രവർത്തിക്കുവാനാണ് തനിക്ക് നിയോഗമുള്ളത് എന്ന തിരിച്ചറിവിൽ അവർക്കൊപ്പം ജീവിച്ച് അവരിൽ രൂപാന്തരം വരുത്തുന്ന പ്രക്രിയ തുടർന്നു.
സമൂഹത്തിൻ്റെ ഏറ്റവും അറ്റത്തു കഴിയുന്നവർക്കിടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പരുപരുത്ത ജീവിതാവസ്ഥയും കടുത്ത ദാരിദ്രവും അവരെ വല്ലാത്തൊരു മാനസീകാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാവും. അതു കൊണ്ടു തന്നെ വെല്ലുവിളികൾ ഏറെ വലുത്.
ഇക്കാലമത്രയും ദൈവം വിവിധ സംസ്ഥാനങ്ങളിലായി അവർക്കിടയിൽ പ്രവർത്തിക്കുവാൻ ഇടയാക്കി.
പട്ടിണി, ഒറ്റപ്പെടൽ, കഷ്ടത, ഇല്ലായ്മ ഒക്കെ പർവ്വതം കണക്കെ മുന്നിൽ ഉയർന്നു വന്നെങ്കിലും ദർശനങ്ങളിലേക്കു എത്തുവാൻ ദൈവം കൃപ ചെയ്തു.
കുടുംബജീവിതത്തിൻ്റെ പ്രാരംഭ നാളുകളിൽ വ്യത്യസ്‌തമായ ഈ പ്രവർത്തനം ഉൾക്കൊള്ളുവാൻ ഭർത്താവിനു ബുദ്ധിമുട്ടായിരുന്നു. ചേരിപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവരോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടും ഭിക്ഷക്കാർ, ദരിദ്രർ, ആക്രി പെറുക്കുന്നവർ തുടങ്ങിയവരോടുള്ള സമീപനവും നിരാശാജനകമാണല്ലോ.
ക്രമേണ ഭർത്താവും മക്കൾ ഇരുവരും ഈ മിഷനൊപ്പം യാത്ര തുടർന്നു. ഇന്ന് അവർ നാലു പേരും ശുശ്രുഷകളിൽ തുല്യ പങ്കാളികളാണ്.
കണ്ണിനുണ്ടായ കാൻസർ രോഗത്താൽ തൊണ്ണൂറു ശതമാനം കാഴ്ചയില്ലെങ്കിലും ഉൾക്കാഴ്ചയ്ക് ഒരു കുറവും വന്നിട്ടില്ല.
ഒട്ടനവധി ശോധനകളിലൂടെ കടന്നു പോയ സിസ്റ്റർ സിൽവിയായുടെ ജീവിതാനുഭവങ്ങൾ ആവേശം പകരുന്നതാണ്. രണ്ടര വർഷം നേരാം വണ്ണം ഭക്ഷണം പോലുമില്ലാതെ, കാൽ കാശ് കയ്യിലില്ലാതെ ജീവിക്കേണ്ടി വന്നപ്പോഴും ഒരടി പോലും ചുവടു പിന്നോട്ടു വച്ചില്ല. ഇല്ലായ്മകൾ വിവിധ നിലകളിൽ ചുവരുകൾ കെട്ടി ബന്ധിച്ചിടുവാൻ ശ്രമിക്കുമ്പോഴും ഉയരത്തിൽ തുറക്കുന്ന വാതിലിലൂടെ അത്ഭുതങ്ങൾ കണ്ടും അനുഭവിച്ചും മുന്നേറുന്ന ദൈവദാസിയുടെയും കുടുംബത്തിൻ്റെയും ഇന്നലെകൾ നമ്മുടെ ഇന്നുകൾക്ക് കരുത്തു പകരും
സിൽവിയ എഡ്വിൻ: 99040 88864
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്