Unique Stories

കരളലിയിപ്പിക്കുന്ന ബീഹാർ താഴ് വരയിൽ കരളുറപ്പോടെ പാസ്റ്റർ ബാബു ഡേവിഡ്

ഞാൻ ഇപ്പോൾ ഒരു കേരളാഗ്രാമത്തിലാണ്. ഇവിടെ ഒരു ട്രെയിനിംഗ് സെൻ്ററുണ്ട്. അവിടെ ഇരുന്നു കൊണ്ടാണ് ബീഹാറിലെ ഹാജിപൂരിലുള്ള പാസ്റ്റർ ബാബു ഡേവിഡുമായിട്ട് ഫോണിൽ സംസാരിച്ചത്.

ഞാൻ അദ്ദേഹത്തെ ഫോൺ വിളിക്കുന്നതിന് തൊട്ടു മുമ്പ് ഒരാൾ ഇവിടെ  വന്നു പറഞ്ഞു. ഇവിടെ രാത്രിയിൽ വലിയ ശബ്ദമാണ്. അത്രയും ശബ്ദം പാടില്ല. പതിനഞ്ച് പേർ ഒന്നിച്ച് 8 മണിക്ക് മുമ്പ് ആരാധിക്കുന്ന ശബ്ദമാണ് സമീപവാസികൾക്ക് അരോചകമായി തോന്നുന്നത്. ഇത് കേട്ടു കഴിഞ്ഞ് ബാബു ഡേവിഡ്‌ പാസ്റ്ററുമായി സംസാരിച്ചപ്പോൾ അദ്ദേഹം തൻ്റെ അനുഭവങ്ങൾ ഓരോന്നും പങ്കു വക്കുന്നതിനിടയിൽ  രണ്ടായിരത്തി ഒൻപതിലെ ഒരു അനുഭവം പറഞ്ഞത് ശ്രദ്ധിച്ചപ്പോൾ അത് എത്ര ഭീകരമായിരുന്നു കാണും എന്നു ഞാൻ ചിന്തിച്ചു.

ഇവിടെ അത്രകണ്ട് പ്രശ്നമാകേണ്ട കാര്യമില്ലാത്ത ഒന്നിനെ പർവ്വതീകരിച്ചു ഒരു വിഷമമുണ്ടാക്കിയേക്കാമെന്നു കരുതുമ്പോൾ, മറ്റാരും സഹായത്തിനില്ലാത്ത മിഷണറിമാരുടെ ശവപ്പറമ്പെന്ന വിശേഷണമുള്ള ബീഹാറിലെ ഹാജിപൂരിൽ അവർ നേരിട്ടത് അത്യന്തം തീക്ഷ്ണമായി തന്നെയാവും.പാസ്റ്റർ ബാബു ഡേവിഡ് ഉത്തരേന്ത്യയിലെത്തിയിട്ട് അത് പത്താം വർഷം, ഹാജിപൂരിലെ മൂന്നാമത് വർഷമാണ് താനും ഭാര്യയും വേദവിദ്യാർത്ഥികളായ മൂന്ന് കുട്ടികൾ പ്രായോഗിക പരിശീലനത്തിൻ്റെ ഭാഗമായി എത്തിയതാണ് അവർ. ആ അഞ്ച് പേരും കൂടി ഗ്രാമങ്ങൾ സന്ദർശിച്ചു വരവെ വിരോധികൾ വളഞ്ഞു കൊലവിളി നടത്തി. അത്യന്തം ഭയാനകമായ അവസ്ഥ സൃഷ്ടിച്ചു. അവിടെ തുടർന്നാൽ കൊന്നു കളയുമെന്നു ഭീഷണി. ഒടുവിൽ അവിടെ നിന്നും രക്ഷപെട്ടു ഒരു മാസം ഒളിവിൽ പാർത്തു. പിന്നീടാണ് ഹാജിപൂരിൽ തിരിച്ചെത്തിയത്.അപ്പോഴേക്കും അവിടം അവർ കീഴ്മേൽ മറിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങൾ വാർത്താമാധ്യമങ്ങളിൽ കൂടി സൃഷ്ടിച്ചു ഭീകരമാക്കിയിരുന്നു. കൂടെയുണ്ടായിരുന്ന വിശ്വാസികളെ പഴയതിലേക്കു മടക്കുകയും ചെയ്തു.

ഭീഷണികൾ പലവട്ടം തുടർന്നെങ്കിലും ഹാജിപൂർ വിടാതെ ശുശ്രുഷ തുടർന്നു.രക്ഷയിലേക്കു വന്നവരെ ഭീഷണിപ്പെടുത്തി മടക്കുവാൻ ശ്രമിക്കുകയും അവർ അതിൽ വിജയിക്കുകയും ചെയ്തിരുന്നു.വാടകക്കെട്ടിടങ്ങൾ പോലും കിട്ടാതെ വിഷമിച്ച അവസരങ്ങൾ ഏറെ. ഇപ്പോൾ പന്ത്രണ്ടാമത്തെ വാടകക്കെട്ടിടത്തിലാണ് ബീഹാറിലെ വൈശാലി ജില്ലയുടെ സിരാകേന്ദ്രമായ ഹാജിപൂരിലെ ഈ ദൈവസഭ പ്രവർത്തിക്കുന്നത്.

ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായ പാസ്റ്റർ ബാബു ഡേവിഡിൻ്റെ ദീർഘകാല ആഗ്രഹങ്ങളിലൊന്നാണ് ഹാജിപൂരിൽ സ്വന്തമായ ഒരു ആരാധനാലയം.തൻ്റെ മിഷണറി പ്രവർത്തനങ്ങളുടെ ഈ സിൽവർ ജൂബിലി വർഷത്തിൽ അങ്ങനൊരാഗ്രഹം സഫലമായിരുന്നെങ്കിൽ.

യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തിൽ നിന്നും പതിനേഴാം വയസിൽ ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്നു. പിന്നീട് ഡൽഹിയിലെത്തി പോക്കറ്റ് ടെസ്റ്റ് ലീഗിൽ പ്രവർത്തിച്ചു.നാടൊട്ടുക്ക് ചെറുപുസ്തകങ്ങളും ട്രാക്റ്റുകളും വിതരണം ചെയ്തു. അതിനു ശേഷം പുനലൂർ ബഥേലിൽ വേദപഠനം. വീണ്ടും  ഉത്തരേന്ത്യയിലേക്ക് ബീഹാറിൽ രണ്ടിടങ്ങളിലായി പ്രവർത്തനം.

റെക്സോളിൽ സുന്ദർപൂർ എന്ന ഗ്രാമത്തിൽ വീടു പോലും വാടകയ്ക്ക് കിട്ടാതായി ഒടുവിൽ കുഷ്ഠരോഗിയുടെ ഭവനം വാടകയ്ക്ക് കിട്ടി. അവർക്കിടയിൽ പ്രവർത്തനം.അവിടെ വിശ്വാസത്തിൽ വന്നവരെ ചേർത്ത് സഭയും തുടങ്ങി.

കഷ്ടതയും പട്ടിണിയും രോഗങ്ങളും പിന്നോട്ടടിക്കുവാൻ ശ്രമിച്ചിട്ടും മുന്നേറുവാൻ കഴിയാതെ തളർത്തിക്കളയുമെന്നു തോന്നിയിട്ടും എല്ലാത്തിനുമിടയിലൂടെ തമ്പുരാൻ്റെ കുരിശുമേറിയുള്ള യാത്ര തുടർന്നു. താനും ഭാര്യയും രണ്ടു മക്കളും ദൈവകൃപയാൽ നിലനിന്നു. ഇനിയും കുറെയേറെ ചെയ്യുവാനുണ്ടെന്ന വിശ്വാസത്തോടു സജീവമായി മുന്നേറുന്നു.

പാസ്റ്റർ ബാബു ഡേവിഡ് : 98352 06430

മിഷണറി പ്രവർത്തനത്തിൽ
കാൽ നൂറ്റാണ്ട്


പതിനെട്ടു വർഷമായി ബീഹാറിൽ


You cannot copy content of this page