ഭിന്നശേഷിക്കുട്ടികൾക്കായി സവിശേഷമായ വിദ്യാലയത്തിൻ്റെ വിശേഷങ്ങളുമായി പാസ്റ്റർ ജോജു
ചില നാളുകൾക്കു മുൻപ് തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് ചില ഫോട്ടോകൾ എനിക്കയച്ചു തന്നു. അത് ഒരു സ്പെഷ്യൽ സ്കൂളിൻ്റെ ചിത്രങ്ങളായിരുന്നു. ഈ സ്കൂളിനെ പരിചയപ്പെടണമെന്നും നല്ലൊരു പ്രവർത്തനമാണെന്നും പറഞ്ഞു.
ആ പ്രത്യേക വിദ്യാലയത്തെക്കുറിച്ച് അടുത്തറിയാനുള്ള ശ്രമം നടത്തിവരവെ യാണ് യുവസുവിശേഷകൻ ജോജുവും ഭാര്യ സിസ്റ്റർ ആരതിയും ടി.ജെ.സാമുവേൽ സാറിനും മറിയാമ്മാമ്മയ്ക്കും ഒപ്പം നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതു ശ്രദ്ധയിൽ പെട്ടു.
നേരത്തെ ഞാൻ കേട്ടിട്ടുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തത ലഭിക്കേണ്ടതിനായി സാറുമായി ബന്ധപ്പെട്ടപ്പോൾ വളരെ നല്ല വാക്കുകളാണ് സ്ഥാപനത്തിൽ നേരിട്ട് സന്ദർശിച്ച അനുഭവത്തിൽ നിന്നും സ്ഥാപനത്തെക്കുറിച്ചും പാസ്റ്റർ ജോജുവിനെക്കുറിച്ചും പറഞ്ഞത്.
ജോജുവിൻ്റെ പിതാവ് സൈമൺ ഒരു ഗവ.കോൺട്രാക്ടറായിരുന്നു.
മാതാവ് ലളിതാകുമാരി. ഈദമ്പതികൾക്കു മൂന്നു കുട്ടികളെ ദൈവം ദാനം നല്കി. അവരിൽ രണ്ടു പേരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരായാണ് പിറന്നത്. അവരെ പരിശീലിപ്പിക്കുവാൻ / പഠിപ്പിക്കുവാൻ പറ്റിയ സ്ഥാപനങ്ങൾ സമീപങ്ങളിൽ ഒന്നും ഇല്ലാത്തത് ആ കുടുംബത്തെ വല്ലാത്ത ദുഃഖത്തിലാഴ്ത്തി.
മക്കളെ പഠിപ്പിക്കുവാൻ സ്വയമായി സ്കൂൾ തുടങ്ങാമെന്നു അവർചിന്തിച്ചു. തങ്ങളെപ്പോലെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുന്ന കുടുംബങ്ങൾക്കും അത് ആശ്വാസമാകുമല്ലോ എന്നു ചിന്തിച്ചു.ചെറിയ തുടക്കം ഒറ്റ ടീച്ചർ കുറച്ചു കുട്ടികൾ. വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു തുടക്കകാലം. ഇന്നും അതു മാറിയിട്ടില്ല. എങ്കിലും വിശ്വാസത്തോടെ ആ ദൈവീക പ്രവർത്തനം അവർ തുടരുന്നു.
പാസ്റ്റർ ജോജുവാണ് മൂന്നു കുട്ടികളിൽ ഇളയതായി പിറന്നത്. ജോജു ഇന്ന് ഈ സ്ഥാപനത്തിൻ്റെ നട്ടെല്ലായുണ്ട്. ബഥേലിൽ എം.ഡിവ് പഠനത്തിനു ചേരുന്ന കാലത്ത് ഇതൊരു ശുശ്രുഷാമുഖമായി കാണുമോ എന്ന ആശങ്കയുണ്ടായിരുന്നു ജോജുവിന്. ബഥേലിലെ അധ്യാപകർ ജോജുവിനെ പ്രോത്സാഹിപ്പിച്ചു.
തിരുവനന്തപുരം നഗരത്തിൽ സഭാസ്ഥാപന പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം വെല്ലുവിളി നേരിടുന്ന കുട്ടികളെയും ചേർത്തു പിടിച്ചാണ് നീങ്ങുന്നത്. യുവസുവിശേഷകനു ദൈവം നല്കിയ നിയോഗം അല്പം കാഠിന്യമേറിയതാണെങ്കിലും തൻ്റെ പതിനൊന്നാം ക്ലാസ് മുതൽ പിതാവിനും മാതാവിനും സഹായമായി സൗഹൃദവിദ്യാലയത്തിനൊപ്പം കൂടി ഭിന്നശേഷിക്കാരായ കുട്ടികളെ ഒപ്പം നിർത്താൻ മനസിൽ ഇടമുണ്ടായിരുന്നതിനാൽ ഈ യാത്ര ആസ്വദിച്ചാണ് ചെയ്യുന്നത്. പാസ്റ്റർ ജോജുവിൻ്റെ ഭാര്യ സിസ്റ്റർ ആരതി ബി.ഒ വിദ്യാലയത്തിൻ്റെ അക്കാഡമിക് കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. പിതാവ് സൈമൺ ചില വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മാതാവ് ലളിതാകുമാരിയും ദൈനംദിന കാര്യങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്.
സൗഹൃദ വിദ്യാലയം – ഭിന്നശേഷിക്കാർക്കുള്ള സവിശേഷ വിദ്യാലയം എന്നാണ് മനോഹരമായ ബ്രോഷറിൻ്റെ മുഖപേജിൽ അച്ചടിച്ചിരിക്കുന്നത്. അവിടെ വരുന്ന കുട്ടികൾക്ക് വളരെ സവിശേഷം തന്നെയാണ് ഈ വിദ്യാലയം.
നമ്മുടെ സമൂഹത്തിൽ ഇത്തരം ദർശനങ്ങൾ ഉള്ളവരെ നാം അടുത്തറിയണം. ചേർത്തു പിടിക്കണം. കാരണം അവർ വളർത്തുവാൻ ശ്രമിക്കുന്നത് സ്വയം വളരുവാൻ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയാണ്.
ജോജു സൈമൺ: 79071 27825