Unique Stories

സർക്കാർ ജോലി ലഭിച്ചിട്ടും ദിലൻ വഴി മാറി നടന്നതെന്തിന്

ദിലൻ എന്ന പേരിൻ്റെ മനോഹാരിത പോലെ തന്നെയാണ് ആ മനസും. സുവിശേഷം ഹൃദയങ്ങളിൽ നട്ടുനനയ്ക്കുവാനായുള്ള യാത്ര ആരംഭിച്ചിട്ട് രണ്ടു ദശാബ്ദം കഴിയുന്നു.

ഒരു അസാധാരണ ജീവിതാരംഭമാണ് ദിലൻ എന്ന ദൈവഭൃത്യൻ്റേത്. ജനിച്ചതും വളർന്നതും അക്രൈസ്തവ പശ്ചാത്തലത്തിൽ.തറവാട്ടിൽ ആരാധനാലയമുള്ള ഒരു വ്യക്തിയുടെ ബാല്യവും കൗമാരവും എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സന്തോഷമില്ലെങ്കിലും ആരാധനയ്ക്കു ആ കാലത്തും കുറവൊന്നും ഉണ്ടായിരുന്നില്ല. അറിഞ്ഞ വിശ്വാസം ശരിയെന്നു കരുതുന്നതിനാൽ മറ്റുള്ള വിശ്വാസങ്ങൾ  ഉണ്ടാക്കുന്ന അസ്വാരസ്യം വലുതു തന്നെയായിരുന്നു.

ഒരിക്കൽ ഒരു ബന്ധുവീട്ടിൽ പാർക്കുന്നതിനിടയിൽ പരിചയപ്പെട്ട ഒരു പാസ്റ്ററിൽ നിന്നും ആദ്യമായി യേശുവിനെക്കുറിച്ചു കേട്ടു. അത് ഒട്ടും ഇഷ്ടമായില്ല. പിന്നെയും ക്ഷമാപൂർവ്വം ആ ദൈവദാസൻ സുവിശേഷവും സ്നേഹവും പങ്കിടുവാൻ തുടങ്ങിയപ്പോൾ, ജീവിതത്തിൽ സമാധാനവും സന്തോഷവും പകരുന്ന അത്ഭുതവാനായ യേശുവിനെ അറിയുവാൻ ജിജ്ഞാസയായി. പറയുന്ന വാക്കുകൾ ആ വ്യക്തിയുടെ ജീവിതത്തിലുണ്ടോ എന്ന ശ്രദ്ധാപൂർവ്വമുള്ള അന്വേഷണത്തിൽ നിന്നും സത്യത്തിലേക്കുള്ള യാത്ര തുടങ്ങി. ആ ദൈവദാസൻ്റെ ജീവിതമാണ് ദിലൻ എന്ന യുവാവിനെ സ്വാധീനിച്ചത്.

അന്നു മുതൽ യാത്ര സത്യത്തിനു പുറകെയായി. ഒറ്റയ്ക്കുള്ള യാത്ര
ഒറ്റപ്പെടലും വേദനയും നിറഞ്ഞതായിരുന്നു എങ്കിലും ഉള്ളിൽ നിറഞ്ഞ സമാധാനം യാത്രയെ ലക്ഷ്യത്തിൽ തുടരുവാൻ പ്രേരിപ്പിച്ചു.

യൗവ്വനകാലമായപ്പോഴേക്കും സ്വന്തമായി വരുമാനമുണ്ടാക്കി സുവിശേഷ പ്രവർത്തനത്തിൽ പങ്കാളിയാകുവാൻ ആഗ്രഹിച്ചു. പി. എസ്.സി. പരീക്ഷകൾക്കായി കുത്തിയിരുന്നു പഠിച്ചു. പോലീസിലും, സിവിൽ സപ്ലൈസിലും റാങ്ക് ലിസ്റ്റിൽ പേരു വന്നു.സർക്കാർ ജോലി കൈയ്യെത്തും ദൂരത്തായി.പക്ഷെ, ദൈവം തന്നെ വടക്കുകിഴക്കേക്കയച്ചു. നാഗാലാൻഡിൽ ദൈവവേല തുടങ്ങി.അവിടം ഒരു ഇടത്താവളമായിരുന്നു. തൻ്റെ ആഗ്രഹവും പ്രാർത്ഥനയും സുവിശേഷം അറിയാത്തവർക്കായി ജീവിക്കണം അവരിൽ ദൈവസ്നേഹം പകരണം എന്നായിരുന്നു.

ആസാമിലേക്കു ദൈവം തന്നെ പറിച്ചു നട്ടു. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ സുവിശേഷ വെളിച്ചവുമായി നടന്നും സൈക്കിളിലും മൈലുകൾ താണ്ടി. കുട്ടികളെ ചേർത്തു പിടിച്ചു. അവരെ സ്നേഹിച്ചു. നല്ലവരാകുവാനും നന്നായി ജീവിക്കുവാനും പഠിപ്പിച്ചു.കുട്ടികൾ നന്നാകുവാനും  പഠിക്കുവാനും നല്ലവരായി ജീവിക്കുവാനും തുടങ്ങി.

തനിക്കു ചുറ്റും നില്കുവാൻ അധികമാരും ഇല്ലെങ്കിലും താനും ഭാര്യയും കുട്ടികൾക്കും ഗ്രാമങ്ങൾക്കും ചുറ്റും നിന്നും. എം.എസ്.സി.ബി.എഡ് കാരിയായ ഭാര്യയും താനും ഗ്രാമങ്ങൾക്കുള്ളിലൂടെ സഞ്ചരിച്ച് കുട്ടികളെ സൗജന്യമായി ട്യൂഷൻ പഠിപ്പിച്ചും മറ്റും ദൈവത്തിൻ്റെ ജോലി തുടരുന്നു.

പലരും പറഞ്ഞു വിദ്യാഭ്യാസമുള്ള നിങ്ങൾ സ്കൂൾ ആരംഭിക്കുവാൻ, പക്ഷെ സുവി.ദിലൻ പറയുന്നു ‘ദൈവം എന്നെ വിളിച്ചത് അതിനു വേണ്ടിയല്ല, ഞങ്ങൾക്കുള്ള നിയോഗം മിഷണറിയായി തുടരുവാനാണ്, ഞാനൊരു പാസ്റ്ററല്ല, മിഷണറിയാണ്’.
മിഷണറി ദിലൻ്റെ മനസെത്ര നൈർമല്യമുള്ളതാണെന്നറിയാൻ ഈ സ്റ്റേറ്റ്മെൻ്റ് മതിയല്ലോ.

ആസാമിലെ പ്രകൃതിക്ഷോഭവും നദിയുടെ കവിഞ്ഞൊഴുക്കും അവരുടെ വീടിൻ്റെ ഉള്ളിലും നിറഞ്ഞു കവിഞ്ഞിട്ടുണ്ടെങ്കിലും ഒട്ടും സങ്കടമോ നിരാശയോ ആ മനസിനില്ല. വേദനകൾ പലതുണ്ട്. തൻ്റെ കുടുംബത്തിൽ നിന്നും മറ്റൊരു മിഷണറിയോ പാസ്റ്ററോ എന്തിന് ഒരു വിശ്വാസി പോലുമില്ല. അത്രയ്ക്കു യാഥാസ്ഥിതികമാണ് ആ കുടുംബം. കുടുംബത്തിൽ നിന്നും ഒരാൾ പോലും കൂട്ടില്ലാത്തത് വേദനയാണ്.
ഒട്ടനവധി തിക്താനുഭവങ്ങളും ഒറ്റപ്പെടലും ഈ ചെറിയ ജീവിതത്തിനുള്ളിൽ അനുഭവിച്ചിട്ടുണ്ട്.

അപ്പോഴും, ദൈവം നടത്തുന്ന അത്ഭുത വഴികളെക്കുറിച്ചാണ് ആ കുടുംബത്തിനു പങ്കുവയ്ക്കുവാനുള്ളത്.
മിഷണറി ദിലൻ്റെ ജീവിതാനുഭവങ്ങൾ കൂടുതൽ കേൾക്കുവാൻ, ആ കുടുംബത്തെ കൂടുതൽ അറിയുവാൻ, അവരുടെ പ്രവർത്തനങ്ങൾ, ദൈവം നടത്തുന്ന വഴികൾ അറിയുവാൻ താല്പര്യം തോന്നുന്നുണ്ടല്ലേ…..

പാസ്റ്റർ ദിലൻ : 8486990866

You cannot copy content of this page