പാസ്റ്റർ കെ.ഇ.എബ്രഹാമുംഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയും
പുസ്തകത്തെ അറിയുക:
ഡോ.കുഞ്ഞപ്പൻ സി.വർഗീസ് എഴുതിയ ചരിത്ര ഗ്രന്ഥം
ചരിത്രം അറിയുന്നതു കൊണ്ട് ഗുണം പലതാണ്. സംസ്കാരം, സമൂഹം, വ്യക്തിത്വം ഒക്കെ തിരിച്ചറിയുന്നതിന് ചരിത്രപഠനം നമ്മെ സഹായിക്കും. ഓരോ സമൂഹത്തിനും അതിൻ്റെതായ സംസ്കാരവും വ്യക്തിത്വവും ഉണ്ട്. തന്നെയുമല്ല സഭകൾ വളർന്നു വരുന്ന സമൂഹത്തിൻ്റെ ഇടപെടലും സ്വാധീനവും ഒക്കെ അറിഞ്ഞിരിക്കേണ്ടതാണ്. അത്തരം അറിവുകൾ തുടർ പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നല്കും.
പക്ഷെ, പെന്തക്കോസ്ത് സമൂഹങ്ങൾ പൊതുവേ ചരിത്രത്തെ ചേർത്തുപിടിക്കുന്നതിനും രേഖപ്പെടുത്തി അടുത്ത തലമുറകൾക്ക് കൈമാറുന്നതിനും അലംഭാവം കാട്ടുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഭകളും സംഘടനകളും ചരിത്രം കുറിച്ചിടുന്നതിനു പകരം ജൂബിലികളോ മറ്റോ ആകുമ്പോൾ ധൃതിപിടിച്ച് കുറച്ച് രേഖകൾ ഉണ്ടാക്കുകയാണ് കണ്ടുവരാറ്.
ഇവിടെയാണ് ഡോ.കുഞ്ഞപ്പൻ സി.വർഗീസിൻ്റെ പുസ്തകം ‘പാസ്റ്റർ കെ.ഇ.എബ്രഹാമും
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയും’ ശ്രദ്ധേയമാകുന്നത്.ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രധാശില്പിയായിരുന്നു പാസ്റ്റർ കെ.ഇ.എബ്രഹാം. “കേരളത്തിലെ പെന്തക്കോസ്ത് മുന്നേറ്റത്തിൻ്റെ തുടക്കക്കാരിൽ പ്രമുഖനായിരുന്നതിനാൽ അദ്ദേഹം വ്യക്തിപരമായും ആത്മീകമായും ഉപദേശപരമായും പല വെല്ലുവിളികളെയും അഭിമുഖീകരിച്ചു.തൻ്റെ ഉറച്ച വിശ്വാസവും ബൈബിളിനോടുള്ള സമീപനവും അതിലെ ഉപദേശങ്ങൾ അനുസരിപ്പാനുള്ള സമർപ്പണവും അഭിനന്ദനീയമാണ്” അമേരിക്കയിലെ പ്രമുഖ ചരിത്രാദ്ധ്യാപകനായ ഡോ.റ്റോം.ജെ.നെറ്റിൽസ് ഡോ.കുഞ്ഞപ്പൻ സി.വർഗീസിൻ്റെ പുസ്തകവായനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു.
സെറാമ്പൂർ കോളേജിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ ഭാരതസഭാ ചരിത്രത്തെക്കുറിച്ച് വേണ്ടത്ര രേഖകൾ ലഭിക്കുന്നില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് തൻ്റെ പ്രൊഫസറോട് വേദന പങ്കിട്ടപ്പോൾ ‘ ഇനി ഇന്ത്യയിലെ പെന്തക്കോസ്ത് സഭയുടെ ചരിത്രം എഴുതേണ്ടത് നിൻ്റെ ഉത്തരവാദിത്വമാണ് ‘ എന്നു പറഞ്ഞത് മനസിൽ തട്ടിയതു മുതൽ ഡോ.കുഞ്ഞപ്പൻ സി.വർഗീസ് ചിന്ത മുഴുവൻ അതിലേക്കായി. അതിൽ നിന്നും ആരംഭിച്ച ഗവേഷണങ്ങളിൽ രൂപപ്പെട്ടു വന്നതാണ് ഈ ഗ്രന്ഥം. ഇത് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ദൈവസഭകൾക്ക് ഒരു മുതൽക്കുട്ടാണ്.
കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡൻ്റാണ് അദ്ദേഹം. സെറാമ്പൂർ കോളേജിൽ നിന്നും ബിരുദങ്ങളും അമേരിക്കയിലെ പ്രമുഖമായ വിവിധ സെമിനാരികളിൽ നിന്നും എം.എ., എം.റ്റി എച്ച്, പി.എച്ച്.ഡി നേടിയിട്ടുണ്ട്.
അനുഗ്രഹീതമായ ഈ പുസ്തകം വായിക്കേണ്ടതും തലമുറകൾക്കായി സൂക്ഷിക്കേണ്ടതുമാണ്. മൂന്നുറ് പേജുള്ള ഗ്രന്ഥത്തിന് 300 രൂപയാണ് വില. കേരളാ തിയോളജിക്കൽ സെമിനാരിയാണ് പ്രസാധകർ. കോപ്പികൾ ആവശ്യമുള്ളവർ
ഡോ. കുഞ്ഞപ്പൻ സി വർഗീസ്: 93496 11396 എന്ന വാട്സാപ്പ്നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.