Unique Stories

രോഗത്തിൻ്റെ ഹർഡിലുകൾ ചാടിക്കടന്ന് മരണത്തിൻ്റെ വഴി വിട്ടെഴുന്നേറ്റ് നമ്മൾക്കൊപ്പം ജീവിക്കുന്ന ഡെന്നി ജോൺ എന്ന ഗോസ്പൽ മജീഷ്യൻ

ഹർഡിലുകൾ ചാടിക്കടക്കുക അത്ര എളുപ്പമല്ല. നല്ല പരിശീലനമുണ്ടെങ്കിൽ മാത്രമെ കാലു തട്ടാതെ അപ്പുറമെത്താൻ പറ്റുകയുള്ളൂ. അതുകൊണ്ടു തന്നെ ഹർഡിലുകൾ ഒഴിഞ്ഞു മാറുന്നതാണേവർക്കും ഇഷ്ടം. എന്നാൽ ചിലപ്പോഴൊക്കെ നാം എത്ര ഒഴിഞ്ഞു മാറിയാലും ഹർഡിലുകൾ നമ്മുടെ മുമ്പിൽ വന്നു ഭയപ്പെടുത്താൻ നോക്കും. ഇത്തവണ നിൻ്റെ കാൽ തട്ടി വീഴുമെന്നു പറയുന്ന പോലെ തോന്നുകയും ചെയ്യാം. നമ്മുടെ ഒക്കെ ജീവിതത്തിൽ തടസം സൃഷ്ടിച്ചു കൊണ്ടു വന്ന ഹർഡിലുകളെ ഓർത്തെടുക്കാമോ?

ഡെന്നിയുടെ ജീവിതത്തിൽ 20 വർഷങ്ങൾക്കിടയിൽ 8 തവണ ഓപ്പറേഷൻ്റെ രൂപത്തിൽ മാത്രം ഹർഡിലുകൾ മുന്നിൽ വന്നു നിന്നു. ഓപ്പറേഷൻ മാത്രമല്ല രോഗങ്ങളും വേദനകളും ഒക്കെയായി ജീവിതത്തെ തകർത്തു താറുമാറാക്കുന്ന പരുവത്തിൽ ഹർഡിലുകൾ വന്നു നില്ക്കാത്ത വർഷങ്ങൾ ഇല്ലായെന്നു തന്നെ പറയാം.

ഡെന്നിയെന്നു മാത്രം പറഞ്ഞാൽ മനസിലാകണമെന്നില്ല. ഡെന്നി ജോൺ എന്നാണ് പൂർണമായ പേര്. പാലക്കാട് അട്ടപ്പാടിക്കാരനാണ്. ഗോസ്പൽ മാജിക്കിൽ പേരു കേട്ട ഡെന്നി എക്സൽ ടീമിൻ്റെ ഹൃദയഘടകമാണ്.

തമാശകൾ പറഞ്ഞും മാജിക്കു കാണിച്ചും വി.ബി.എസുകളിലും സ്കൂളുകളിലെ സോഷ്യൽ അവയർനെസ് പ്രോഗ്രാമുകളിലും തെരുവോരത്തെ പരസ്യയോഗങ്ങളിലും ഡെന്നി മുന്നേറുന്നതു കാണുമ്പോൾ ജീവിതം എത്ര രസകരമാണെന്നു തോന്നിപ്പോകും. എന്നാൽ വേദനയുടെ കണ്ണീർരസം നിറഞ്ഞതാണ് ഡെന്നിയുടെ ജീവിതം.

രണ്ടായിരത്തിമൂന്ന് മുതൽ നാലു വർഷക്കാലം രോഗങ്ങളും ഓപ്പറേഷനുകളും വരിഞ്ഞു മുറുക്കി അട്ടപ്പാടിയിലെ വീട്ടിലും ഹോസ്പിറ്റലുകളിലുമായി കഴിച്ചു കൂട്ടി.
2007 ആയപ്പോഴേക്കും ആകെ തളർന്നു. ജീവിതം അസ്തമിക്കുന്ന അവസ്ഥയിലെത്തി. ഹോസ്പിറ്റലിൽ നിന്നും നിരാശയുടെ വാക്കുകൾ പറഞ്ഞു. പ്രതീക്ഷകൾ അസ്തമിച്ചു. മരണത്തെ വരവേൽക്കാൻ മനസ്സുകൊണ്ടൊരുങ്ങിയ ഡെന്നിയെ കാണുവാൻ നാട്ടുകാർ ഒന്നൊന്നായി ആശുപത്രിയിൽ എത്തി. ഓരോ മുഖങ്ങളും മനസിൽ കുറിച്ചിട്ടു താൻ വേദനയോടെ ഓരോ ദിവസവും കഴിച്ചു കൂട്ടി.

മരണത്തെ വരവേല്കാൻ കിടക്കവെ ഒരു സമർപ്പണം കൂടി നടത്തി. ആയുസ് ദീർഘിപ്പിച്ചു തന്നാൽ പൂർണസമയവും ദൈവത്തിൻ്റെ വേല ചെയ്യാം. ദൈവം ഇടപെട്ടു, കണ്ണീരിനെ മറികടക്കാത്ത  നിലവിളിക്കു കാതോർക്കുന്ന തമ്പുരാൻ ഡെന്നിയെ സൌഖ്യമാക്കി. മരണത്തിൻ്റെ വഴി മാറി പുതുജീവിതത്തിനു വഴിയൊരുങ്ങി. ഡെന്നി കിടക്കയും എടുത്തു നടന്നു.

പിന്നെ മണക്കാല ഫെയ്ത്തിലാണെത്തുന്നത്. നാലു വർഷത്തെ വേദപഠനം. വയറുവേദന അടിക്കടി പിടിച്ചു കുലുക്കിയെങ്കിലും ദൈവത്തിൽ ആശ്രയിച്ചു. ദൈവം സംസാരിച്ചു ‘എൻ്റെ കൃപ നിനക്കു മതി’  ആ ദൈവകൃപയുടെ ഉറപ്പിൽ എല്ലാം അതിജീവിച്ചു.നാലാം വർഷം ഗ്രാഡ്വേഷനുള്ള മനസൊരുക്കമൊക്കെയായി നില്ക്കുമ്പോൾ വീണ്ടും ഹോസ്പിറ്റലിൽ.ഇത്തവണ വെല്ലൂർ സി.എം.സി യിലായിരുന്നു. ചിറ്റൂർ ഗവ.കോളേജിലെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ രോഗം സമ്മതിച്ചില്ല. പല വഴികളും പലപ്പോഴായി രോഗങ്ങൾ ബ്ലോക്കിട്ടു. ബി.റ്റിഎച്ചും ആ കൂട്ടത്തിൽ മുടങ്ങി എന്നു തന്നെ കരുതി ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി. എന്നാൽ ‘എൻ്റെ കൃപ നിനക്കു മതി’ എന്ന ഉറപ്പിൽ ആശ്രയം വച്ച ഡെന്നിയെ ദൈവം ഗ്രാഡ്വേഷനു കോളേജിലെത്തിച്ചെന്നു മാത്രമല്ല. അത്തവണ തീം സോങായി തെരഞ്ഞെടുത്ത ‘ദൗത്യ വാഹകർ നമ്മൾ; ക്രിസ്തുവിൻ സേവകർ നമ്മൾ’ എന്ന പാട്ട് എല്ലാവർക്കും ഒപ്പം പാടാനും അവസരം ഒരുക്കി. ആ പാട്ട് ഡെന്നി എഴുതിയതായിരുന്നു.

ഇരുപതു വർഷങ്ങൾക്കിടയിൽ ഓപ്പറേഷൻ്റെ എട്ടു ഹർഡിലുകൾ ചാടിക്കടന്ന് താൻ ഓട്ടം തുടരുകയാണ്.ജീവിതത്തിൽ പഠിച്ചെടുത്ത ഒട്ടനവധി പാഠങ്ങൾ പകർത്തിയെഴുതി ” ജീവിതം സ്മാർട്ടാക്കാം” എന്ന ഒരു മനോഹര പുസ്തകവും ഡെന്നി എഴുതിയിട്ടുണ്ട്. എക്സൽ പബ്ലിക്കേഷൻ്റെ ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്ന ഡെന്നി തൻ്റെ പുതുജീവിതത്തെ ദൈവനാമ മഹത്വത്തിനായി അതിമനോഹരമായി ഉപയോഗിക്കുകയാണ്.

പാലക്കാട് അട്ടപ്പാടി മുണ്ടൻപാറ മുത്തോലിയിൽ വീട്ടിൽ പാസ്റ്റർ എം.എച്ച്. ജോണും മാതാവ് ബൗൺസിൽ ജോണും എപ്പോഴും പറയുമായിരുന്നു ‘നമ്മുടെ ആവശ്യങ്ങൾ സ്തോത്രത്തോടു ദൈവത്തോടു പറയുക; ദൈവം അതു നിവർത്തിക്കും’
മകൻ്റെ മരണക്കിടക്ക മാറ്റി വിരിക്കുന്നതിലും മാതാപിതാക്കൾ പകർന്നു നല്കിയ വചനം ഉപയുക്തമായതിൽ അവർ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഡെന്നിക്കൊപ്പം ചേർന്നു നില്ക്കുന്നു.

ഡെന്നി ജോൺ: 97443 25604

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page