കണ്ണീർപ്പുഴയും കടന്ന് വിശ്വാസത്തോടെ ഓട്ടം തുടരുന്ന കെ.ജെ.ജോസഫ്
മാരത്തൺ ഓട്ടം നിരപ്പായ പാതയിലൂടെ മാത്രം ഓടി തീർക്കുവാൻ കഴിയില്ല. കല്ലും മുള്ളും കാടും മലയും ഒക്കെ താണ്ടി വേണം ദൂരമേറിയ ആ ഓട്ടം പൂർത്തിയാക്കാൻ. പുരാതന ഗ്രീസിൽ മാരത്തൺ ഓട്ടക്കാരൻ്റെ കയ്യിലെ കത്തിച്ച വിളക്കുമുണ്ടാവും അത് അണയാതെ ഫിനിഷിംഗ് പോയിൻ്റിൽ എത്തിയാലെ വിജയിയാവൂ എന്നും നിയമമുണ്ടായിരുന്നു. കാറ്റും മഴയും വന്നാലും വിളക്കിനെ അണയാതെ സൂക്ഷിക്കുന്ന പ്രയാസമേറിയ ദൗത്യം കൂടി ഓട്ടക്കാരനുണ്ട്.
അരുണാചൽ പ്രദേശിൽ നിന്നും നമുക്കൊപ്പം ഹൃദയസ്പർശം സാക്ഷ്യ പരമ്പരയിൽ ചേരുന്ന പാസ്റ്റർ ജോസഫ് കെ.ജെ യുടെ ജീവിതവും ഒരു മാരത്തൺ ഓട്ടക്കാരനു സമമാണ്. കേരളത്തിൻ്റെ തെക്കൻ ജില്ലയായ കൊല്ലത്തെ പുനലൂരിൽ നിന്നും അരുണാചലിലെ പശിഘട്ടിൽ എത്തി നില്കുമ്പോഴുള്ള ദൂരമല്ല പറഞ്ഞു വരുന്നത്. തൻ്റെ ജീവിത ഓട്ടത്തിലാകമാനം പരുക്കൻ പ്രതലത്തിലൂടെ ഓടേണ്ടി വന്നു എന്നതാണ്.
സ്കൂൾ വിദ്യാഭ്യാസാനന്തരം കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജിലും ഹരിയാന ഗ്രേസിലുമായി വേദപഠനം നടത്തി. തുടർന്ന് മുംബൈയിൽ ബൈബിൾ കോളേജിൽ അധ്യാപകനായി.മറ്റൊരു പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പെൺകുട്ടിയെ ജീവിത സഖിയാക്കി. ബാംഗ്ലൂർ ബൽഗാം സ്വദേശിയേയാണ് വാഹം ചെയ്തത്. ഇതൊന്നുമായിരുന്നില്ല ഈ മാരത്തൺ ഓട്ടത്തിലെ കാഠിന്യമേറിയ ഇടം.ആ ഓട്ടം രണ്ടായിരത്തി നാലിലാണ് ആരംഭിക്കുന്നത്. ജീവിതം വല്ലാത്തൊരു പരീക്ഷണ കാലത്തെ നേരിട്ടു. 2007 ലും 2014ലു മായി രണ്ടു കുഞ്ഞുങ്ങളുടെ മരണം. മുപ്പത്തിയഞ്ച് വയസു പോലുമാകാത്ത പിതാവും അത്ര പോലും പ്രായമാകാത്ത മാതാവും രണ്ട് കുഞ്ഞുങ്ങളുടെ ശരീരം ഭൂമിയിൽ മറവു ചെയ്യുന്നത് നോക്കി നില്ക്കണ്ടുന്ന അവസ്ഥ എത്ര വേദനാജനകമാണ്.
അത്യപൂർവ്വമായ രോഗം പിടിപെട്ട കുഞ്ഞുങ്ങൾ ഇരുവരും രണ്ടര വയസ് വരെ മാത്രം ജീവിച്ചിരുന്നുള്ളൂ. വൻകാറ്റും ഘോരമഴയും കയ്യിലെ വിളക്കണക്കുമെന്നു തോന്നിപ്പിച്ചു. പക്ഷെ വിശ്വാസത്താൽ ഓട്ടം തുടർന്നു.
ജീവിതപശ്ചാത്തലത്തിലെ എതിർപ്പുകൾ കൂരമ്പുകളായി എതിർപെട്ടപ്പോഴും ദൈവാശ്രയം ഒട്ടും വിട്ടില്ല. മനസു തകർന്നപ്പോഴും തളർന്നിരുന്നപ്പോഴും തമ്പുരാന് അരികുപറ്റി ഇരിക്കുവാൻ ശ്രമിച്ചു.
ഓട്ടം തുടർന്നു.പിന്നീട് ഒറീസയിലായി പ്രവർത്തനം. അനുഗ്രഹീതമായ സഭകൾ സ്ഥാപിക്കുവാൻ കർത്താവ് കൃപ നല്കി.
രണ്ടായിരത്തി പതിനെട്ടിൽ സ്വപ്നഭൂമിയായ അരുണാചലിൽ ഓടിയെത്തുവാൻ ഇടയായി. മുൻപ് പലപ്പോഴും അരുണാചലിൽ വന്നു മടങ്ങിയിട്ടുണ്ട്. പ്രതീക്ഷയോടെ വരും നിരാശ മൂടി മടങ്ങും. അരുണാചൽ തനിക്കു പറ്റിയ സ്ഥലമല്ലെന്ന ചിന്തയിൽ ഓരോ തവണയും മടങ്ങി.
തുടർച്ചയായി അരുണാചലിൽ പാർക്കുവാനും ഗോത്രവർഗക്കാരെ കൂടെക്കൂട്ടുവാനും തുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുന്നു. സ്വന്തമായി ഒരു വാഹനം പോലുമില്ലെങ്കിലും മൈലുകൾ യാത്ര ചെയ്യുന്നതിന് ഒരു മടിയുമില്ല. പൊതു ട്രാൻസ്പോർട്ടും മറ്റുള്ളവരുടെ വാഹന്നവും ഒക്കെ തക്ക സമയത്ത് ദൈവം നല്കും. കൃത്യമായ ദർശനത്തോടെ ക്രമീകൃതമായ പദ്ധതിയോടെ ശൂന്യതയെ നോക്കി പ്രവർത്തിക്കുവാൻ ഉള്ള വിശ്വാസവും മനക്കരുത്തും തമ്പുരാൻ നല്കിയിട്ടുണ്ട്.
കാറ്റും മഴയും കാണുന്നില്ലെങ്കിലും താഴ്വര വെള്ളം കൊണ്ടു നിറയുമെന്ന് ഈ ഓട്ടക്കാരൻ വിശ്വസിക്കുന്നു. ‘വിശ്വസ ജീവിതമാണല്ലോ ‘ എന്ന എൻ്റെ ചോദ്യത്തിനു നേരിട്ടുത്തരമെത്തി. 2004 മുതൽ 2014 വരെയുള്ള ജീവിതത്തിൽ അത് ഞങ്ങൾ പഠിച്ചിട്ടുണ്ട്.
വിശ്വാസത്തിൻ്റെ അനുഭവങ്ങൾ ഒട്ടനവധിയാണ്.ജീവിതത്തിൽ ഒരുപാട് ത്യാഗങ്ങൾ സഹിക്കുമ്പോഴും കർത്താവിൻ്റെ ത്യാഗങ്ങൾക്കു മുമ്പിൽ താന്നൊന്നുമല്ലല്ലോ എന്നാണ് ജോസഫിൻ്റെ പക്ഷം.
കടുപ്പമേറിയ മാരത്തൺ ഓട്ടത്തിലെ ഓട്ടക്കാരൻ വിളക്കണയാതെ സൂക്ഷിക്കുന്നതു പോലെ വിശ്വാസത്തെ നെഞ്ചേറ്റി ഓടുന്ന പാസ്റ്റർ കെ.ജെ.ജോസഫ് ദൈവം തന്നെ നടത്തിയ വഴികൾ, ഒറീസയിലെയും അരുണാചലിലെയും ജീവിതം, മരണങ്ങളുടെ താഴ്വാരം, സംഭവബഹുലമായ ജീവിതത്തിൻ്റെ നേരനുഭവങ്ങൾ, വടക്കു കിഴക്കുദേശത്തെ കാലാവസ്ഥയും ഭക്ഷണവും ജീവിതത്തെ വട്ടം കറക്കിയ അനുഭവങ്ങൾ തുടങ്ങിയവ നാം അറിയേണ്ടതു തന്നെയാണ്.
K J Joseph: 82815 46815
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്