Unique Stories

കണ്ണുകൾക്കൊട്ടും കാഴ്ചയില്ല; ഫാനി നമ്മൾക്കിടയിൽ ജീവിക്കുന്ന അത്ഭുതം

കോട്ടയം അഞ്ചേരി സ്വദേശിനി ഫാനി ജോസിനെ കൊച്ചു കേരളത്തിലെ ഫാനി ക്രോസ്ബി എന്നു വിശേഷിപ്പിക്കാം. കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും അകക്കണ്ണുകളാൽ കർത്താവിനെ കാണുന്നു, പാടി സ്തുതിക്കുന്നു.

ഫാനി ക്രോസ്ബി എന്ന അതുല്യ വനിതയെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമാകും. അമേരിക്കയിൽ ജനിച്ചു വളർന്ന ഫാനി ക്രോസ്ബി 8000 ലധികം പാട്ടുകളെഴുതിയിട്ടുണ്ട്. അവയൊക്കെത്തന്നെ അനുഗ്രഹീതമായ ഗീതങ്ങളുമാണ്. എനിക്കു പാട്ടും പ്രശംസയും എന്ന ഗാനം മലയാളത്തിൽ പാടുമ്പോൾ നാം ഫാനിയെ ഓർക്കണം, അവർ എഴുതിയ ഗാനമാണത്. ഇത്രമാത്രം ഗാനങ്ങളെഴുതിയ ഈ ദൈവദാസിയുടെ മുന്നിൽ നാം ചെന്നു നിന്നാൽ അവർക്കു നമ്മെ കാണുവാനെ കഴിയുകയില്ല, അവരുടെ കണ്ണുകൾക്ക് കാഴ്ചയില്ലായിരുന്നു. അവർ വിശ്വാസത്താൽ ദൈവത്തെ കാണുകയായിരുന്നു.

കണ്ണുകൾ കൊണ്ട് ഒന്നും കാണാതെ വിശ്വാസത്താൽ ദൈവത്തെ കാണുന്ന ഒരു കൊച്ചു സഹോദരി നമ്മൾക്കിടയിൽ ജീവിക്കുന്നുണ്ട്. കോട്ടയം – അഞ്ചേരിയിൽ പാർക്കുന്ന സിസ്റ്റർ ഫാനി ജോസ്. ഫാനിക്ക് പേരിടുമ്പോൾ മാതാപിതാക്കൾ ഫാനി ക്രോസ്ബിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. അവർ ഏറ്റവും ഇഷ്ടം തോന്നിയ പേര് ഇരട്ടക്കുട്ടികളിലൊന്നായ ഫാനിക്കു നല്കി.

ഫാനിയുടെ മാതാപിതാക്കൾ മസ്കറ്റിൽ ജോലിയിലായിരുന്നു. മകളുടെ സ്കൂൾ വിദ്യാഭ്യാസം കോട്ടയം – കാഞ്ഞിരപ്പള്ളിയിൽ നടത്തി. പിന്നീട് മസ്കറ്റിൽ പാർക്കവേ പതിനഞ്ചാം വയസിൽ ഫാനി പാടി തുടങ്ങിയെങ്കിലും
ഇരുപത്തിരണ്ടാം വയസിൽ മസ്കറ്റിൽ നടന്ന ഒരു ഐക്യ കൂട്ടായ്മയുടെ താലന്ത് മത്സരത്തിൽ ഫാനി ജോസ് പാട്ടിനു മത്സരിച്ചു, അന്ന് സമ്മാനം കിട്ടിയത് ഏറെ പ്രോത്സാഹനമായി. അതിനു ശേഷം അവിടെ പല മീറ്റിംഗുകളിലും  ഫാനിക്ക് അവസരം ലഭിച്ചു. അത് ഒരു വഴിത്തിരിവാകുകയായിരുന്നു.
ഇരുപത്തിമൂന്നാം വയസ്സായപ്പോഴേക്കും വർഷിപ്പ് ശുശ്രുഷകളിൽ സിസ്റ്റർ ഫാനി ജോസ് സജീവമാകുവാൻ തുടങ്ങി.

ഇന്ന്, ഒരു കീബോർഡ് കിട്ടിയാൽ സംഗീത വാസനയുള്ളവർക്ക് ഓൺലൈൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് പഠിക്കാം. ഫാനിക്ക് അതിന് കഴിയില്ലല്ലോ.

പക്ഷെ ആ മകൾ അടങ്ങിയിരുന്നില്ല,
കീബോർഡ് വാങ്ങിപ്പിച്ചു. തനിയെ എങ്ങനെയൊക്കെയോ പഠിക്കാൻ തുടങ്ങി. ദൈവകൃപ എന്നേ പറയേണ്ടു, ഫാനി ജോസ് കീബോർഡ് വായിക്കും പാടുകയും ചെയ്യും. പാസ്റ്റർ റജി മാത്യു
(റജി ശാസ്താംകോട്ട) ഇപ്പോൾ ശുശ്രൂഷിക്കുന്ന അഞ്ചേരി ഇന്ത്യാ ദൈവസഭയിലെ ഗാനശുശ്രുഷയുടെ മുഖ്യകണ്ണിയാണ് ഇപ്പോൾ സിസ്റ്റർ ഫാനി.

ഫാനി ജോസ്: 81379 75237

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page