Unique Stories

ദേശത്തിൻ്റെ നെടുകെയും കുറുകെയും സഞ്ചരിക്കുക; ദൈവം അതിനെ നിനക്കു നല്കും

വയല- പുതുശേരിഭാഗം ചർച്ച് ഓഫ് ഗോഡിലെ യുവസുവിശേഷകൻ ജോബിൻ ഉത്തര ഭാരതത്തിൽ പ്രവർത്തനത്തിനായി പോകുവാനായി പ്രാർത്ഥിച്ചയക്കുന്ന അവസരം പ്രാർത്ഥനക്കിടയിൽ അന്നത്തെ സഭാ സെക്രട്ടറി ജോർജ് മാത്തൻ എന്ന പിതാവ് പ്രാർത്ഥനക്കിടയിൽ ദേശത്തിൻ്റെ നെടുകെയും കുറുകെയും സഞ്ചരിക്കുക; ദൈവം അതിനെ നിനക്കു നല്കും എന്നും പറഞ്ഞിരുന്നു.
ഈ വാക്കുകൾ മനസിൻ്റെ മുകൾത്തട്ടിൽ കിടന്ന് പിടക്കുവാൻ തുടങ്ങി.

അമേഠിയിലെത്തിയ ജോബിൻ ഒരു സൈക്കിൾ വാങ്ങി അഞ്ച് ദിവസം സൈക്കിളിലും ഒരു ദിവസം നടന്നും ദേശത്തിനു നെടുകെയും കുറുകെയും സഞ്ചരിച്ചു. രണ്ടായിരത്തി പതിനഞ്ച് മുതൽ പത്തൊൻപത് വരെ നെടുകയും കുറുകെയും നടന്നിട്ടും ഒന്നും സംഭവിച്ചില്ല. വല്ലാത്ത നിരാശ തോന്നി.

നിരാശയ്ക്ക് വേറെയും കാരണമുണ്ട്. ഒരുപാട് പ്രതീക്ഷയോടെയാണ് കേരളത്തിൽ നിന്നും അമേഠിയിൽ പോകുവാൻ വണ്ടി കയറിയത്. രണ്ട് പരിചയക്കാരെ ആശ്രയിച്ചാണ് അവിടേക്കു തിരിച്ചത്.വാരണസിയിൽ ഒരു സുഹൃത്തിനൊപ്പം വിശ്രമിച്ച് അമേഠിയിലേക്കു തിരിച്ചെങ്കിലും പരിചയക്കാർ പിൻമാറിയതു കാരണം യാത്ര തുടരുവാൻ കഴിഞ്ഞില്ല.’ദൈവമക്കളായ’ അവരെ ഭയം കീഴടക്കി. ദേശത്തു എതിരികളാണ് വളരെ സഖികളില്ലധികം എന്നതായിരുന്നു ഭയത്തിനു കാരണം. ഒരു മാസത്തോളം വാരണസിക്കു സമീപം സുൽത്താൻപൂരിൽ തങ്ങി. ആദ്യമായി ചെല്ലുന്ന ആളിനെ അവിടെ നിന്നവർ ഭയപ്പെടുത്തുക കൂടി ചെയ്താൽ ഉള്ള അവസ്ഥ ഊഹിക്കാവുന്നതെല്ലാ ഉള്ളൂ.
എങ്കിലും അമേഠി വിട്ടു കളഞ്ഞില്ല. അവിടെയെത്തി നാല് വർഷം നെടുകെയും കുറുകെയും നടന്ന കാര്യമാണ് പറഞ്ഞു വന്നത്.

നിരാശയ്ക്കു പിന്നെയും കാരണമുണ്ട്. രണ്ടായിരത്തി ആറിലെ വി.ബി.എസിൽ വില്യം കേറിയുടെ ജീവിതാനുഭവങ്ങൾ കേട്ടാണ് ഉത്തരേന്ത്യ തെരഞ്ഞെടുത്തത്. ഡിഗ്രി പഠനം വരെ നാട്ടിൽ നിന്നു. പിന്നീട് പല സംസ്ഥാനങ്ങൾ സന്ദർശിച്ച് മിഷണറിമാർക്കൊപ്പം പാർത്തു അനുഭവങ്ങൾ സ്വായത്തമാക്കി.ഉദയപൂർ ഫിലാഡെൽഫിയായി പഠിച്ച് എം.ഡിവ് നേടി. ജീവിതത്തിൽ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി വളരെ സമയം ചെലവഴിച്ചിട്ടും ഒരാളിനെപ്പോലും നാല് വർഷം കൊണ്ട് നേടാൻ കഴിയാത്തതും നിരാശയ്ക്കു കാരണമായി. ഭാര്യയും ഭർത്താവും മാത്രമുള്ള സഭായോഗം നാല് വർഷം നടത്തി. ഒടുവിൽ മനസ് മടുത്ത് സഭാ ആസ്ഥാനത്തറിയിച്ചു. ഇവിടം വിടുകയാണ്. മറ്റെവിടേക്കെങ്കിലും മാറാം. കഴിവുള്ള മറ്റാരെങ്കിലും ഇവിടെ പ്രവർത്തിക്കട്ടെ.

അങ്ങനെ വേദനയോടെ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുമ്പോൾ താനൊരു ദൈവശബ്ദം കേട്ടു.
‘കുറച്ചു ദിവസം കൂടി കാത്തിരിക്കുക’ മനസിനൊരാശ്വാസം. നെഞ്ചിലൊരു തണുപ്പ്. വീണ്ടും നെടുകയും കുറുകയും യാത്ര തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആദ്യഫലത്തെ ദൈവം നല്കി.ദീർഘമായ നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നല്കിയ ആത്മീയസമ്മാനവുമായി പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ചു.

ആദ്യഫലം ലഭിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ അറുപത്തിമൂന്ന് പേരെ ജലത്തിൽ സ്നാനപ്പെടുത്തുവാൻ ദൈവം വഴിയൊരുക്കി. എല്ലാവരും കൂടി വന്നാൽ നൂറ്റിനാല്പത് പേരുള്ള ഒരു മെയിൻ ചർച്ചും എഴുപത്തഞ്ച് പേരുള്ള ഒരു ബ്രാഞ്ച് ചർച്ചും ദൈവം അവിടെ നല്കി. ബ്രാഞ്ച് ചർച്ച് മറ്റൊരാൾ ആരംഭിച്ചതാണ്. ഒരു യുവാവിനെ വേദപഠനത്തിനയച്ചു കാത്തിരുന്ന് വളർത്തി മാനസീക പിന്തുണ നല്കി ആ യുവദൈവദാസനിലൂടെയാണ് ബ്രാഞ്ച് ചർച്ച് തുടങ്ങിയത്.

ജോബിൻ ആയിരം രൂപയ്ക്ക് വേണ്ടി ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്തിട്ടുള്ളപ്പോൾ പോലും പ്രാപ്തിയുള്ളവർ കൈമലർത്തിയെങ്കിലും ദൈവം എല്ലാം ഇന്നു വരെ നന്നായി ചെയ്തു. ആവശ്യങ്ങൾ അറിഞ്ഞ് തമ്പുരാൻ കിളിവാതിൽ തുറന്നതിൻ്റെ കഥകൾ ഒട്ടനവധിയാണ്.പണത്തെക്കാൾ അധികം ധൈര്യവും സുരക്ഷയും നല്കിയതിൻ്റെ കഥകളുമുണ്ട്.
ഇരുപത്തൊന്നാം വയസിൽ എരിയുന്നൊരു മനസുമായി വണ്ടി കയറിയവൻ്റെ മുപ്പത്തിയഞ്ചാം വയസിനുള്ളിലെ കഥയാണ് നാം പറഞ്ഞു കൊണ്ടിരിക്കുന്നത്.

ദേശത്തിൻ്റെ നെടുകെയും കുറുകെയുമുള്ള സഞ്ചാരം തുടരുകയാണ്. നട്ട വിത്തുകൾ ഓരോന്നും പൊട്ടിമുളയ്ക്കുന്നതും നോക്കി നടക്കുയാണ് ഈ യുവ സുവിശേഷകൻ.
പാസ്റ്ററായ പിതാവ് ആദ്യത്തെ യാത്രയാക്കുവാൻ വേണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ മകനെ ചേർത്തു പിടിച്ചു പറഞ്ഞു
‘മോനെ നിനക്ക് തന്നു വിടുവാൻ എൻ്റെ കയ്യിലൊന്നുമില്ല; പക്ഷെ ഒരു കാര്യം ചെയ്യാം എന്നും രാത്രിയിൽ ഞാൻ പ്രാർത്ഥിക്കാം’.

കേരളത്തിലെ വിവിധ പാഴ്സനേജുകളിൽ പാർത്ത് ആ ഭക്തൻ വാക്കു പാലിച്ചപ്പോൾ ഭൂമിയിൽ വീണുടഞ്ഞ കണ്ണീർക്കണങ്ങൾ മകൻ്റെ പ്രവർത്തനമേഖലയിൽ വിതറിയ വിത്തുകൾക്ക് ഉപ്പും വെള്ളവുമാവുകയായിരുന്നു. പ്രാർത്ഥനാ നിമിഷങ്ങളിൽ പൊഴിക്കുന്ന കണ്ണീർക്കണങ്ങൾ പെരുകട്ടെ. ഇനിയും വിത്തുകൾ മുളക്കട്ടെ എന്നാഗ്രഹിക്കാം.

ജോബിൻ കെ.ജേക്കബ്: 7905627547

പ്രത്യേക കുറിപ്പ്:
പാസ്റ്റർ ജോബിൻ കെ.ജേക്കബ്
ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10 വരെ നടക്കുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ എത്തുന്നു.
8.40 മുതൽ 9. 10 വരെയുള്ള സമയം തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കും.
MEETING ID: 89270649969
Passcode: 2023

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page