Unique Stories

ദൈവം പ്രാർത്ഥന കേട്ടു;മരണത്തിൻ്റെ കിടക്ക മാറ്റി അതു ദേശത്തിനും വിടുതലായി ഭവിച്ചു

രണ്ടായിരത്തിയെട്ടാമാണ്ടിലെ ഒരു പ്രഭാതത്തിൽ ദൈവസ്നേഹം പങ്കിടുവാനായി ബനഡിക്ട് എന്ന ദൈവദാസൻ വീണ്ടും നടപ്പാരംഭിച്ചു. പലപ്പോഴും കണ്ടിട്ടുള്ള ദൈവത്തെക്കുറിച്ച് പറഞ്ഞു കൊടുത്തിട്ടുള്ള ഒരു മനുഷ്യനോടു അന്നും സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ച് പറഞ്ഞു.
‘അത്രയ്ക്കു സ്നേഹിക്കുന്ന ദൈവമാണെങ്കിൽ എൻ്റെ അമ്മയ്ക്കു ആദ്യം സൗഖ്യം തരിക, എങ്കിൽ ആ ദൈവത്തിൽ വിശ്വസിക്കാം’ എന്നു പ്രതിവചിച്ചു.

വല്ലാത്തൊരു ടാർജറ്റ് ആണ് മുന്നിൽ വച്ചിരിക്കുന്നത്, എങ്കിലും ബനഡിക്ട് പിൻമാറിയില്ല. വരൂ നമുക്ക് പ്രാർത്ഥിക്കാം എന്നു പറഞ്ഞ് ആ വീട്ടിലേക്കു കയറി. ഏകദേശം 65 വയസു വരുന്ന യശോധ എന്ന അമ്മ മരണത്തോടടുക്കുകയാണ്. കിഡ്നി ഫെയിലായി. ഹോസ്പിറ്റലിൽ നിന്നും ഒന്നോ രണ്ടോ ദിവസം മാത്രം കാലാവധി പറഞ്ഞ് മടക്കി അയച്ചതാണ്. അടുത്ത ബന്ധുക്കൾ ഒക്കെ എത്തി. കുറെയധികം പേർ അപ്പോൾ ആ ഭവനത്തിലുണ്ട്. മരണവീടിനു സമമാണ്. ആ അമ്മയുടെ ചുണ്ടിലേക്ക് അടുപ്പമുള്ളവർ അവസാന തുള്ളി വെള്ളം ഇറ്റിച്ചു നല്കുന്നുണ്ട്. ആ അമ്മക്ക് ഇനി അധിക സമയം ഇല്ലാ എന്നു ചുരുക്കം.

ബനഡിക്ട് എന്ന ദൈവദാസന് പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന ആദ്യത്തെ അനുകൂല സാഹചര്യമാണ്. ഇവിടെ മുൻപിൻ നോക്കി നില്ക്കാൻ പറ്റില്ല. രണ്ടായിരത്തി അഞ്ചിലാണ് ഈ ദേശത്ത് ദൈവമയച്ചിട്ട് വന്നത്. അന്നു മുതൽ ആരാധന നടക്കുന്നുണ്ട്. പങ്കെടുക്കാൻ പാസ്റ്റർ ബനഡിക്ടും ഭാര്യയും കൈക്കുഞ്ഞായ മകനും മാത്രം. അങ്ങനെ മൂന്ന് വർഷം കടന്നു പോയി. കണ്ണീരിൻ്റെ കാലമായിരുന്നു. മനസ് നിറയെ സംഘർഷവും ഏകാന്തതയും. ആരും അന്നാട്ടിൽ തുണയായില്ല. ഒന്നു ചേർന്നിരിക്കാനോ ചേർത്തു പിടിക്കാനോ ഒരാൾ പോലുമില്ല. ദൈവീക വാഗ്ദത്തം കേട്ടു വന്നതാണ്. ദൈവം പ്രവർത്തിക്കുമെന്നുമറിയാം. പക്ഷെ, കാലങ്ങൾ ഇത്ര കാത്തിട്ടും ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന തോന്നൽ പ്രതീക്ഷയുടെ ഒരു പുതുനാമ്പ് പോലും കാണുന്നില്ലല്ലോ എന്ന വേദന വല്ലാതെ പാസ്റ്റർ ബനഡിക്ടിനെയും കുടുംബത്തെയും  വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. അതിനു മറ്റൊരു കാരണം കൂടിയുണ്ട്.

വേദപഠനം കഴിഞ്ഞ് നേരെ ഉത്തരഭാരതത്തിലേക്കു പോവുകയല്ലായിരുന്നു അദ്ദേഹം. 94-97 കാലത്ത് പുനലൂർ ബഥേലിൽ നിന്നും പഠനം പൂർത്തീകരിച്ച് ആലപ്പുഴ-പൂച്ചാക്കലിൽ പയനിയർ പ്രവർത്തനം നടത്തി. അഞ്ച് വർഷം കൊണ്ട് അനുഗ്രഹീതമായ ഒരു സഭ സ്ഥാപിച്ചു.കേരളത്തിൽ നല്ലൊരു ട്രാൻസ്ഫർ കിട്ടുവാനുള്ള യോഗ്യത തെളിയിച്ചു നില്ക്കുമ്പോഴാണ് എല്ലാം വിട്ടെറിഞ്ഞ് കൈക്കുഞ്ഞുമായി ഉത്തരേന്ത്യക്കു പോകുവാൻ തീരുമാനിച്ചത്.

നേരെ ഗുജറാത്തിനു പോയില്ല. ഒരു വർഷം ഹരിയാന ഗ്രേസിലും അടുത്തവർഷം ഉദയപൂർ ഫിലാഡെൽഫിയായിലും പഠനം നടത്തി. ഹിന്ദി പഠിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ത്യാഗപരമായ പ്രവർത്തനങ്ങളിലൂടെയാണ് ഗുജറാത്തിൽ എത്തി മൂന്ന് വർഷം കാത്തിരുന്നത്. ആദ്യ നാളുകളിൽ മൂന്ന് മലയാളി കുടുംബംഗങ്ങൾ കൂട്ടായ്മയിൽ സഹകരിച്ചു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം അവർ എല്ലാവരും നാട്ടിൽ പോയി സെറ്റിൽ ആയി.

കേരളത്തിൽ അഞ്ച് വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കു ശേഷം അടുത്ത അഞ്ച് വർഷം ഒന്നുമാകാതെ ജീവിക്കുക. ഒരു സാധ്യതയും കാണുന്നുമില്ല.

അപ്പോഴാണ് മരണവീടിനു സമാനമായ ആ ഭവനത്തിലേക്കു പ്രവേശിക്കുവാൻ അവസരം ലഭിച്ചത്. വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു. ആ തീരുമാനത്തോടാണ് അവിടേക്കു ചെന്നതു തന്നെ. മൂന്നു വർഷത്തെ കാത്തിരിപ്പിൽ മുഴുവൻ പ്രാ‌ർത്ഥനയായിരുന്നു. ദൈവം പുതിയതൊന്നു ചെയ്യേണമേ എന്ന പ്രാർത്ഥന.

പാസ്റ്റർ ബനഡിക്ട് പ്രാർത്ഥിച്ചു. ദൈവം പ്രാർത്ഥന കേട്ടു. അത്ഭുതം സംഭവിച്ചു. മരണത്തിലേക്കു പൊക്കോണ്ടിരുന്ന മാതാവ് ജീവങ്കലേക്കു തിരിച്ചു വന്നു. ആ അത്ഭുതം അന്നു വരെയുള്ള ചരിത്രം മാറ്റിയെഴുതി. ആ ഭവനം മാത്രമല്ല ഗ്രാമം അവരെ നെഞ്ചോടു ചേർത്തു നിർത്തി. അടുത്ത ഗ്രാമങ്ങളിലും ശ്രുതി പടർന്നു.ഓരോ ഗ്രാമങ്ങളും പിന്നെ അവരെ വിളിച്ചു പ്രാർത്ഥിപ്പിക്കുവാൻ തുടങ്ങി.

ക്ഷമാപൂർവ്വം കാത്തിരുന്നപ്പോൾ ദൈവത്തിൻ്റെ പ്രവർത്തനം തുടങ്ങി. പിന്നീടുള്ള വർഷങ്ങൾ അത്ഭുതകരമായ അനവധി പ്രവർത്തനങ്ങളാണ് നടന്നത്.

കൊല്ലം അഷ്ടമുടി സ്വദേശിയായ പാസ്റ്റർ ബനഡിക്ട് വീട്ടിലെ ഇളയ മകനാണ്. കുടുംബ കാര്യങ്ങൾ നോക്കി നാട്ടിൽ നില്കേണ്ടവനാണ്. അപ്പനും അമ്മയിൽ നിന്നും അധികം അകലമല്ലാതെ പാർത്ത് പാസ്റ്ററായി പ്രവർത്തിക്കേണ്ടതാണ്. എന്നാൽ ഉള്ളിൽ ദൈവം നല്കിയ നിയോഗത്തിനു മുന്നിൽ മനസു പിടച്ചു കൊണ്ടിരുന്നു. പൂച്ചാക്കൽ വിജയകരമായി നടത്തിയ പ്രവർത്തനത്തിൻ്റെ തുടർച്ചയുമായി ഇവിടൊക്കെ പറ്റിക്കൂടാമായിരുന്നിട്ടും ദൈവാലോചനയുടെ മുന്നിൽ ഇടംവലം നോക്കാതെ ഇറങ്ങിത്തിരിച്ചു. വിശ്വാസത്തോടു യാത്ര ചെയ്തു.
കാത്തിരുപ്പുകൾ വേണ്ടി വന്നെങ്കിലും തമ്പുരാൻ അത്ഭുതങ്ങൾ ചെയ്യുന്നത് കണ്ണുകൊണ്ട് കണ്ടനുഭവിക്കുവാൻ ഇടയായി. ഭാര്യ സൗമിക്കും മക്കൾ ഫെയ്ത്തിനും കെസിയായ്ക്കുമൊപ്പം ദൈവമയച്ച ദേശത്ത് ഇന്നും ദൈവപ്രവൃത്തിയുടെ ആഴങ്ങൾ അറിഞ്ഞു ജീവിക്കുന്നു.

പാസ്റ്റർ ബനഡിക്ട് ബാബു: 94270 80501

You cannot copy content of this page