കൃത്യമായ ദർശനം അതുല്യമായ പ്രവർത്തനം പാസ്റ്റർ പി.എം.ജോയി എന്ന അനുഗ്രഹീത ശുശ്രൂഷകൻ
ഇത്രയധികം വർഷം ഒരേ സഭയുടെ സീനിയർ പാസ്റ്ററായിരിക്കുക അവിടെയുള്ള എല്ലാവരെയും ചേർത്തു നിർത്തുക എല്ലാവർക്കും ഏറ്റവും പ്രീയപ്പെട്ടവനായിരിക്കുക അതൊക്കെയാണ് പാസ്റ്റർ പി.എം.ജോയി.
1981 ൽ എ.ജി.മലയാളം ഡിസ്ട്രിക്ടിൻ്റെ അംഗീകാരത്തോടെ ആരംഭിച്ച ബഹ്റിൻ എ ജി സഭയുടെ സീനിയർ പാസ്റ്ററാണ് പി.എം.ജോയി. 28 പേരാണ് ആദ്യ ആരാധനയിൽ സംബന്ധിച്ചത്. പിന്നീട് നൂറ് കണക്കിന് ആളുകൾ രക്ഷിക്കപ്പെടുന്നതിനും സ്നാനപ്പെടുന്നതിനും സഭ മുഖാന്തിരമായി. ലോകത്തെ മിക്ക രാജ്യങ്ങളിലും ബഹ്റിൻ സഭയിൽ നിന്നും പോയ സുവിശേഷകരുണ്ട്.
വ്യക്തമായ ദർശനവും കൃത്യമായ നിയോഗവും തിരിച്ചറിഞ്ഞ് അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന ക്രിസ്തു ശിഷ്യനാണ് പാസ്റ്റർ പി.എം.ജോയി. ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നതിൽ ശ്രദ്ധേയമായ മാതൃകയുമാണ് അദ്ദേഹം.
പത്തനംതിട്ട വാര്യാപുരത്ത് നിന്നും കൊല്ലം അഞ്ചലിൽ വന്ന് പാർത്ത കുടുംബം അനുഗ്രഹിക്കപ്പെട്ട സുവിശേഷ കുടുംബമായിരുന്നു. അഞ്ചൽ എ ജി സഭയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന കുടുംബത്തിൽ നിരവധി സുവിശേഷകരുണ്ട്. പാസ്റ്റർ പിഎം.ജോയി പഠനാനന്തരം ജോലിക്കായി മധ്യപ്രദേശിനു പോയി റായ്പൂരിലെത്തിയ അദ്ദേഹം വാര്യാപുരം കാരനായ പ്രമുഖ സുവിശേഷകൻ പാസ്റ്റർ പി.എസ്.സാമുവേലിനൊപ്പം പാർത്തു.വാര്യാപുരം യോഹന്നാച്ചൻ എന്ന അനുഗ്രഹീതനായ ദൈവദാസൻ്റെ മൂത്ത സഹോദരനായിരുന്നു പാസ്റ്റർ പി.എസ്.സാമുവേൽ.
മനസ് നിറയെ സുവിശേഷമുള്ളതിനാൽ പാസ്റ്റർ പി.എം.ജോയി എവിടെ പോയാലും സുവിശേഷവേലയുടെ ഭാഗമാകുമായിരുന്നു. അത് റായ്പൂരിലും തുടർന്നു. പിന്നീട് ജോലി സംബന്ധമായി ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലായി പാർത്ത ഭിലായ്, ഭോപ്പാൽ, കോട്ട, കണ്ട്ല തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സഭകളോട് ചേർന്നു പ്രവർത്തിച്ചു വന്നു. ഒമ്പത് വർഷത്തെ ഉത്തരേന്ത്യൻ ജീവിതത്തിനു ശേഷം 1976 ൽ ബഹ്റിനിൽ എത്തി. ആ സമയത്ത് രണ്ട് പെന്തക്കോസ്ത് സഭകളായിരുന്നു ബഹ്റിനിൽ ഉണ്ടായിരുന്നത്. ബഹ്റിൻ പെന്തക്കോസ്തൽ അസംബ്ലിയിൽ ചേരുകയും ആ വർഷം തന്നെ അവിടെ സഹശുശ്രുകനായി നിയോഗിക്കുകയും ചെയ്തു. 48 വർഷമായി ബഹ്റിനിൽ ശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്ന പാസ്റ്റർ പി എം ജോയി നേതൃത്വം നല്കി ആരംഭിച്ച ബഹ്റിൻ എ ജിയുടെ സീനിയർ ശുശ്രുഷകനായി 44 വർഷമായി തുടരുന്നത് ദൈവവും ജനവും തന്നെ അത്രമാത്രം സ്നേഹിക്കുന്നതിൻ്റെ നേരടയാളമാണ്.
മൂന്ന് മക്കളാണ് പാസ്റ്റർക്ക് അതിൽ രണ്ട് പേരും ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. മൂത്ത മകൾ കുടുംബമായി ബാംഗ്ലൂരിൽ താമസിച്ച് ജോലിക്കൊപ്പം സുവിശേഷ പ്രവർത്തനത്തിൽ ആയിരിക്കുന്നു. ഐ.റ്റി.മേഖലയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന ഡെന്നി സാമിനെ കമ്പനി അമേരിക്കയിലേക്കയച്ചു. അവിടെ ഏറ്റവും തിളക്കമാർന്ന പദവിയും സ്ഥിരതാമസവും ഒക്കെ അനുവദിച്ചെങ്കിലും മനസ് നിറയെ ബാംഗ്ലുരിൽ സ്ഥാപിച്ച സഭയും അവിടെ നടത്തിവന്ന പ്രവർത്തനവും നിറഞ്ഞു വന്നപ്പോൾ തിരികെ ബാംഗ്ലൂരിൽ തന്നെയെത്തി ജോലിയും സഭാ പ്രവർത്തനവും തുടരുന്നു.
ഏക മകൻ പിതാവിനൊപ്പം മികച്ച ജോലിയോടെ ബഹ്റിനിൽ പാർത്തു വരവെ ദൈവം ഇന്ത്യയിലെ സുവിശേഷകനായി വിളിച്ചു. താൻ പടകും വലയും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി. ബാംഗ്ലൂർ എസ്.എ.ബി.സിയിൽ പഠിച്ചനന്തരം ലക്നൗവിൽ പിതാവിൻ്റെ ജ്യേഷ്ഠൻ പാസ്റ്റർ പാപ്പി മത്തായിക്കൊപ്പം ചില വർഷങ്ങൾ യൂത്ത് പാസ്റ്ററായി പ്രവർത്തിച്ചു. ഇപ്പോൾ കുടുംബമായി ഒരു പയനിയർ വർക്കിൽ ഏർപ്പെട്ടു വരുന്നു. ഇളയ മകൾ യു.എസിൽ പാർക്കുന്നു.
പാസ്റ്ററുടെ ശുശ്രൂഷയിൽ തോളോടു തോൾ ചേർന്നു നിന്ന ഭാര്യ മേഴ്സി ജോയി (മേഴ്സി ആൻ്റി) യുടെ സംഭാവനകൾ വിലപ്പെട്ടതാണ്. പാസ്റ്ററുടെ ജോലിത്തിരക്കുകൾ സഭയെ ബാധിക്കാതെയിരുന്നതിൽ ആൻ്റി വഹിച്ച പങ്ക് ഏവരും ഇന്നും സ്മരിക്കുന്നു. തക്ക തുണ എന്നതിൻ്റെ ശ്രേഷ്ഠ ഉദാഹരണമായാണ് മിക്കവരും മേഴ്സിയാൻ്റിയെ ചൂണ്ടി കാണിച്ചിരുന്നത്. 2023 ഫെബ്രുവരി 25 ന് നിത്യതയിൽ ചേർക്കും വരെയും സുവിശേഷ പോർക്കളത്തിൽ ഉജ്വല പോരാളിയായി നില്ക്കുവാൻ ദൈവം തന്നോടു കൃപ കാണിച്ചു.
ജോലിയോടൊപ്പം സുവിശേഷ പ്രവർത്തനം അതും സഭാ പരിപാലനം ഏറെ ശ്രമകരമാണ് എങ്കിലും പാസ്റ്റർ പി.എം.ജോയി അത് വിജയകരമായി നയിക്കുന്നതിൻ്റെ അതുല്യ മാതൃകയാണ്. സഭയിലെ ഒരാവശ്യം പോലും ചെറുതായി കാണുകയോ മാറ്റി വയ്ക്കുകയോ ചെയ്യാതെ പ്രഥമ പരിഗണന എല്ലാത്തിനും നല്കി ഇത്രത്തോളമെത്തുവാൻ ദൈവം സഹായിച്ചു. ദൈവകൃപയാണ് എല്ലാത്തിനും കാരണമെന്ന് ഒറ്റ വാക്കിൽ അദ്ദേഹം പറയുന്നു. സഭാ ജനങ്ങളെ ദൈവദാസൻ ചേർത്തു പിടിച്ചതിലും അധികം സഭ പാസ്റ്റർ പി.എം.ജോയിയെ ചേർത്തു നിർത്തി എന്നു തോന്നിപ്പോകും. ‘ഊടും പാവും’ പോലെയുള്ള ആ രസതന്ത്രം രാജസ്ഥാൻ ആറ്റമിക് പവർ പ്രോജക്ടിൽ ജോലി ചെയ്തിരുന്നതിനേക്കാൾ വലിയ രസതന്ത്രം തന്നെയായിരുന്നു കാണും, അതാണ് ദൈവകൃപ എന്നു പറയുന്നത്.
44 വർഷവും സഭ ഒന്നിച്ച് നില്ക്കുകയും അകത്തും പുറത്തും ആയിരങ്ങൾക്ക് ആശ്വാസമാവുകയും ചെയ്യുന്നത് അപൂർവ്വകാര്യമല്ല. അത് വലിയൊരനുഗ്രഹമാണ്. ഇത്രകാലം ഒരേ സഭയെ നയിക്കുവാൻ കഴിയുന്നതും ഒരു അത്ഭുതമാണ്. പാസ്റ്റർ പി.എം.ജോയിയിൽ നിന്നും അറിയുവാനും പഠിക്കുവാനും ഏറെയുണ്ട്. അതിനു പുതിയ കാലം ശ്രമിക്കേണ്ടതുമാണ്.
പാസ്റ്റർ പി.എം.ജോയി അനുഭവവും സന്ദേശവും പങ്കു വയ്ക്കുവാൻ നവംബർ 3 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മണിക്ക് തുടങ്ങുന്ന ഹൃദയസ്പർശം പ്രോഗ്രാമിൽ നമ്മൾക്കൊപ്പം ചേരുന്നു.
ഇന്ന് നിലയ്ക്കാത്ത പ്രാർത്ഥനയുടെ നാനൂറാമത് ( 400) ദിവസം കൂടിയാണ്.
ഈ ദിനത്തിലെ പ്രത്യേക വ്യക്തിയും സന്ദേശവും പാസ്റ്റർ പി.എം.ജോയിയാണ്.
വരിക, നമുക്കൊന്നിച്ച് ആ ദൈവദാസനിൽ നിന്നുമുള്ള ദൈവാലോചന ശ്രവിക്കാം.
ദൈവത്തിനു നന്ദി കരേറ്റാം.
സ്നേഹിതർ, പ്രീയപ്പെട്ടവർ, സഭാംഗങ്ങൾ തുടങ്ങിയവരെക്കൂടി ക്ഷണിക്കാനും ഓർക്കുമല്ലോ.
ലിങ്ക് /iD – പാസ്കോഡ് ശ്രദ്ധിക്കുക.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
MEETING ID: 89270649969
Passcode: 2023
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്