മുപ്പത്തേഴാം വയസിൽ പിതാവ് മരണക്കിടക്കയിൽ വച്ച് വേദപുസ്തകം കൈമാറി നാല് മാസം മാത്രം പ്രായമായ മകനെ ശുശ്രുഷക്കായി പ്രാർത്ഥിച്ചു സമർപ്പിച്ചു; പിന്നീട് ആ മകന് സംഭവിച്ചത്

തൃശൂർ ജില്ലയിലെ ചാലിശ്ശേരി ഐ.പി.സി സഭയിൽ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സി.കെ.ഇട്ടിയിരക്ക് മുപ്പത്തേഴ് വയസായപ്പോഴേക്കും മരണാസന്നനായി. മരണക്കിടക്കക്കരികിൽ ഭാര്യ റോസി നാല് മാസം മാത്രം പ്രായമായ നാലാമത്തെ കുഞ്ഞിനെയും മടിയിലിരുത്തി ശുശ്രൂഷിക്കുകയായിരുന്നു. മരണം അടുത്തെത്തി എന്നുറപ്പായപ്പോൾ പാസ്റ്റർ ഇട്ടിയിര തൻ്റെ ബൈബിൾ നാല് മാസം മാത്രം പ്രായമായ മകൻ്റെ കയ്യിലേക്ക് നല്കിയിട്ട് തൻ്റെ തുടർച്ചക്കാരനായി സമർപ്പിച്ചു പ്രാർത്ഥിച്ചനന്ദരം ആയിരത്തി തൊള്ളായിരത്തി എൺപത് നവംബർ ഇരുപത്തിനാലിന് നിത്യതയിലേക്ക് യാത്രയായി.
നാല് കുഞ്ഞുങ്ങളുമായി മാതാവ് സിസ്റ്റർ റോസി വിശ്വാസയാത്ര തുടർന്നു. മുതിർന്ന സഹോദരിമാരെയും കൂട്ട് പിടിച്ച് ആ അമ്മ സുവിശേഷ പ്രതികൾ വിതരണം ചെയ്തും പരസ്യയോഗം നടത്തിയും ജീവിതം തുടർന്നു. പ്രാരാബ്ധങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും സ്വർഗത്തിലെ അപ്പച്ചൻ അന്നന്നു വേണ്ട മന്ന നല്കി പോഷിപ്പിച്ചു.
മക്കളിൽ ഇളയവനായ ജോസഫ് ചീരൻ ദൈവീക ശുശ്രൂഷക്കായി സമർപ്പിക്കപ്പെട്ടവനെങ്കിലും ദൈവവിളിക്കായി കാത്തിരിപ്പ് തുടർന്നു.
അതുവരെ പഠനം തുടരാം എന്ന ചിന്തയിൽ ഡ്രാഫ്റ്റ്സ്മാൻ & സിവിൽ പഠനത്തിനു ചേർന്നു തുടർന്ന് ബാംഗ്ലൂരിൽ ജോലിയും കിട്ടി. മെട്രോ നഗരത്തിൽ നല്ല ജോലിയും സുഖജീവിതവും നയിക്കുന്നതിനിടയിൽ ദൈവം തന്നെ പൂർണ സമയ ശുശ്രൂഷക്കായി വിളിച്ചു.
ബാംഗ്ലൂരിൽ വേദപഠനം നടത്തുവാൻ പലരും നിർദ്ദേശിച്ചെങ്കിലും പിതാവ് പഠിച്ച കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജിൽ പഠിച്ച് ബി.ടി എച്ച് നേടി. തുടർന്ന് എം.ഡിവ് പഠനത്തിനായി ഉദയപൂർ ഫിലാഡെൽഫിയ ബൈബിൾ കോളേജിലെത്തി. പഠനം പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തി ശുശ്രൂഷയിൽ പ്രവേശിക്കുവാനായിരുന്നു ആഗ്രഹം. ഫീസടക്കുവാൻ പോലും വേണ്ടത്ര കാശ് കയ്യിലില്ലായിരുന്നു ഈ മുൻ ഉദ്യോഗസ്ഥന്. കുറച്ചൊക്കെ ഫീസ് പലർ സഹായിച്ചു. ബാക്കി ചിലവുകൾക്കു വേണ്ടി കോഴ്സിനു ശേഷം ഒരു വർഷം ബോണ്ട് ചെയ്യുവാൻ തീരുമാനിച്ചു, അങ്ങനെ പഠനത്തിനു ശേഷം തുടർന്ന ആ ഒരു വർഷം ജോസഫ് ചീരൻ എന്ന ദൈവദാസൻ്റെ കാഴ്ചപ്പാടുകളെ ദൈവം മാറ്റി മറിച്ചു. കേരളത്തിലേക്കു മടങ്ങുവാനുള്ള തീരുമാനം മാറി.രാജസ്ഥാനിൽ തുടരുവാനുള്ള തീരുമാനവുമായി ദൈവസന്നിധിയിൽ മുഴങ്കാൽ മടക്കി. പ്രാർത്ഥനയുടെ ദിനങ്ങൾ തുടർന്നു. പുതിയൊരു തുടക്കത്തിന് വേറിട്ടൊരു ഒരുക്കത്തിനായി അപ്പൻ്റെ പാദപീഠമണഞ്ഞു.
ലളിതമായിരുന്നില്ലെന്നു മാത്രമല്ല അത്യന്തം കഠിനവുമായിരുന്നു രാജസ്ഥാൻ ജീവിതം. നാനൂറോളം പേർ വളഞ്ഞിട്ട് ഏഴ് പേരെ കന്നുകാലികളെ തല്ലുന്നതു പോലെ മണിക്കൂറുകൾ തല്ലിയതുൾപ്പെടെ അടിയും ഇടിയും കൊണ്ട പല അനുഭവങ്ങൾ.പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയതും മനസിനെ വല്ലാതെ മുറിവേൽപ്പിച്ചതുമായ നിമിഷങ്ങൾ. ആൾക്കൂട്ടം വളഞ്ഞു വച്ചു ഭീഷണിപ്പെടുത്തിയിടത്തു നിന്നും അത്ഭുതകരമായി വിടുവിക്കപ്പെട്ട സംഭവം ഉൾപ്പെടെ നിരവധി എതിരുകൾക്കു നടുവിലും സ്വർഗീയ പിതാവിൻ്റെ വാത്സല്യം നുകർന്ന ജീവിതമാണ് പാസ്റ്റർ ജോസഫ് ചീരൻ്റെയും കുടുംബത്തിൻ്റെതും.
അമ്മയുടെ മടിയിലിരുന്ന നാല് വയസുകാരനെ ദൈവത്തിനു പിതാവ് സമർപ്പിച്ച നിമിഷം മുതൽ ഇക്കാലമത്രയും തന്നെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്തണച്ച പിതാവിൻ്റെ സ്നേഹമാണ് കാഠിന്യമേറിയ സന്ദർഭങ്ങളെ അതിജീവിക്കുവാൻ തനിക്ക് കരുത്തായത്.
പാസ്റ്റർ ജോസഫ് ചീരൻ ആഗസ്റ്റ് 31 ഞായർ രാത്രി 8 മണി മുതലുള്ള ഹൃദയസ്പർശത്തിൽ നമ്മൾക്കൊപ്പം ചേരുന്നു. രാത്രി 8.15 മുതൽ 9 മണി വരെ ദൈവം തന്നെ നടത്തിയ വിധങ്ങൾ നമ്മളുമായി പങ്കു വയ്ക്കും. തീവ്രമായ അനുഭവങ്ങൾ നിറഞ്ഞ ജീവിതം ബാല്യത്തിലെ കഷ്ടതകൾക്കും യൗവ്വനത്തിലെ ചിന്താകുലങ്ങൾക്കും പിന്നീടുള്ള പഠന – ശുശ്രൂഷാ കാലയളവിലെ ഇല്ലായ്മകൾക്കും കടുത്ത വെല്ലുവിളികൾക്കും നടുവിലൂടെ എങ്ങനെ നടന്നു നീങ്ങിയെന്നത് നാം അറിയണം. ആ അത്ഭുത വഴികളും തീക്ഷ്ണമായ വിശ്വാസയാത്രയും നമ്മുടെ സിരകൾക്കു പുത്തൻ ആവേശം പകരും.
മറക്കരുത്; ഞായർ രാത്രി 8 മണിക്ക് തന്നെ ജോയിൻ ചെയ്യണം. പ്രിയപ്പെട്ടവരെയും കൂട്ടുകാരെയും സഭാ മിത്രങ്ങളെയും ക്ഷണിക്കണം. ആരുമില്ലെന്നു തോന്നുന്നവർക്ക് നാലാം മാസത്തിൽ പിതാവ് നഷ്ടപ്പെട്ട മകനെ ദൈവം നടത്തിയ വഴികൾ അറിയുന്നത് ആവേശം പകരും.
ആഗസ്റ്റ് 31 ഞായർ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഹൃദയസ്പർശത്തിൽ
നമുക്കൊന്നിക്കാം.
ലിങ്ക് /iD – പാസ്കോഡ് ശ്രദ്ധിക്കുക.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
MEETING ID: 89270649969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്