കടുത്ത രോഗാവസ്ഥകൾ അവക്കിടയിലെ വിശ്വാസ ജീവിതം പിന്നെ നാഥൻ്റെ മാർവ്വിൽ നിന്നും പ്രാപിച്ച ആശ്വാസവും പാസ്റ്റർ ജിജി എബ്രഹാമിൻ്റേത് തീവ്രമായ അനുഭവങ്ങൾ

പാസ്റ്റർ ജിജി എബ്രഹാം ഉജ്ജയിനിയിൽ പിന്നിട്ടത് ഒന്നരപ്പതിറ്റാണ്ട്. ഈ കാലത്തെ രണ്ട് നാഴികയായി തിരിക്കാം. ഒന്നാം നാഴികയിൽ എട്ട് വർഷങ്ങൾ ഉണ്ട്. അമ്പലങ്ങളുടെ നാട്ടിലേക്ക് ദൈവമയച്ചിട്ടാണ് രണ്ടായിരത്തിപത്തിൽ പാസ്റ്റർ ജിജിയും കുടുംബവും എത്തിയത്. ഉത്തരേന്ത്യയേക്കുറിച്ചുള്ള നല്ല ആത്മഭാരം മനസിൽ നിറഞ്ഞു നിന്നതിനാലാണ് കേരളത്തിൽ സഭാ ശുശ്രൂഷയിലായിരുന്ന പാസ്റ്റർ ജിജി വീണ്ടും ഉത്തരേന്ത്യയിലേക്കയക്കണമേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചത്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് മുതൽ അഞ്ച് വർഷം ഇൻഡോറിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രാരംഭകാലത്ത് ദൈവത്തിൻ്റെ അത്ഭുതങ്ങൾ കണ്ടിട്ടുമുണ്ട്. കാര്യമായ പിന്തുണ ചുറ്റും നിന്നും ലഭിക്കാതെ വരുമ്പോൾ സ്വർഗം നേരിട്ടിറങ്ങി വരുന്ന സന്ദർഭങ്ങൾ ഉണ്ടാവാറുണ്ടല്ലോ. അന്നു വരെ അറിയുകയോ, കാണുകയോ ചെയ്യാത്തവരിൽ കൂടി, ഒരിക്കലും തുറക്കുവാൻ സാധ്യതയില്ലാത്ത വാതിലുകൾ മലർക്കെ തുറന്നു തരുന്ന അനുഭവങ്ങൾ നിരവധിയാണ് ആ കാലത്ത് അനുഭവിച്ചത്. അത് അതിരാവിലെ ചായയ്ക്ക് ആവശ്യമുള്ള ചായപ്പൊടി മുതൽ ആരാധന നയിക്കാൻ ആവശ്യമായ ഇടങ്ങൾ വരെ ഒരുക്കിയ വഴികൾ ഓർക്കുമ്പോൾ ഇന്നും അത്ഭുതമാണ്.
പിന്നീട് ചെറിയൊരു കാലം കേരളത്തിൽ പ്രവർത്തിക്കേണ്ടി വന്നെങ്കിലും നെഞ്ചിൽ എരിവായി നിന്നത് ഉത്തരേന്ത്യ തന്നെയാണ്. ആ എരിവിൽ നിന്നുമാണ് വീണ്ടും ദൈവം അയച്ചപ്പോൾ അമ്പലങ്ങൾക്കിടയിൽ ദൈവത്തിൻ്റെ നാവായി തീരുവാൻ പുറപ്പെട്ടത്.
കാണിപ്പാനിരിക്കുന്ന ദേശത്തെത്തി കണ്ടപ്പോൾ വല്ലാത്ത വിസ്മയമായിരുന്നു. മല്ലന്മാരുടെ ഇടയിൽ എന്താണ് ചെയ്യുക? എങ്ങനെയാണ് ചെയ്യുക? വേവലാതികൾ പലതുണ്ടായിട്ടും യാതൊരു ആവലാതിയും പറയാതെ പ്രാർത്ഥനാ നിരതമായി പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആദ്യത്തെ എട്ടുവർഷങ്ങൾ വിവിധ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു, വിശ്വാസ അനുഭവത്തിലേക്ക് വന്നവരിൽ നിന്നും സുവിശേഷകരെയും കണ്ടെത്തുവാൻ തുടങ്ങി. കാലങ്ങൾ പലത് പിന്നിട്ടു, ദൈവത്തിൻ്റെ അത്ഭുതങ്ങൾ കണ്ടു. പലരും സുവിശേഷകരായി സഭകൾ സ്ഥാപിച്ചു.
അങ്ങനെ ഇരിക്കവെ രണ്ടായിരത്തി പതിനെട്ടൊക്കെ ആയപ്പോഴേക്കും സന്തോഷകരമായ അവസ്ഥകൾക്കൊപ്പം വേദനകളും കൂടെ കൂടി. ഒന്നാം നാഴികയിലും പട്ടിണിയും ദാരിദ്ര്യവും പീഡനങ്ങളും ഒറ്റപ്പെടലും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ ശാരീരികവും മാനസികവും ആത്മിയവുമായി നേരിടുവാൻ കഴിയുന്ന കരുത്തിനെ തകർക്കുവാൻ പിശാച് പാസ്റ്റർ ജിജിയുടെ ശരീരത്തെ തൊട്ടു.
ആദ്യം കണ്ണിനെയാണ് പിടിച്ചത്. അക്ഷരങ്ങൾ മുതൽ ആത്മാക്കളെ വരെ നേടുവാൻ കണ്ണിനു നല്ല ബലം വേണമല്ലോ. ചുറ്റുപാടും കാണാതിരിക്കാനും ബൈബിൾ വായിക്കാതിരിക്കാനും കഴിയാത്തൊരവസ്ഥ സൃഷ്ടിച്ചാൽ അദ്ദേഹം കൂനിക്കൂടി വീട്ടിലിരിക്കും എന്നായിരിക്കും കരുതിയത്.
കാഴ്ചയ്ക്ക് മങ്ങലേറ്റു തുടങ്ങിയത് ക്രമേണ വലിയ പ്രശ്നമായി മാറി. ഇടതു കണ്ണിനു മൂന്നും വലതു കണ്ണിന് രണ്ടും ഓപ്പറേഷൻ വിവിധ സമയങ്ങളിലായി ചെയ്യേണ്ടി വന്നു. പൂർണമായും കാഴ്ച നഷ്ടപ്പെട്ടു ഒരു മാസത്തിലധികം പരസഹായമില്ലാതെ അനങ്ങുവാൻ പോലും കഴിയാത്ത അവസ്ഥയിലൂടെ കടക്കേണ്ടിയും വന്നു.
പിന്നീട് കാലിനും ഹൃദയത്തിനും രോഗം പിടിമുറുക്കി, ജീവിതത്തെ വരിഞ്ഞുമുറുക്കി വിശ്വാസത്തിൽ നിന്നും അടർത്തിക്കളയുവാൻ ശ്രമമുണ്ടായി. എന്നാൽ കഷ്ടതകളുടെ പാരമ്യങ്ങളിലും ഒരിറ്റു വിശ്വാസം ചോരാതെ പാസ്റ്റർ ജിജി ദൈവത്തെ മുറുകെ പിടിച്ചു.
പരീക്ഷകളുടെയും ശോധനകളുടെയും രണ്ടാം നാഴികയിലൂടെയാണ് ഇപ്പോഴും യാത്ര. കാഴ്ചയ്ക്കും നടപ്പിനും പ്രശ്നമുണ്ട്. ഹൃദയത്തിലും ആൻജിയോപ്ലാസ്റ്റി ചെയ്ത് താങ്ങ് നല്കിയിട്ടുണ്ട്. ഇതിനിടയിൽ കൊവിഡ് ഭീകരമായി വേട്ടയാടി. അങ്ങനെ ശരീരത്തെ വരിഞ്ഞുമുറുക്കി ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ച തന്ത്രങ്ങളോട് വിശ്വാസത്തോടെ പ്രാർത്ഥനയിലൂടെ മറികടക്കുന്ന അതിജീവനത്തിൻ്റെ കഥയാണ് പാസ്റ്റർ ജിജിയുടെ ജീവിതം.
പാസ്റ്റർ ജിജി സെപ്തംബർ 7 ഞായറാഴ്ച നമ്മൾക്കൊപ്പം ചേരുന്നു. ജീവിത നാൾവഴികളിൽ അഭിമുഖീകരിക്കേണ്ടി വന്ന നാഴികളെ നമ്മളുമായി പങ്കു വയ്ക്കുന്നു. മിഷൻ അനുഭവങ്ങളും അതിനിടയിലെ കടുത്ത രോഗാവസ്ഥകളും അവക്കിടയിലെ വിശ്വാസ ജീവിതവും പിന്നെ നാഥൻ്റെ മാർവ്വിൽ നിന്നും പ്രാപിച്ച ആശ്വാസവും നാം കേൾക്കേണ്ടതാണ്.
ഞായർ ഇന്ത്യൻ സമയം 8 മണി മുതൽ ആരംഭിക്കുന്ന മീറ്റിംഗിൽ 8.10 മുതൽ 8.55 വരെയാണ് പാസ്റ്റർ ജിജി എബ്രഹാം സാക്ഷ്യം പങ്കു വയ്ക്കുന്നത്. മറക്കാതെ വരിക, പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുക.
സ്നേഹിതർക്കും ഈ കുറിപ്പും ലിങ്കും അയക്കുക. അവരെയും വ്യക്തിപരമായി ക്ഷണിക്കുക.
ഈ ലിങ്ക് / പാസ്കോഡ് വഴി മീറ്റിംഗിൽ കയറാം
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്