ക്രൈസ്റ്റ് കിഡ്സ് കേരള എക്സലൻസ് അവാർഡ് ഇവാനിയ ഏയ്ഞ്ചലിന്

ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പ്രചോദനത്തിൽ മലയാളം – മലബാർ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന പയനിയർ സഭകളിലെ കുട്ടികളിൽ നിന്നും മികവു പുലർത്തുന്ന കുട്ടികൾക്ക് ഏർപ്പെടുത്തിയ ‘ക്രൈസ്റ്റ് കിഡ്സ് കേരള എക്സലൻസ് അവാർഡ്’ ഈ വർഷം ഇവാനിയ ഏയ്ഞ്ചലിന് ലഭിച്ചു. തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിള എ ജി സഭാ ശുശ്രുഷുകൻ പാസ്റ്റർ വി.എസ്.വൈശാഖിൻ്റെയും ഷൈനിയുടെയും മൂത്ത മകളാണ് ഇവാനിയ.

അസംബ്ലീസ് ഓഫ് ഗോഡ് തിരുവനന്തപുരം മേഖലാ സൺഡേസ്കൂൾ നടത്തിയ ‘വേർഡ് ഫെസ്റ്റിൽ’ 30 മിനിട്ട് കൊണ്ട് 505 വാക്യങ്ങൾ മന:പാഠം ചൊല്ലി ഒന്നാം സ്ഥാനത്തെത്തിയ മികവിനാണ് ഇവാനിയ എന്ന ഏഴ് വയസ് കാരിക്ക് അവാർഡ് നല്കിയത്. കഴിഞ്ഞ വർഷവും ഇവാനിയ ഒന്നാം സ്ഥാനം നേടിയിരുന്നു.
അവധിക്കാലങ്ങളിൽ കുട്ടികൾ വേദവാക്യങ്ങൾ മന:പാഠമാക്കുവാൻ എ ജി തിരുവനന്തപുരം മേഖലാ സൺഡേസ്കൂൾ ആരംഭിച്ച പ്രവർത്തനമാണ് വേർഡ് ഫെസ്റ്റ്. അധ്യാപകരും രക്ഷിതാക്കളും വളരെ മുന്നൊരുക്കങ്ങൾ നടത്തിയാണ് കുട്ടികളെ വേർഡ് ഫെസ്റ്റിൽ പങ്കെടുപ്പിക്കുന്നത്.

തിരുവനന്തപുരം ആറാലുംമൂട് എ ജി സഭയിൽ ഒക്ടോബർ 3 ന്നടന്ന ക്രൈസ്റ്റ് എ ജി ശുശ്രൂഷക സംഗമത്തിൽ ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് പി. ചാക്കോ ഇവാനിയാക്ക് അവർഡ് നല്കി. എ ജി തിരുവനന്തപുരം മേഖലാ ഡയറക്ടർ പാസ്റ്റർ സനൽ കുമാർ മുഖ്യസന്ദേശം നല്കി. ക്രൈസ്റ്റ് എ ജി ചർച്ച് സെക്രട്ടറി ബ്രദർ സാം ജോർജ്,ക്രൈസ്റ്റ് എ ജി ഇന്ത്യാ ഡയറക്ടർ പാസ്റ്റർ ജെയിംസ് ചാക്കോ, എ ജി. കേരള മിഷൻ ഡയറക്ടർ പാസ്റ്റർ ഗുണശീലൻ, പാസ്റ്റർ ജി.ആർ. ഷിബു, നോർത്തിന്ത്യാ മിഷൻ എക്സിക്യൂട്ടീവ് ബ്രദർ എബനേസർ പാസ്റ്റർ ബേബി എന്നിവർ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ വൈശാഖ്, ജോൺസജീവ്, സാബുമോൻ ലാസർ തുടങ്ങിയവർ അനുമോദനം നടത്തി. പാസ്റ്റർ ജെ.എസ്.സാമുവേൽ ആരാധന നയിച്ചു. ഷാജൻ ജോൺ ഇടയ്ക്കാട് ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.
