അമ്മയുടെ പ്രാർത്ഥന; ദൈവത്തിൻ്റെ വിളി; ഐസകിൻ്റെ സമർപ്പണം; പിന്നെ കാക്കയുടെ വരവും ദൂതൻ്റെ കാവലും പാസ്റ്റർ ഐസക് വി.ജോണിൻ്റെ അത്ഭുത ജീവിതം

ആ അമ്മയുടെ പ്രാർത്ഥന തൻ്റെ മകൻ ഒരു ഉത്തരേന്ത്യൻ മിഷണറി ആവണമെന്നായിരുന്നു. ഐസക് എന്ന മകൻ സ്കൂളിൽ നിന്നും നല്ല മാർക്ക് വാങ്ങി വരുമ്പോഴും പഠനം കോളേജിലേക്ക് വളർന്നു പോയപ്പോഴും അമ്മയുടെ മനസിൽ ഒറ്റ പ്രാർത്ഥനയാണ് ‘മകൻ, ഉത്തരേന്ത്യയിൽ മിഷണറിയാകണം’. മകൻ ഇതൊന്നും വേണ്ടവണ്ണമറിഞ്ഞിരുന്നില്ല എങ്കിലും കോഴഞ്ചേരി പുല്ലാട് നിന്നും ഐസക് വി.ജോൺ എന്ന മകൻ തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഡിഗ്രി പഠനം പൂർത്തീകരിച്ചപ്പോഴേക്കും വേദപഠനത്തിനായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.1990 ൽ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം ഗോസ്പൽ ഫോർ ഏഷ്യയുടെ ബോട്ട് ടീമിനൊപ്പം കൂടി കേരളത്തിൽ ട്രാക്ടുകൾ നാട്ടിൽ വിതരണം നടത്തി സഞ്ചാര സുവിശേഷകനാകുവാൻ തുടക്കമിട്ടിരുന്നു.
മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിലേക്ക് ബി.ഡി പഠനത്തിനായി 1991 ൽ ഐസക് വീട്ടിൽ നിന്നും യാത്രയാവുമ്പോൾ ആ അമ്മയുടെ മനസിൽ എന്തെന്നില്ലാത്ത ആനന്ദമായിരുന്നു. തൻ്റെ പ്രാർത്ഥന ഫലപ്രാപ്തിയിലേക്ക് എത്തുന്നതിൻ്റെ ചവിട്ടു പടിയിലാണല്ലോ മകൻ ഐസക് നില്കുന്നത് എന്നതു തന്നെയാണ് ആ ആനന്ദത്തിനു കാരണം,
മണക്കാല ബൈബിൾ കോളേജിൽ എല്ലാ ബുധനാഴ്ചയും മിഷണറി ചാപ്പൽ ഉണ്ട്. അന്ന് ഉത്തരേന്ത്യക്കായി ആ കൂട്ടായ്മയ്ക്കുള്ളിൽ ആഹ്വാനവും പ്രാർത്ഥനയുമുയരും. മിഷണറിമാരുടെ അനുഭവങ്ങളും അവസ്ഥകളും വിദ്യാർത്ഥികളുടെ ഹൃദയത്തെ തച്ചുടയ്ക്കും. ഒരു ബുധനാഴ്ച ഐസകിൻ്റെ ഹൃദയവും ആ ചാപ്പലിൽ വച്ച് തർന്നുടഞ്ഞു. ഉത്തരേന്ത്യയിലേക്ക് പോകുവാനും യേശുവിൻ്റെ സാക്ഷിയാകുവാനും തീരുമാനിച്ചു.
ഉത്തരേന്ത്യയിൽ പോകുവാൻ തീരുമാനമായെങ്കിലും അവിടേക്കു സുവിശേഷ വേലയ്ക്കായി കൊണ്ടു പോകുവാൻ ആരും അടുത്തു വന്നില്ല, ജോലിക്കായി കൊണ്ടു പോകുവാൻ പലരുണ്ട്; പക്ഷെ സുവിശേഷ വേലക്കായി കൊണ്ടു പോവുക അത്ര ലളിതമായ ഒരു വഴിയല്ലല്ലോ. അങ്ങനെയിരിക്കെ ഭോപ്പാലിൽ പ്രവർത്തിച്ചിരുന്ന ഒരു ദൈവദാസൻ ഐസകിനെ ഭോപ്പാലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു വർഷം അവിടെ അധ്യാപകനായി പ്രവർത്തിച്ചു ഈ ബി.ഡിക്കാരൻ. അധ്യാപകനായി തുടരാമായിരുന്നെങ്കിലും തൻ്റെ ആഗ്രഹം സുവിശേഷ പ്രചരണമായതിനാൽ അവിടം വിട്ടു പഞ്ചാബിലും പിന്നെ മീററ്റിലും പ്രവർത്തിച്ചു.
മീററ്റിൽ സഭാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അത് കഷ്ടപ്പാടിൻ്റെ നാളുകളുടെയും തുടക്കമായിരുന്നു. ആരും കൈ പിടിച്ചു നടത്തുവാൻ ഒപ്പമില്ലാത്തതിൻ്റെ എല്ലാ വേദനകളും അനുഭവിക്കുമ്പോഴും നാഥൻ്റെ മാർവ്വിൽ നിന്നുമുള്ള ആശ്വാസം അത്ഭുതകരമായിരുന്നു.
2005 ആയപ്പോഴേക്കും ഡൽഹി പാലം വിമാനത്താവള മേഖലയിൽ ഉൾപ്പെട്ട ദ്വാരക എന്ന പ്രദേശത്തെക്കുറിച്ചുള്ള ദർശനം ലഭിച്ചു പ്രവർത്തനം ദ്വാരകയിലേക്ക് മാറ്റി. രണ്ട് ദശാബ്ദമായി ദ്വാരകയിൽ സുവിശേഷ പ്രവർത്തനം തുടരുകയാണ് പാസ്റ്റർ ഐസക് വി. ജോൺ.
മലയാളം സഭാ പ്രവർത്തനങ്ങളിൽ നിന്നും ഹിന്ദിക്കാരുടെ ഇടയിലേക്ക് വഴിമാറി ഒഴുകുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മഹാനദിയായി ഒഴുകിയിരുന്നത് ഒരു അരുവിയായി മെലിഞ്ഞൊഴുകുവാനുള്ള മനസ് രൂപപ്പെടുത്തുക ആയാസകരമായിരുന്നു. പക്ഷെ, 2017ൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന പാസ്റ്റർ ഐസകിനെയും ഭാര്യയെയും സഞ്ചരിച്ചു കൊണ്ടിരുന്ന ബൈക്കിൽ നിന്നും വലിച്ചു താഴെയിട്ടു. ഹിന്ദിക്കാരുടെ ചുട്ടുപൊള്ളുന്ന ജീവിതത്തിലേക്ക് തണുപ്പു പകരുന്ന അരുവിയാകുവാൻ രൂപാന്തരം വരുത്തി.
പാസ്റ്റർ ഐസക്കും കുടുംബവും അന്നു മുതൽ ഹിന്ദി ഭാഷയിൽ പൂർണമായും ശുശ്രൂഷിക്കുവാൻ തുടങ്ങി. മലയാളി സഭകൾ നടത്തി വന്ന അദ്ദേഹത്തിന് ആദ്യമൊക്കെ ഭാഷാപരമായ പ്രയാസങ്ങൾ നേരിട്ടെങ്കിലും ദൈവം എല്ലാം അത്ഭുതമാക്കി.
കരയുന്ന പക്ഷികൾക്ക് അതതിൻ്റെ ആഹാരം കൊടുക്കുന്ന ദൈവത്തെ അനവധി തവണ പാസ്റ്റർ ഐസക്കും കുടുംബവും ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ കണ്ടു. ആരു സഹായിക്കും ആര് സംരക്ഷിക്കും എന്നു ചോദിച്ച് ചുറ്റും നിന്നവരുണ്ട്; തക്ക സമയങ്ങളിൽ ദൈവം പ്രവർത്തിച്ച അനുഭവങ്ങളാണ് മനസ് നിറയെ. മലയാളം സഭ വിട്ട് ഹിന്ദിയിൽ പയനിയർ പ്രവർത്തനമാരംഭിച്ചപ്പോൾ തൻ്റെ കുട്ടികളുടെ ഭാവിയോർത്ത് ഏറെ സ്നേഹിക്കുന്നൊരാൾ ചോദിച്ചു; മക്കൾക്ക് ഇനി ഭക്ഷണമായി കല്ലും മണ്ണും കൊടുക്കുമോ? പാസ്റ്റർ ഐസക് ചോദ്യങ്ങൾ ഒരു പാട് നേരിട്ടു.
എന്താണ് പാസ്റ്റർ ഐസകിന് ഇന്നു പറയാനുള്ളത്. മുതിർന്ന കുട്ടികളുമായി പയനിയർ പ്രവർത്തനം തുടങ്ങിയപ്പോൾ കുട്ടികൾക്ക് എന്ത് ആഹാരമാണ് കൊടുത്തത്? അവരുടെ ജീവിതം എങ്ങനെയായി? പുതിയ പ്രവർത്തനങ്ങൾ എങ്ങനെ പോകുന്നു?
തുടങ്ങി മൂന്ന് പതിറ്റാണ്ടായുള്ള മിഷൻ ജീവിതത്തിലെ അത്ഭുതങ്ങൾ പങ്കുവയ്ക്കുവാൻ പാസ്റ്റർ ഐസക് വി.ജോൺ ഇന്ന് നമ്മൾക്കൊപ്പം ചേരുന്നു.
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ഉള്ള പാസ്റ്റർ ഐസക് വി.ജോൺ 2025 ഒക്ടോബർ 12 ഞായർ വൈകിട്ട് 8 ന് തുടങ്ങുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. രാത്രി 9.30 മുതൽ 10.15 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.
ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത്, ക്ഷണിക്കണം.
മറക്കരുത്, ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
