ഒരു ബൈബിളിൻ്റെ കഥ അത് പയസിനെ ഇനി ജീവിച്ചാലും മരിച്ചാലും യേശുവിനു വേണ്ടി എന്ന രക്തപ്രതിജ്ഞയിലേക്കു നയിച്ചു
വീട്ടിൽ ഒരു ബൈബിൾ ഉണ്ടായിരുന്നു, അത് അന്ന് ഉൾപ്പെട്ടു നിന്ന സഭയുടെ ബൈബിൾ ആയിരുന്നു. അവിടെ നിലനിന്നു പോകുന്നതിന് ബൈബിൾ വായന അനിവാര്യമല്ലാത്തതിനാൽ അത് വീട്ടിൽ ഒരിടത്ത് ഉറച്ചിരുന്നു. ആ കാലത്ത് യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തിൽ ആയിരുന്നതിനാൽ ഭക്തി പള്ളിക്കപ്പുറം വലുതായിരുന്നില്ല. പള്ളിയോളം ഭക്തിക്കുള്ള കാരണം അവിടുത്തെ പൂട്ടും താക്കോലുമായി കുടുംബത്തിനുള്ള ബന്ധമാണ്.
അതുകൊണ്ടു തന്നെ പയസ് ജോയി പളളിക്കു വെളിയിൽ അത്ര നല്ല പുള്ളി ആയിരുന്നുമില്ല. വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ചെറുപ്പക്കാരൻ എന്ന മേലെഴുത്തിന് സൗന്ദര്യം കൂട്ടാൻ വേണ്ടി അത്യാവശ്യം മിനുക്കു പണികളുമായി ജീവിച്ചു വരവേയാണ് പാസ്റ്റർ സോളമൻ ആൻ്റണി തൻ്റെ വീട്ടിൽ സന്ദർശിച്ചു വന്നിരുന്നത്.
സോളമൻ ആൻ്റണി അക്കാലത്ത് പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ പഠിക്കുകയായിരുന്നു, പയസ് ജോയിയുടെ പിതാവിൻ്റെ സഹോദരി പുത്രനാണ് പാസ്റ്റർ സോളമൻ. അദ്ദേഹം ഒരു ദിവസം പുതിയൊരു ബൈബിൾ അവർക്ക് സമ്മാനമായി നല്കി. പുതിയ ബൈബിൾ ആ വീട്ടിലെ ഓരോരുത്തരും സമയം പോലെ തുറക്കാനും വായിക്കാനും തുടങ്ങി.
വീട്ടിലെ നാല് പേരിൽ മൂന്ന് പേരും ബൈബിൾ വായന ഗൗരവമായി തുടർന്നു. ഒരു നാൾ അമ്മയോട് ദൈവം സ്വപ്നത്തിൽ സംസാരിച്ചു. അതു മറ്റൊന്നുമായിരുന്നില്ല, സ്നാനപ്പെടണമെന്നാണ് സംസാരിച്ചത്.അമ്മ തൊട്ടടുത്ത ദിവസം മുതൽ പെന്തെക്കോസ്ത് കൂട്ടായ്മയെക്കുറിച്ചന്വേഷിക്കുവാൻ തുടങ്ങി.
ആ കാലത്ത് പയസ് അഞ്ചൽ സെൻ്റ് ജോൺസ് കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുകയാണ്, ഇന്നത്തെ പ്ലസ് ടു അന്ന് പ്രീഡിഗ്രിയായിരുന്നു. സ്വന്തം നാടായ പൂയപ്പള്ളിയിൽ നിന്നും അഞ്ചലിലേക്ക് ബസിൽ പോകുന്ന വഴിക്ക് ഒരു പെന്തെക്കോസ്ത് പള്ളി പയസിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, ആ സഭയെക്കുറിച്ച് അമ്മയോട് പറഞ്ഞു. അടുത്ത ഞായറാഴ്ച അമ്മയ്ക്കും ജ്യേഷ്ഠനും വഴി കാട്ടിയായി താൻ പള്ളിമുറ്റം വരെയെത്തി മടങ്ങാൻ ശ്രമിച്ചപ്പോൾ അമ്മ നീ ഇവിടം വരെ വന്നതല്ലേ ഇന്ന് ഈ പള്ളിയിൽ കൂടിയിട്ട് പോകുക എന്നു പറഞ്ഞു.
അമ്മയുടെ വാക്കനുസരിച്ച് അന്ന് പള്ളിയിൽ കയറി ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്നു. മൂലയ്ക്കിരുന്നവനെ ദൈവവേലയുടെ മൂലക്കല്ലാക്കുവാൻ കർത്താവിനു പദ്ധതിയുണ്ടെന്നൊന്നും പയസിനറിയില്ലായിരുന്നു. ആരും നോക്കാത്ത മൂലയിലേക്ക് കർത്താവിൻ്റെ കണ്ണും കരവുമെത്തി.അന്ന് താൻ ഹൃദയം കർത്താവിനു സമർപ്പിച്ചു. ജീവിതം പുതിയൊരു വഴിയിലേക്കു ചലിച്ചു തുടങ്ങി.
പ്രാർത്ഥനയും ബൈബിൾ വായനയും ജീവിതത്തിൻ്റെ രണ്ടു വശങ്ങൾ പോലെ കൂടെ കൂടി. അത് ഒരു എൻകൗണ്ടറിലേക്കു വഴി തെളിച്ചു. അതിനൊടുവിലാണ് രക്തപ്രതിജ്ഞ എടുക്കുന്നത്. അന്നത്തെ പ്രതിജ്ഞയുടെ അടയാളം ആ വേദപുസ്തകത്തിൻ്റെ അവസാന താളുകളിൽ മായാതെ കിടപ്പുണ്ട്.
അതിനു ശേഷം വർഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. പയസ് ജോയി മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ വേദപഠനം പൂർത്തിയാക്കി. 1996 ൽ രാജസ്ഥാനിലെ ഭരത്പൂരിൽ എത്തി സുവിശേഷ പ്രവർത്തനം ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടുകൾ കർതൃവേലയിൽ രാജസ്ഥാനിൽ തുടരുന്നു.
അനുഭവങ്ങളുടെയും അത്ഭുതങ്ങളുടെയും മൂന്ന് പതിറ്റാണ്ട്. ദൈവകരുതലുകളുടെ വർഷങ്ങൾ. ദൈവത്തിൻ്റെ തക്കസമയങ്ങൾ.തീവ്രമായ ഒട്ടനവധി ജീവിതാനുഭവങ്ങൾ.രോഗത്തിൻ്റെയും സങ്കടങ്ങളുടെയും നാളുകൾ അപ്പോൾ തന്നെ ദൈവം ചേർത്തു പിടിച്ചു നടത്തിയ ദിനങ്ങളും
പാസ്റ്റർ പയസ് ജോയി നടത്തിയ പ്രതിജ്ഞ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി മുന്നോട്ടു പോകുന്ന അതുല്യ അനുഭവങ്ങളുടെ കൂട്ടാണ് തൻ്റെ ജീവിതവും പ്രവർത്തനങ്ങളും.
അതുല്യമായ അനുഭവങ്ങളുള്ള പാസ്റ്റർ പയസ് ജോയി 2025 നവംബർ 16 ഞായർ രാത്രി 8 മുതൽ 10.30 വരെയുള്ള ഹൃദയസ്പർശം അനുഭവസാക്ഷ്യ പരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. 9. 30 മുതൽ 10.15 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.
ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
ഈ കുറിപ്പ് വ്യക്തിപരമായി
അവർക്ക് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കണം.
മറക്കരുത്, ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
മറക്കാതെ ജോയിൻ ചെയ്യുക.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
