Unique Stories

മരണം വാ പിളർന്നു നിന്നു; ദൈവം കൈ പിടിച്ചു നടത്തി പാസ്റ്റർ ബിനുവിൻ്റെ ജീവിതം മരണത്തെയും തോല്പിച്ച് വിശ്വാസത്തോട് മുന്നോട്ട്

തിരുവനന്തപുരം ജില്ലയിലെ കൊണ്ണിയൂർ എ ജി സഭ ഒരു മിഷൻ സഭയാണ്. അനവധി മിഷണറിമാർ ആ സഭയ്ക്കുണ്ട് എന്നതിനുമപ്പുറം അവർ മിക്കവരും മിഷൻ ലീഡർമാരുമാണ്. ആയിരക്കണക്കിന് ആളുകളെ സ്വർഗത്തിൻ്റെ അവകാശികളാക്കി മാറ്റുവാൻ ആ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കാൽ നൂറ്റാണ്ടിനപ്പുറം ആ സഭയിലെ ഒരു കൗമാരക്കാരൻ സ്ഥിരമായി പ്രാർത്ഥിക്കുന്ന ഒരു വാചകമാണ് ‘ദൈവമേ, സുവിശേഷകർ ആരുമില്ലാത്ത ഒരിടത്തിലേക്ക് എന്നെ അയക്കേണമേ’ എന്ന്. മിഷൻ പ്രവർത്തനങ്ങളുടെ ആഴവും പരപ്പുമൊന്നും ആ പതിനാല്കാരന് അത്രകണ്ട് അറിയില്ല, എങ്കിലും പ്രാർത്ഥന തുടർന്നു.

മിഷണറിയാകുവാൻ ആഗ്രഹിക്കുവാനും പ്രാർത്ഥിക്കുവാനും കാരണമുണ്ട്. ആ കാലത്ത് സഭയിൽ മിക്കപ്പോഴും മിഷണറിമാർ വരും, അത് മറ്റാരുമല്ല, സഭാംഗങ്ങൾ തന്നെയാണ്. അവർ വന്ന് അനുഭവങ്ങളും മറ്റും പറയുമ്പോൾ ബിനുവിൻ്റെ കുഞ്ഞു മനസിലൂടെ അവരുടെ ഗ്രാമങ്ങളും ജനതയും ഒക്കെ കടന്നു പോകും.അവർക്കിടയിൽ യേശുവിൻ്റെ സ്നേഹവുമായി അവരുടെ സ്നേഹിതനായി ജീവിക്കുവാൻ മിഷണറിമാരുടെ അനുഭവങ്ങൾ കാരണമായി.

സെക്കുലർ പഠനം പൂർത്തിയാക്കിയ ബിനു മിഷൻ ദർശനവുമായി ബാംഗ്ലൂർ സതേണേഷ്യ ബൈബിൾ കോളേജിൽ വിദ്യാർത്ഥിയായി.അവിടെ നിന്നും ഗ്രാഡ്വേറ്റ് ചെയ്ത് നേരെ ഡൽഹി വഴി ഒറീസയിൽ എത്തി.പഠനശേഷം നേരിട്ട് പോകുന്നതിനാൽ പുസ്തകക്കെട്ടും മറ്റു വസ്തുക്കളും ഒക്കെയായി ഒറീസയിൽ ഇറങ്ങിയ താൻ തലച്ചുമടായി ചുമന്ന് കൊണ്ടാണ് താല്കാലിക പാർപ്പിട സ്ഥലത്തെത്തിയത്.

തലച്ചുമട് അന്ന് താഴെ വച്ചെങ്കിലും ഒറീസയെക്കുറിച്ചുള്ള ആത്മഭാരത്തെ താഴെ വയ്ക്കാതെ സഞ്ചാരം തുടങ്ങി. പ്രാദേശിക ഭാഷ ഉൾപ്പെടെ അവിടെ ജീവിക്കുവാൻ വേണ്ടത്ര ഭാഷ അറിയില്ലായെങ്കിലും പ്രവർത്തനനിരതമാകുന്നതിൽ മടി കാണിച്ചില്ല.

ധാരാളം ട്രാക്ടുകളുമായി സഞ്ചാര സുവിശേഷീകരണം ആരംഭിച്ചു. പലയിടത്തും ട്രാക്ടുകൾ കൊടുത്തു വരവേ എത്തിയ ഒരു ഗ്രാമത്തിൽ നേരത്തെ എത്തിയ സുവിശേഷകരുടെ കൈകാലുകൾ തല്ലി ഒടിച്ച് ഓടിച്ചു വിട്ട കഥകളും തൻ്റെ കാതിൽ എത്തി. പരദേശിയുടെ പരിമിതികളും ക്രൂരതയുടെ ഭയവുമൊക്കെ മനസിലൂടെ മിന്നിമറഞ്ഞെങ്കിലും ദൈവത്തിൻ്റെ കരത്തിൽ മുറുകെ പിടിച്ച്‌ താൻ പ്രവർത്തനം തുടർന്നു.

സഞ്ചരിക്കുവാൻ ഒരു സൈക്കിൾ പോലുമില്ലാത്ത ആ കാലത്ത് പ്രവർത്തനങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. മനസിൽ നിറഞ്ഞു നില്ക്കുന്ന പ്രാർത്ഥനയും പല മിഷണറിമാരുടെ അനുഭവങ്ങൾ കേട്ടതും ഒക്കെ ഉള്ളിൽ കരുത്ത് വർദ്ധിപ്പിച്ചു.

പ്രതികൂലങ്ങളിൽ ഫോക്കസ് ചെയ്യണ്ട എന്നു തീരുമാനിച്ചു അവിടെ വേരോടാനുള്ള സാധ്യതകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങി.ആ ചിന്തകളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ്, വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ മാധ്യമങ്ങളെ ‘ടൂളു’ കളായി ഉപയോഗിച്ച്, യുവാക്കളെ ആകർഷിക്കുവാൻ പാസ്റ്റർ ബിനു ഗബ്രിയേൽ തീരുമാനിച്ചു.

അങ്ങനെ വേറിട്ട ശൈലിയിൽ പ്രവർത്തനമാരംഭിച്ച പാസ്റ്റർ ബിനു ഗബ്രിയേൽ ഇന്നും ഒറീസയിൽ ദൈവത്തിൻ്റെ അത്ഭുതകരമായ ഉപകരണമായി തുടരുന്നു.

രണ്ട് പതിറ്റാണ്ടുകളിലധികം പോരാട്ടങ്ങൾക്കു നടുവിലൂടെ ദൈവം തന്നെ അത്ഭുതകരമായി നടത്തി. രോഗവും മരണകരമായ നിരവധി അപകടങ്ങളും തന്നെ തകർക്കുവാൻ ശത്രു അയച്ചു. ഇനി നിവിർന്നു നില്ക്കില്ല എന്ന നിലയിൽ കടുത്ത പരുക്കുകൾ കൊണ്ട് ശരീരം ഉടഞ്ഞു. മകൻ പിറന്നു വീണ് ഒന്നര വർഷത്തിനിടയിൽ നിരവധി ഓപ്പറേഷനുകൾ ആ കുഞ്ഞ് ശരീരത്തിൽ ചെയ്യേണ്ടി വന്നു. അങ്ങനെ നിരവധി തടസങ്ങളെ അതിജീവിച്ചാണ് പാസ്റ്റർ ബിനു തൻ്റെ വിശ്വാസ യാത്ര തുടരുന്നത്. ആരുമില്ലാത്ത ഒരിടത്തേക്ക് അയക്കണമേ എന്ന പ്രാർത്ഥനയുടെ മറുപടിയായി ആരുമില്ലാത്ത ഇടത്തേക്ക് ദൈവം അയച്ച് പ്രവർത്തനം ആരംഭിച്ച പാസ്റ്റർ ബിനുവിനെ തേടി ഒറീസയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സൂപ്രണ്ട് ചുമതല വരെ എത്തി നില്കുകയാണിപ്പോൾ.

അതിതീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള പാസ്റ്റർ ബിനു ഗബ്രിയേൽ ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതലുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. 8.30 മുതൽ 9.15 വരെ തൻ്റെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കു വയ്ക്കും. പ്രാർത്ഥനാ പൂർവ്വം കേൾക്കുക; ദൈവം നിങ്ങളെയും ഒരു അത്ഭുതമാക്കും.

എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.

ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ  താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page