Views & Thoughts

സ്ഥിരതയോടെ ഓടുക; ലക്ഷ്യത്തിലെത്തുക ജയാളിയുമാകുക

പുരാതന ഗ്രീസിലെ മാരത്തൺ ഓട്ടക്കളത്തിൽ പലപ്പോഴും കാണുന്നൊരു കാഴ്ചയുണ്ട്. ഓട്ടത്തിൽ നല്ല മികവു പുലർത്തി,വളരെ വേഗത്തിൽ ഓടി ഒന്നാമതെത്തിയിട്ടും വിജയിയാകുവാൻ കഴിയാതെ കണ്ണീരൊഴുക്കി നില്കുന്ന ഓട്ടക്കാരൻ്റെ കാഴ്ച. നല്ല പരിശീലനം നടത്തി. തയ്യാറെടുപ്പിന് ഒരു കുറവുമില്ലായിരുന്നു. ഓടുകയും ചെയ്തു. നന്നായി തന്നെ ഓടി. ഒന്നാമതെത്തുകയും ചെയ്തു. പക്ഷെ, വിജയിയായില്ല. എന്തായിരിക്കാം കാരണം?. അതു പറയാം.

ആധുനീക കാലത്തെ മാരത്തൺ ഓട്ടത്തിൻ്റെ നിയമങ്ങളായിരുന്നില്ല
പുരാതന ഗ്രീസിൽ മാരത്തൺ ഓട്ടങ്ങൾക്കുണ്ടായിരുന്നത്. ഓട്ടക്കാരൻ്റെ കയ്യിൽ കത്തുന്നൊരു വിളക്കുണ്ടാകും. ആ വിളക്ക് അണയാതെ സൂക്ഷിച്ച് ഓടി ആദ്യം എത്തുന്ന ആളാണ് വിജയിയാവുന്നത്.
അതുകൊണ്ട് തന്നെ ഓട്ടക്കാരൻ വിളക്ക് അണയാതെ സൂക്ഷിക്കേണ്ടിയിരുന്നു. അതത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ഓട്ടത്തിനിടയിൽ മഴ പെയ്താൽ ഓട്ടം തുടരുന്നതിലും പ്രധാനമാണ് വിളക്കണയാതെ സൂക്ഷിക്കേണ്ടത്. വിളക്കണഞ്ഞാൽ ഓടിയതു മുഴുവൻ വെറുതെയായെന്നു പറയേണ്ടി വരും.മഴ പെയ്യാം, കാറ്റു വീശാം, വിളക്കിലെ എണ്ണ തീരാം. സാഹചര്യങ്ങൾ വ്യത്യസ്ത നിലയിൽ എതിരാകാം. ഏതൊരു പ്രതിസന്ധി നേരിട്ടാലും അതിനെ അതിജീവിച്ച് വിളക്ക് അണയാതെ സൂക്ഷിക്കേണ്ടതുണ്ട്.

സുവിശേഷത്തിനായി പൌലോസ് നടത്തിയ ഓട്ടം സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ഇതു മനസിലാക്കാം.ക്ലേശകരമായ ഒട്ടനവധി പ്രതലങ്ങളിലൂടെയാണ് തനിക്ക് ഓടേണ്ടി വന്നത്. കരയിലും കടലിലും വിളക്കണയത്തക്ക പ്രയാസങ്ങൾ ഉണ്ടായി.പ്രവർത്തിച്ച ഇടങ്ങളിലും ആരംഭിച്ച സഭകളിലും അസ്വസ്ഥമാക്കുന്ന കാറ്റു വീശി.വിളക്കണയാതെ ഓട്ടം തികയ്ക്കുവാൻ പറ്റാത്ത ഒട്ടനവധി പ്രതിസന്ധികൾ പ്രവർത്തന ഇടങ്ങളിൽ അനുഭവിച്ചു.

ശാരീരികമായും വെല്ലുവിളി നേരിട്ടു. മരണത്തെ മുഖാമുഖം കണ്ടു. രോഗങ്ങൾ പിന്തുടർന്നു. ജയിലറകൾ, പീഢനങ്ങൾ ഒന്നിനു പിറകെ ഒന്നായി തന്നെ ഉലയ്ക്കുവാൻ ശ്രമിച്ചു.

ഒന്നിലും പതറാതെ തൻ്റെ യാത്ര തുടർന്നു.താൻ മാത്രമല്ല പിതാക്കന്മാരുടെ നീണ്ട നിര തന്നെയുണ്ട്.
ചിലരൊക്കെ അതിവേഗം ഓടിയിട്ടും ലക്ഷ്യത്തിലെത്തുവാൻ കഴിയാതെ വഴിക്കു പട്ടു പോയെങ്കിൽ
അബ്രഹാമും, യോസേഫും, മോശയും, നെഹമ്യാവും ഒക്കെ മാരത്തൺ ഓട്ടക്കളത്തിൽ തന്നെയായിരുന്നു.അവർക്കെതിരെയും കാറ്റു വീശി, മഴ പെയ്തു, ഘോര സാഹചര്യങ്ങൾ നേരിട്ടു, എന്നാൽ വിളക്കണയാതെ നോക്കി. എതിരികൾ ഭയപ്പെടുത്തി, ജീവനു വില പറഞ്ഞു, ശത്രുക്കളെ ഇറക്കിവിട്ടു, അപമാനവും അപവാദവും പറഞ്ഞു പരത്തി. എന്നിട്ടും അവർ ലക്ഷ്യം തെറ്റാതെ ശ്രദ്ധാപൂർവ്വം ഓടി.

നമ്മുടെയും ഓട്ടക്കളം മാരത്തൺ പോലെയാണ്. സാധാരണ ഓട്ടക്കളത്തിൽ ഓടുന്ന നിലയിൽ മാരത്തൺ ഓടുവാൻ കഴിയില്ല. നേരെയുള്ളതും തെളിമയാർന്നതുമായ ഓട്ടക്കളങ്ങളാണ് ചെറുഓട്ടങ്ങൾക്കുള്ളത്, അത് ഓടി തീർക്കാൻ വേഗം മാത്രം മതി. എന്നാൽ മാരത്തൺ ഓട്ടം നീളം കൂടിയതും ക്ലേശകരമായ ചുറ്റുപാടുകളും നേരിട്ടു മാത്രമെ പൂർത്തീകരിക്കുവാൻ കഴിയൂ.
ആ ഓട്ടം നല്ല വഴി പോലെ തന്നെ കഠിനമായ വഴിത്താരയും പിന്നിടണം. വെളിച്ചത്തിൽ ഓടുമ്പോൾ തന്നെ ഇരുട്ടിനെ അതിജീവിക്കാനും മനസു വേണം. വെയിലും മഴയും ചൂടും തണുപ്പും ആ ഓട്ടക്കളത്തിൽ കൂട്ടിനായുണ്ടാവും. കല്ലും മുള്ളും തരണം ചെയ്യേണ്ടി വരും. ബഹുജനതയ്ക്കും വിജനതയ്ക്കും നടുവിലൂടെയും ഓടേണ്ടി വരും.

ചെറുഓട്ടങ്ങൾ പൂർത്തീകരിപ്പാൻ വേഗമാണ് വേണ്ടതെങ്കിൽ മാരത്തൺ പൂർത്തീകരിപ്പാൻ സ്ഥിരതയാണ് വേണ്ടത്.

സ്ഥിരതയോടെ ഓടുവാൻ ശീലിക്കണം. ഇന്ദ്രിയങ്ങളെ നിയന്ത്രണ വിധേയമാക്കണം. ആത്മാവിൻ്റെ ഫലങ്ങൾ ഉറപ്പാക്കണം.ലോകത്തിൽ നിന്നും അകലം പാലിക്കണം. യേശുനാഥൻ്റെ വേറിട്ട ജീവിതശൈലി പ്രായോഗികമാക്കണം.

പൌലോസിനെപ്പോലെ പറയാൻ കഴിയണം” ഞാൻ ഓട്ടം തികച്ചു.വിശ്വാസം കാത്തു, എനിക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന നീതിയുടെ കിരീടത്തിലേക്കു ഞാൻ അടുക്കുന്നു”.

വിശ്വാസമാകുന്ന വിളക്ക് അണയാതെ കയ്യിൽ സൂക്ഷിക്കാം. കാറ്റും മഴയും ചൂടും തണുപ്പും ഘോരമൃഗങ്ങളും വിജനതയും രോഗവും ക്ഷീണവും വിശപ്പും ദാഹവും ഒക്കെ ഓട്ടത്തിനിടയിൽ വരാം. സൂക്ഷിക്കപ്പെടുന്ന വിശ്വാസം നല്കുന്ന സ്ഥിരതയുടെ വെട്ടം നമ്മെ ഫിനിഷിംഗ് പോയിൻ്റിൽ എത്തിച്ച് ജയാളിയാക്കും.

ജയത്തോടെ അവിടെ എത്തുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ കഷ്ടപ്പെട്ടുള്ള ഈ ഓട്ടം എന്തിന്? സ്ഥിരതയോടെ ഓടുക, ജയാളിയാവുക.

ചുറ്റും നോക്കിയാൽ ഒട്ടനവധി ഓട്ടക്കാർ വേഗത്തിൽ ഓടുന്നതു കാണാം; ലോകം അവരെ ആദരിക്കുന്നുമുണ്ടാകാം. അവരുടെ കയ്യിലെ വിളക്കിലേക്കു നോക്കുക. അവ എന്നേ അണഞ്ഞു പോയി എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഓടുക. സ്ഥിരതയോടെ ഓടുക.

You cannot copy content of this page