Unique Stories

ജീവൻ ഏറിയാൽ ഇനി ഇരുപത് നാൾ കൂടി മാത്രം

_ഇരുവരും ഒറ്റയ്ക്ക് വിശ്വാസത്തിൽ_
_വിവാഹാനന്തരം ഇരുപതാം പക്കം_
_ഭാര്യ അന്ധയായി തീരുക പിന്നെ_ _ഓരോ നാളും ശരീരം തളർന്ന്_ _മരണത്തോളമെത്തുക_

_പാസ്റ്റർ ആൻ്റണിയും_
_സിസ്റ്റർ റോസ്മേരിയും മാത്രം_
_നടന്നിട്ടുള്ള_
_അത്യന്തം വത്യസ്തമായ_
_വഴിത്താര_

റോസ്മേരിയുടെയും
ആൻ്റണിയുടെയും സ്വപ്നങ്ങൾക്ക് നിറം പകരുവാൻ അവർ ആരംഭിക്കുന്ന കുടുംബ ജീവിതത്തിന് കഴിയും എന്നവർ രണ്ടു പേരും ചിന്തിച്ചു. രണ്ടു പേരുടെയും ജീവിതത്തിൽ ചില ഏകാന്തതകളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടി വന്നു. അതിനൊക്കെ ഈ കൂടിച്ചേരൽ പരിഹാരമാകുമെന്നു തന്നെ അവർ കരുതി.

ആൻറണി ഒറ്റയ്ക്ക് വിശ്വാസ ജീവിതത്തിലേക്കു വന്നതാണ്.’ റോസ്മേരിയുടെ മാതാപിതാക്കൾ ദി പെന്തക്കോസ്ത് മിഷനിലായിരുന്നു. റോസ്മേരിക്കു 3 വയസ് പ്രായമുള്ളപ്പോൾ അമ്മ മരണപ്പെട്ടു. അതോടെ ആ കുടുംബം തന്നെ വിശ്വാസത്തിൽ നിന്നും മാറിപ്പോയി. മറ്റൊരു ക്രൈസ്തവ വിശ്വാസത്തിൽ വളർന്നെങ്കിലും യൗവ്വനകാലത്ത് റോസ്മേരി ഒറ്റയ്ക്ക് പെന്തക്കോസ്ത് വിശ്വാസത്തിലേക്കെത്തി.


ആൻ്റണി ഹൈസ്കൂൾ ഫൈനലായപ്പോഴേക്കും വിശ്വാസയാത്ര ആരംഭിച്ചു.പതിനഞ്ചാം വയസിൽ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നും ഒറ്റക്ക് വിശ്വാസത്തിലേക്കു വന്നു കർത്താവിനെ രക്ഷകനായി സ്വീകരിച്ച് ജലസ്നാനവും ഏറ്റു. അതോടെ വീട്ടിൽ നിന്നും എതിർപ്പുകൾ ഉണ്ടായി.ആരും തുണയില്ലാത്ത അവസ്ഥ.

പുറത്തായതിനു തുല്യ അവസ്ഥയിലുള്ള താൻ ദൈവനിയോഗ പ്രകാരം ഒരു വേദപാഠശാലയിൽ ചേർന്നു.പഠനത്തിനിടയിൽ തന്നെ എറണാകുളം ജില്ലയിൽ പയനിയർ പ്രവർത്തനം ആരംഭിച്ചു.പഠനശേഷം കർണാടകയിലേക്കു ദൈവം അയച്ചു. അങ്ങനിരിക്കെ സ്വന്തം നാട്ടിൽ വന്നു ദൈവത്തെ സാക്ഷീകരിക്കുവാൻ ലഭിച്ച ദൈവനിയോഗ പ്രകാരം കൂത്താട്ടുകുളത്തെത്തി ഒരു വാടകമുറിയിൽ പാർത്ത് സ്വന്ത ദേശത്ത് ശുശ്രുഷകൾ ആരംഭിച്ചു.

നാളുകൾ പിന്നിട്ടപ്പോൾ ദൈവം വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നല്കി. ആ സൂചനകൾ എല്ലാം ചേരുന്ന റോസ്മേരിയെ രണ്ടായിരത്തി അഞ്ച് ഡിസംബർ ഒന്നിന് ജീവിത സഖിയാക്കി.വിവാഹദിവസം തന്നെ കുടുംബ ജീവിതം കടന്നു പോകേണ്ട വഴികളെക്കുറിച്ചും ദൈവം സംസാരിച്ചു. അതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ച് ഓരോ ദിനവും മുന്നോട്ടു പോയി.

കൃത്യം 20 ദിവസം ആയപ്പോൾ, 2005 ഡിസംബർ 21 ന്  കുടുംബജീവിതത്തിൽ ആദ്യത്തെ ഇരുട്ടു പടർന്നു. ആൻ്റണി പുറത്തു പോയി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കാണുന്നത് രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട ഭാര്യയെയാണ്. തനിക്ക് അപ്പോൾ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

റോസ്മേരി കേവലം 20 ദിവസം മാത്രമെ തൻ്റെ ഭർത്താവിനെ കണ്ടിട്ടുള്ളൂ. എന്തൊരവസ്ഥ, അല്ലേ? നമുക്ക് ചിന്തിക്കാൻ പോലും പ്രയാസം തോന്നും. എന്നാൽ ആൻ്റണിയുടെയും റോസ്മേരിയുടെയും ജീവിതത്തിലെ ശോധനകളുടെ തുടക്കം മാത്രമായിരുന്നു അത്.അടുത്ത ദിവസങ്ങളിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളാണ് അനുഭവിച്ചത്.

ശരീരം തളർന്നു.തലയിൽ ബ്ലഡ് ക്ലോട്ടായി.റോസ്മേരി ഒരു ജീവച്ഛവം പോലെ കിടപ്പിലായി. ഹോസ്പിറ്റലുകൾക്ക് പകച്ചു നില്ക്കാനെ കഴിഞ്ഞുള്ളൂ. 20 ദിവസം കൂടി മാത്രം ആയുസുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വേണമെങ്കിൽ ഒരു ഓപ്പറേഷൻ നടത്താം. പക്ഷെ റിസൾട്ടിന് ഒരു ഗ്യാരൻ്റിയുമില്ല.

ഒറ്റയ്ക്കു വിശ്വാസത്തിൽ വന്ന രണ്ടു ദൈവമക്കൾ കടന്നു പോകുന്ന അതിതീവ്രവേദനയുടെ ഈ ദിനങ്ങളിൽ വിശ്വാസം ചോരാതെ ഇരുവരും സൂക്ഷിച്ചു. ബന്ധുക്കൾ പലരും പലതും പറഞ്ഞെങ്കിലും, ദൈവം മുൻകൂട്ടി സംസാരിച്ചതിൻ്റെ ബലത്തിൽ അവർ ആ കഠിന ശോധനയുടെ ദിനങ്ങളിൽ ദൈവത്തിൽ ചാരി മുൻപോട്ടു പോയി.

കഠിനമായിരുന്നു ആ ദിനങ്ങൾ. ചുറ്റുപാടുകളിൽ നിന്നും വേദനിപ്പിക്കുന്ന വാക്കുകൾ.ആശുപത്രിയിൽ നിന്നും മരണത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. അവക്കിടയിൽ ആൻ്റണി എന്ന ദൈവദാസൻ ഒരു കൈയിൽ ബൈബിളും മറുകയ്യിൽ ഭാര്യയുടെ കരവും പിടിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ചു.കാഴ്ച ഒട്ടുമില്ലാത്ത അല്പം മാത്രം ബോധമുള്ള ഭാര്യയുടെ മനസിൽ വിശ്വാസത്തിൻ്റെ തീക്ഷ്ണത വർദ്ധിപ്പിക്കുവാൻ ആ പ്രാർത്ഥനകൾ ഉപകരിച്ചു.

ഒരു ദിവസം വർദ്ധിത വിശ്വാസത്തോടെ റോസ്മേരി പറഞ്ഞു നമ്മൾ ഇതിനെ അതി ജീവിക്കും ഇരുപതു ദിവസങ്ങൾക്കപ്പുറം ജീവിക്കും.നമ്മുടെ ദൈവം അത്ഭുതങ്ങളുടെ ദൈവമാണ്. ആ വിശ്വാസത്തിൻ്റെ വാക്കുകൾ പിന്നീട് ആ ജീവിതത്തിൽ വിപ്ലവമായി പരിവർത്തിച്ചു.

രോഗ കിടക്കയിൽ മുടി മുഴുവൻ കൊഴിഞ്ഞു പോയ പല്ലുകൾ മുഴുവൻ അടർന്നു മാറിയ ശരീരം ശുഷ്കിച്ച് ഇനി അധിക നാൾ ജീവിതം ബാക്കിയില്ലെന്നു പറഞ്ഞിരുന്ന റോസ്മേരി ഇന്നും ജീവിക്കുന്നു.

കഷ്ടതകളും ക്ലേശങ്ങളും ശോധനകളും ജീവിതത്തിൽ ഇന്നും നേരിടുന്നുണ്ടെങ്കിലും ദൈവംഅത്ഭുതകരമായി ആ കുടുംബത്തെ നയിക്കുന്നു. മിഷൻ പ്രവർത്തനങ്ങളും പൊതു ശുശ്രൂഷകളും ഒക്കെ ഓടി നടന്നു ചെയ്യുവാൻ പരിമിതികൾ ഉണ്ടെങ്കിലും ദൈവം നല്കിയ സ്നേഹവും ചെയ്ത അത്ഭുതങ്ങളും ഓർക്കുമ്പോൾ ലഭിക്കുന്ന അവസങ്ങളിലേക്ക് പാസ്റ്റർ ആൻ്റണി ഓടിക്കയറും.

വീട്ടിലേക്ക് ആവശ്യമുള്ള കറികളും മറ്റും ഒരുക്കി വച്ചിട്ട് ഒരാഴ്ച നീണ്ടു നില്ക്കുന്ന ആന്ധ്രാ യാത്രകൾ ഒക്കെ ചെയ്ത് സുവിശേഷത്തിൻ്റെ സാക്ഷിയാകുവാൻ ഭർത്താവിനെ യാത്രയാക്കിയിട്ട് ഉള്ളിലെ വെളിച്ചത്തിൽ വിശ്വസിച്ച് ഭാര്യ റോസ്മേരി വീട്ടിൽ കഴിച്ചു കൂട്ടും. ഇരുപത് നാൾ കൂടി ജീവിതം ബാക്കി പറഞ്ഞ റോസ്മേരിയുടെ ഉദരത്തിൽ നിന്നും അതിനു ശേഷം ഒരു ആൺ പൈതലിനെ ദൈവം നല്കിയതിന് ചേർത്തണച്ചു കൊണ്ട് അവർ ഇരുവരും ദൈവത്തിൻ്റെ മാർവ്വോട് ചേർന്നിരുന്ന് ആ ചൂടിൽ ആശ്വാസം കണ്ടെത്തി ജീവിക്കുന്നു.

ചൂടേറിയ ഒട്ടനവധി കാര്യങ്ങൾ പാസ്റ്റർ ആൻ്റണിക്ക് അനുഭവത്തിൽ നിന്നും പറയുവാനുണ്ട്. അത് പങ്കിടുവാനായി ഈ ഞായറാഴ്ച നവംബർ 10 ന് രാത്രി 8 മണിക്കുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യ പരമ്പരയിൽ ആ ദൈവദാസൻ നമ്മൾക്കൊപ്പം ചേരുന്നു.
പ്രാർത്ഥനാ പൂർവ്വം പങ്കെടുക്കുവാൻ ആദരവോടെ ക്ഷണിക്കുന്നു.

നവംബർ 10 ഞായർ
ഇന്ത്യൻ സമയം രാത്രി 8 മണിക്ക്
Zoom പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്യുക


ലിങ്ക് / പാസ്കോഡ് ശ്രദ്ധിക്കുക

MEETING ID: 89270649969
Passcode: 2023

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page