Unique Stories

മരണനിഴലിൻ താഴ് വര വറ്റാത്ത കണ്ണുനീർ പിന്നെ നാഥൻ്റെ മാർവിടം

_പാസ്റ്റർ അലക്സ് ഇ ജോണിൻ്റെ_
_നൊമ്പരങ്ങൾ നിറഞ്ഞ ജീവിതവും_
_കണ്ണീർ താഴ്വാരങ്ങളും_

വേദനകളുടെ നീർച്ചുഴികളിൽ നിരവധി തവണ മുങ്ങിപ്പോയതാണ്. അതും മറക്കുവാൻ കഴിയാത്ത വേദനകൾ.അലക്സിൻ്റെ ജീവിതത്തിലെ കണ്ണീർ ദിനങ്ങൾ അത്ര മാത്രമുണ്ട്.

ആറാം വയസിൽ പിതാവിനൊപ്പം രാജസ്ഥാനിലെത്തി. മാതാവും അനുജത്തിയും ഒപ്പമുണ്ടായിരുന്നു. നാല് പേരടങ്ങുന്ന കുടുംബം ദൈവീകശുശ്രുഷയിൽ ഉദയ്പൂർ ഫിലാദെൽഫിയ ഫെലോഷിപ്പിനൊപ്പം പ്രവർത്തനം തുടങ്ങി. ദൈവമാണ് കേരളത്തിൽ നിന്നും മിഷണറി പ്രവർത്തനങ്ങൾക്കായി ഈ കുടുംബത്തെ രാജസ്ഥാനിലെത്തിച്ചത്.

ചില വർഷങ്ങൾക്കുള്ളിൽ മഞ്ഞപ്പിത്തം പിടിപെട്ട അനുജത്തിയെ ചികിത്സയിലൂടെ ഭേദമാക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തമ്പുരാൻ അവളെ അവിടേക്കു വിളിച്ചു ചേർത്തു. പൊന്നാങ്ങളയുടെ മനസിൽ തീരാദു:ഖമാണുണ്ടാക്കിയത്. കളിക്കുട്ടുകാരിയായിരുന്ന പെങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ വേദന പേറി ജീവിക്കവെ ചില വർഷങ്ങൾക്കു ശേഷം മറ്റൊരു തീരാത്ത വേദനയും തന്നെ തേടിയെത്തി.

ഒരു രോഗി സന്ദർശിക്കുവാൻ ആശുപത്രിയിലെത്തി രണ്ടാം നിലയിലേക്കുള്ള കോണിപ്പടികൾ നടന്നു തീർക്കവേ ആസ്ത്മ രോഗിയായിരുന്ന അമ്മ കുഴഞ്ഞു വീണു. മറ്റസുഖങ്ങളും ഉണ്ടായിരുന്ന അമ്മയെ ജീവിതത്തിലേക്കു മടക്കി കൊണ്ടു വരുവാൻ മൂന്നു മാസത്തോളം നടത്തിയ തീവ്രശ്രമങ്ങൾ പരാജയപ്പെട്ടു, അമ്മയും വിട്ടു പോയി.
പെങ്ങളും അമ്മയും നഷ്ടപ്പെട്ട വേദനകൾ മയ്ക്കുവാൻ ഏതു വാക്കുകൾക്കു കഴിയും.അസഹനീയമായ വേദനയിലൂടെ ആ ഹൈസ്കൂൾ വിദ്യാർത്ഥി ജീവിച്ചു. മനസ് നിരാശ കൊണ്ട് നിറഞ്ഞു. വേദന കൊണ്ടു പൊള്ളി. കണ്ണീർ പോലും പൊടിയാത്ത ജീവിതാവസ്ഥയിലായി.

കൂട്ടുകാരിൽ അഭയം പ്രാപിച്ചു. നേരായ വഴികൾ വളഞ്ഞും പുളഞ്ഞും തുടങ്ങി. തെറ്റുകൾ ശരിയാണെന്ന തോന്നലിൽ മറ്റൊരു യാത്ര ആരംഭിച്ചു. ആർട്സിലും സ്പോർട്സിലും കഴിവുകൾ നിറയെ ഉണ്ടായിട്ടും ഏറെ പ്രീയപ്പെട്ടവർ ഇടക്കു വച്ചു കൈവിട്ടു പോയതിൻ്റെ വേദനയിൽ എല്ലാത്തിൽ നിന്നും വഴിമാറി നടന്നു.

മറ്റൊരമ്മ വന്നിട്ടും ജീവിതം നേരെയായില്ല. വർഷങ്ങൾ അലഞ്ഞു തിരിഞ്ഞ ജീവിതത്തിലേക്കു ദൈവസ്നേഹത്തിൻ്റെ അരുവി വീണ്ടും ചെറുതായി ഒഴുകിയെത്തി. വേദനകൾ തഴുകി മാറ്റി. നല്ല വഴിയിലേക്കു തിരികെയെത്തിച്ചു. പഠനം തുടർന്നു. പള്ളിയിലും ആക്ടീവായി. സ്പോർട്സിലും ആർട്സിലും ശ്രദ്ധ കേന്ദ്രീകരിച്ചു.സംഗീതോപകരണങ്ങൾ പഠിച്ചു. മറ്റുള്ളവരെ പഠിപ്പിക്കുവാൻ തുടങ്ങി. ജീവിതം ക്രമപ്പെട്ടു.

കാലമെറെയൊഴുകി. കുടുംബസ്ഥനായി മക്കളെ ദൈവം നല്കി. കുടുംബം സന്തുഷ്ടിയോടെ ജീവിച്ചു. സംഗീതാധ്യാപകനായി സ്കൂളിൽ പ്രവർത്തിക്കുന്നു. സംഗീത ശുശ്രൂഷകൾ നടത്തുന്നു.അങ്ങനെ ജീവിച്ചു വരവെ കൊവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി ആ ജീവിതങ്ങളിലേക്കാഞ്ഞടിച്ചു. തൻ്റെ പ്രീയപ്പെട്ടവളെയും കൊണ്ടാണ് ആ കൊടുങ്കാറ്റ് പോയത്. ഒന്നിനു പുറകെ ഒന്നായി ഏറെ പ്രീയപ്പെട്ട മൂന്നുപേർ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടതു നോക്കി നില്ക്കേണ്ടി വരിക. ആ വേദനകൾ പിളർന്ന നെഞ്ചിൻ്റെ അവസ്ഥ ആർക്കു വായിക്കാൻ കഴിയും. രണ്ടു പെൺമക്കളെ എങ്ങനെ വളർത്തും. മാതാവില്ലാത്ത അവരുടെ വേദനയുടെ കണ്ണുനീരും സ്വന്തം വേദനകളും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞ അവസ്ഥ. നിരാശ വേട്ടയാടിയെങ്കിലും പിൻമാറില്ല എന്ന നിശ്ചയത്തോടെ ദൈവത്തോടു ചേർന്നു നടന്നു. വേദനകൾ തമ്പുരാൻ്റെ കരങ്ങളിലേക്കു പകർന്നു. പെൺകുഞ്ഞുങ്ങളെ ഇരു കൈകളിലും ചേർത്തു പിടിച്ചു നടന്നപ്പോഴും തനിക്കാശ്വാസമായത് സ്വർഗം നല്കിയ സമാധാനം മാത്രമാണ്.

പാട്ടുകളിലൂടെ അനേകരുടെ മനസിൻ്റെ മുറിവുണക്കുവാൻ പാടിയതൊക്കെ ഇപ്പോൾ സ്വയം ആശ്വാസം പകരുകയാണ്. വേദന കുമിഞ്ഞു കൂടുമ്പോൾ ആ നെഞ്ചിലേക്ക് ആശ്വാസത്തിൻ്റെ തണുപ്പേകുന്ന വരികൾ ഓർമ്മയിലൂടെ തമ്പുരാൻ ഒഴുക്കിയിറക്കും. അത് ചുട്ടുപൊള്ളുന്ന നെഞ്ചിൽ ആശ്വാസത്തിൻ്റെ മഴയായിതീരും.

പാസ്റ്റർ അലക്സ് ഇ.ജോൺ ആറാം വയസിൽ രാജസ്ഥാനിലെത്തി. ചുട്ടുപൊള്ളുന്ന രാജസ്ഥാൻ മരുഭൂമിയിലൂടെ ഉള്ളം കൂടി ചുട്ടുപൊള്ളി ജീവിച്ചു. ചൂടുകാറ്റിൽ തകർന്നു വീണ പ്രീയപ്പെട്ടവർ നല്കിയ വേദനകൾക്കിടയിലും തമ്പുരാൻ്റെ ചേർത്തുപിടിക്കൽ ആശ്വാസമായി.
ജീവിതം തീർന്നു പോയേക്കാവുന്ന സാഹചര്യങ്ങൾക്കിടയിലും ആ കരം ചേർത്തു പിടിച്ചു നടന്ന ദൈവം തന്നെ തകരാതെ സൂക്ഷിച്ചു.

വേദനകൾക്കിടയിലും പുതിയതൊന്നു ദൈവം ചെയ്തു പെൺമക്കൾക്കൊരമ്മയെ ദൈവം നല്കി. രണ്ടു മക്കളെയും കൂടെ നല്കി. സംഗീത അധ്യാപനവും ശുശ്രുഷകൾക്കുമൊപ്പം പിതാവു ശുശ്രൂഷിച്ച സഭയിൽ തുടർച്ചക്കാരനായി ശുശ്രുഷയും ചെയ്യുന്നു.ഒരേപോലെ വേദന സഹിച്ചവർ ഒരു കുടക്കീഴിൽ പാർക്കുമ്പോഴും മറക്കാൻ കഴിയാത്ത ജീവിതവും വേദനകളും പിന്തുടരുമ്പോഴും നമ്മൾക്കാർക്കും വായിച്ചെടുക്കുവാൻ കഴിയാത്ത മനസുമായി നാഥനിൽ ആശ്വാസം പ്രാപിച്ച് അവർ ജീവിക്കുന്നു.

You cannot copy content of this page