ജോമെറ്റ് പേരിൽ നിറയെ സ്നേഹം ജീവിതം നിറയെ വേദന മനസ് നിറയെ സുവിശേഷം
_മരണനിഴലിൻ താഴ്വരയിൽ കൂടി_ _നടന്നാലും_
_ഞാൻ ഒരു അനർത്ഥവും_ _ഭയപ്പെടുകയില്ല_
_നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ_
_(സങ്കീർത്തനം 23:4)_
ജോമെറ്റ് എന്ന മനോഹരമായ പേരിൽ നിറയെ സ്നേഹമാണ്. സ്നേഹവും മധുരവും ഏറെ അനുഭവിച്ചും പകർന്നും വളർന്ന ജോമെറ്റ് ബാല്യകാലത്തിൽ തന്നെ കർത്താവിനോട് ചേർന്നിരിക്കുവാൻ ശീലിച്ചു.പിതാവ് പാസ്റ്റർ എം. ഒ.ജോൺസനും മാതാവ് റീന ജോൺസനും സഹോദരൻ ജോസിൻ ജോൺസനും ഒപ്പം പാഴ്സനേജുകളിലെ പാർപ്പും ജീവിതവും സഭകളിലെ അനുഭവങ്ങളും തൻ്റെ ജീവിതത്തെ രൂപപ്പെടുത്തുവാൻ സഹായിച്ചു.
പൈതൽ പ്രായമൊക്കെ കഴിഞ്ഞു യൗവ്വനത്തിലേക്കു എത്തിയപ്പോഴേക്കും 2013-ൽ ദൈവവേലയ്ക്കായി വേർതിരിയുകയും തിരുവനന്തപുരം ബഥനി ബൈബിൾ കോളേജിൽ വിദ്യാർത്ഥിയാവുകയും ചെയ്തു. പഠനം തുടരവേ തൻ്റെ കയ്യിൽ ഒരു തടിപ്പ് കാണുകയും അത് വികസിച്ച് വലിയ മുഴയാവുകയും ചെയ്തു. മെഡിക്കൽ കോളേജിൽ പരിശോധിപ്പിച്ചു. കുഴപ്പമൊന്നുമില്ല, സ്വാഭാവികമായ എന്തോ ആണ്. ജോലിയൊക്കെ ചെയ്ത കാരണത്താൽ സംഭവിച്ചതാകാം എന്ന ഉപദേശം കേട്ടു മടങ്ങി.ബഥനിയിലെ പഠനം തുടരുവാൻ കഴിഞ്ഞില്ല. മറ്റു കുട്ടികൾക്കൊപ്പം അസൈൻമെൻറും മറ്റും പൂർത്തിയാക്കുവാൻ കഴിയാത്തതിനാലാണ് പഠനം നിർത്തേണ്ടി വന്നത്. പിന്നീട് കടുത്തുരുത്തി എബനേസർ ബൈബിൾ കോളേജിൽ വിദ്യാർത്ഥിയായി. പഠനം നന്നായി തുടരവേ തൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന മുഴ നിമിത്തം പഠനത്തിൽ പിന്നീടും ബുദ്ധിമുട്ട് നേരിട്ടു. 2015 ലാണ് സംഭവം. ഹോസ്പിറ്റലിൽ പരിശോധനയ്ക്കു വിധേയനായി. ഞെട്ടിക്കുന്ന മറുപടിയാണ് കേട്ടത്. തൻ്റെ ശരീരത്തിൽ കാൻസർ പടർന്നിരിക്കുന്നു. മനസും ശരീരവും മരവിച്ചു. കുടുംബത്തിലെ മൂത്ത മകനാണ്.കുടുംബം ആകമാനം സങ്കടത്തിലായി. എല്ലാവരും കണ്ണുകൾ പർവ്വതങ്ങളിലേക്കുയർത്തി, സഹായത്തിനുള്ള ഒരേയൊരിടം അവിടം മാത്രമാണ്. ഓപ്പറേഷനു വിധേയമായി റെസ്റ്റ് ഒക്കെ കഴിഞ്ഞ് എബനേസറിലെ പഠനം പൂർത്തീകരിച്ചു. അവിടെ നിന്നും ഗ്രാഡ്വേറ്റ് ചെയ്തു. ശുശ്രുഷകളിൽ സജീവമായി.രണ്ടു വർഷങ്ങൾക്കു ശേഷം 2017ൽ വീണ്ടും പ്രശ്നമായി രണ്ടാമത്തെ ഓപ്പറേഷനും തുടർ ചികിത്സകളും. ഇത്തവണ വലതു കൈക്കും നെഞ്ചിനുമിടയിൽ, കക്ഷത്തിനടിയിലായാണ് തടിപ്പ് കണ്ടത്. വളരെ ക്രിട്ടിക്കലായ സ്ഥാനത്താണ്.ബൈപാസ് സർജറിയിലൂടെ മാത്രമെ പ്രശ്നത്തിൽ ഇടപെടുവാൻ കഴിയൂ എന്ന് ഡോക്ടർമാർ, മാത്രമല്ല വിജയസാധ്യത വിരളമാണ്. എങ്കിലും അവിടെയും ദൈവത്തിന്റെ ശബ്ദവും കരവും വെളിപ്പെട്ടു. അതിനു ശേഷം വർഷിപ്പും സഭാ ശുശ്രുഷയുമായി ജീവിതം മുന്നോട്ടു പോയി. രോഗങ്ങൾ എല്ലാം പൂർണമായി മാറി എന്ന വിശ്വാസത്തോടെ ജീവിച്ചു വരവെ 2019 ൽ വീണ്ടും അസ്വസ്ഥത. ഒന്നിനെ അതിജീവിച്ച് നോർമൽ ആയി വരുമ്പോഴേക്കും അടുത്ത ഒന്നാരംഭിക്കുകയായി. രണ്ടു വർഷ ഇടവേളകളിൽ ആശങ്കപ്പെടുത്തുന്ന ദിനങ്ങളായിരുന്നു.
പ്രശ്നം.
ശരിക്കും മരണ നിഴലിൻ്റെ താഴ്വര.കൂരിരുൾ നിറഞ്ഞ ദിനങ്ങൾ. എല്ലാവരുടെയും ധൈര്യം ചോർന്നു പോകുന്ന നിമിഷങ്ങൾ. ഒന്നിനു പിറകേ ഒന്നായി ഒരേ രോഗം ഭീതി വിടർത്തുന്നു.
പക്ഷെ, അന്ന് വലിയതായി വന്ന പ്രശ്നം ചെറിയതായി കടന്നു പോയി. ഓപ്പറേഷൻ നടന്നു എന്നാൽ ഭയപ്പെട്ടവണ്ണം ഒന്നും സംഭവിച്ചില്ല.
എല്ലാം കെട്ടടങ്ങിയിരിക്കവേ 2022 ലും വീണ്ടും കാൻസർ തന്നെ വരിഞ്ഞു മുറുക്കി. ഇത്തവണ ഭോപ്പാലിൽ ശുശ്രുഷയിലായിരിക്കവെയാണ് നാലാം വട്ടവും രോഗം തന്നെ വരിഞ്ഞു മുറുക്കിയത്. ചെറിയൊരു മുഴയായിരുന്നെങ്കിലും അത്യന്തം അപകടകരമായിരുന്നു. ശ്വാസകോശത്തെ വരെ ബാധിച്ചിരുന്നു.തിരുവനന്തപുരം ആർ.സി.സി യിൽ ഓപ്പറേഷനു വിധേയനായി.
ഇപ്രാവശ്യവും വേദനയുടെ നാളുകൾ താണ്ടി മരണത്തിൻ്റെ താഴ്‌വാരം കടന്നു.ചിലപ്പോൾ ശാരീരികമായി തളർന്നു പോകാം അല്ലെങ്കിൽ വെൻ്റിലേറ്ററിലുമായേക്കാം.
എന്നാൽ അവിടെ നിന്നും കർത്താവിന്റെ കരം പൂർണ്ണമായി വിടുവിച്ചു.
ഭോപ്പാലിലേക്കു മടങ്ങിപ്പോകുവാൻ ആഗ്രഹിച്ചെങ്കിലും അവിടുത്തെ കാലാവസ്ഥയും ശരീരവും പൊരുത്തപ്പെട്ടു പോകുവാൻ സാധ്യത കുറവായതിനാൽ കേരളത്തിൽ പ്രവർത്തനം തുടർന്നു.
വേദന നിറഞ്ഞ ഈ ജീവിതയാത്രക്കിടയിൽ ‘ജോയ്സ് ‘ തൻ്റെ ജീവിതത്തിലേക്കു ‘ജോയ് ‘യായി കടന്നു വന്നു. മൂന്നാമത്തെ കാൻസർ കണ്ടെത്തലിനു മുൻപാണ് വിവാഹാലോചന എത്തുന്നത്. ആലോചന നടക്കവെ രോഗം വീണ്ടും സ്ഥിരീകരിച്ചതിനാൽ ജോമെറ്റും വീട്ടുകാരും ജോയ്സിൻ്റെ വീട്ടുകാരെ വിവരം അറിയിച്ചു വിവാഹത്തിൽ നിന്നും പിൻമാറുവാൻ ശ്രമിച്ചു. പക്ഷെ, അവർ പിൻമാറിയില്ല. അവർ കേട്ട ദൈവശബ്ദവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു.
കുടുംബസ്ഥരായി തീർന്ന ഇരുവരും ചേർന്നു സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതരായി. ഗാനശുശ്രൂഷയും പ്രസംഗവും അനുഭവത്തിൽ ചാലിച്ച് പങ്കുവയ്ക്കുവാൻ കർത്താവ് നല്കിയ കൃപയ്ക്കനുസരിച്ചു പ്രവർത്തിക്കുന്നു. കേരളത്തിൽ പലയിടത്തും ബഹ്റിനിലും ഭോപ്പാലിലും ഒക്കെ രോഗാവസ്ഥയിലും ഇടക്കാലങ്ങളിലും ശുശ്രുഷിച്ചു വന്നു. എന്നാൽ രോഗാവസ്ഥ പലപ്പോഴും പ്രവർത്തനങ്ങൾ തുടരുവാൻ തടസമായി. അല്പം ഒന്നു നിവിർന്നു നില്ക്കുവാൻ കഴിയുമ്പോഴൊക്കെ യേശുവിൻ സാക്ഷിയായി നിവിർന്നു നില്ക്കുമായിരുന്നു.
തിരുവല്ലയ്ക്കടുത്ത് പുതിയൊരു പ്രവർത്തനം ആരംഭിച്ച് തുടരവേ പവർ വിഷനിൽ സംഗീത ശുശ്രുഷയിൽ ദൈവം അവസരം നൽകി. ഇപ്പോൾ കുടുംബമായി റാന്നിയിൽ പാർക്കുന്നു.
മരണത്തെ മുഖാമുഖം കണ്ടെങ്കിലും മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ സ്പർശം തൻ്റെയും ജീവിതത്തെ ഓരോ ഘട്ടത്തിലും പുതുക്കിക്കൊണ്ടിരുന്നു എന്നു ജോമെറ്റ് പറയുന്നു. ഡോക്ടർമാർ പറയും വളരെ പ്രയാസകരമാണ്, രക്ഷപെടുമോ എന്നറിയില്ല. രക്ഷപെട്ടാൽ തന്നെ എഴുന്നേറ്റു നില്ക്കുവാൻ കഴിയില്ല. അങ്ങനെ ഭയപ്പെടുത്തുന്ന വാക്കുകൾ കേട്ടു ശീലമായി. എന്നാൽ ഓരോ ഘട്ടത്തിലും ലളിതമായ രീതിയിൽ ഒപ്പറേഷൻ നടക്കത്തക്കവണ്ണം ഇടയായി. അറിഞ്ഞവർ കേട്ടവർ കണ്ണുനീരോടു പ്രാർത്ഥിച്ചു, ദൈവം പ്രവർത്തിച്ചു.
അനേകരുടെ പ്രാർത്ഥന മൂലം ദൈവം പ്രവർത്തിച്ചതാണ് തൻ്റെ ഇന്നത്തെ ജീവിതമെന്ന് ജോമറ്റ് ആവർത്തിച്ചു പറയുന്നു. ലഭിക്കുന്ന ഓരോ നിമിഷവും ദൈവത്തിനായി പാടുവാനും പ്രവർത്തിക്കുവാനും അത്യുത്സാഹത്തോടെ ജോമെറ്റ് ജീവിക്കുന്നു.
Jomet Johnson : 75580 49857/83300 70104