Sunday, September 14, 2025
Latest:
Unique Stories

ഉള്ളിൽ ചോദ്യങ്ങൾ ഉയർന്നിട്ടും ഒന്നിലും പരിഭവം പറയാതെ ക്രിസ്തുവിനായി എരിവോടെ ജീവിക്കുന്ന പാസ്റ്റർ ബിജു ദാനിയേൽ

പ്രഭാഷകൻ, അദ്ധ്യാപകൻ, പരിഭാഷകൻ, സഭാ ശുശ്രുഷകൻ തുടങ്ങി വിഭിന്നമായ നിലകളിൽ ഏറെ വ്യത്യസ്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ദൈവദാസനാണ് പാസ്റ്റർ ബിജു ദാനിയേൽ. ആയിരത്തി തൊള്ളായിരത്തി എൺപത്തൊന്നിൽ ദൈവവിളി അനുസരിച്ച് രാജസ്ഥാനിലേക്ക് കേരളത്തിൽ നിന്നും പോയ അനുഗ്രഹീത മിഷണറി കുടുംബമായ പാസ്റ്റർ ശാമുവേൽ ഡാനിയേൽ – മറിയാമ്മ ഡാനിയേൽ കുടുംബത്തിൻ്റെ മൂന്ന് മക്കളിൽ ഒരാളായ പാസ്റ്റർ ബിജു ജനിച്ചതും വളർന്നതും രാജസ്ഥാനിൽ തന്നെ. മാവേലിക്കര സ്വദേശിയാണ് പാസ്റ്റർ ശാമുവേൽ ഡാനിയേൽ മാതാവ് മറിയാമ്മ കൂടൽ സ്വദേശിനിയും.

ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം നേടി അദ്ധ്യാപകനായി പ്രവർത്തിച്ചെങ്കിലും മനസിൽ ശൂന്യതയുടെ ഇരുട്ടായിരുന്നു. എന്തൊക്കെയോ നിരാശകൾ മനസിൽ തിങ്ങി നിറഞ്ഞു. മിഷണറിമാരായ മാതാപിതാക്കളുടെ മകൻ അദ്ധ്യാപക ജോലി വിട്ട് പൂർണ സമയ ശുശ്രൂഷകനാകുവാൻ സമർപ്പിച്ചു.

രണ്ടായിരത്തിനാലിൽ കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജിൽ എം.ഡിവ് പഠനത്തിനു ചേർന്നു.രണ്ടായിരത്തി ആറിൽ പഠനം പൂർത്തീകരിച്ചു.രണ്ടായിരത്തി ഏഴിൽ ഗ്രാഡ്വേഷൻ കഴിഞ്ഞ് അതേ വർഷം തന്നെ കോട്ടയം സ്വദേശിനി ഷീബയെ വിവാഹം ചെയ്തു.

ലജ്ജ കൂടാതെ സുവിശേഷം പ്രചരിപ്പിക്കുന്നതിൽ അത്യുൽസാഹിയായിരുന്നു പാസ്റ്റർ ബിജു ദാനിയേൽ. കാഠിന്യമേറിയ നിരവധി ജീവിതാനുഭവങ്ങളിലൂടെ ഇക്കാലമത്രയും കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ചില ഘട്ടങ്ങളിൽ പല ചോദ്യങ്ങളും ദൈവത്തോടും ചോദിച്ചിട്ടുണ്ട്. എങ്കിലും ഒരിക്കൽ പോലും ദൈവത്തോട് പരാതി പറയുകയോ പരിഭവിക്കുകയോ ചെയ്തിട്ടില്ല.

രണ്ടായിരത്തി ഇരുപത്തൊന്നിൽ തൻ്റെ ഭാര്യ മരണപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ എട്ടാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന മകൾ പാസ്റ്റർ ബിജുവിനോട് പറഞ്ഞു ‘നിങ്ങളെല്ലാവരും കള്ളം പറയുകയായിരുന്നല്ലേ, അമ്മ മരിക്കത്തില്ലെന്ന്. പിന്നെന്താ അമ്മ മരിച്ചത്, ദൈവം എന്താ ഇങ്ങനെ ചെയ്തത്?’ ഇത്തരം സന്ദർഭങ്ങളൊക്കെ വന്നപ്പോഴും തമ്പുരാൻ്റെ നെഞ്ചിലേക്കമർന്നു കിടന്നു വിശ്വാസപ്രഖ്യാപനം പുതുക്കുവാൻ മാത്രമാണ് പാസ്റ്റർ ബിജു ദാനിയേൽ ശ്രദ്ധിച്ചിരുന്നത്.

ആയിരക്കണക്കിനു സുവിശേഷ പ്രതികളുമായി നൂറുകണക്കിനു ഗ്രാമങ്ങൾ കയറിയിട്ടുള്ള പാസ്റ്റർ ബിജുവിനൊപ്പം സമർപ്പണമുള്ള മിഷണറിമാരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു.അവർക്കൊപ്പം എത്രയോ ഇടങ്ങളിൽ സ്വീകരിക്കപ്പെട്ടപ്പോഴും നിരവധി ഇടങ്ങളിൽ തിരസ്കരിക്കപ്പെട്ടു. ആക്ഷേപം പറഞ്ഞും ചവിട്ടിയും അടിച്ചും പുറത്താക്കപ്പെട്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടും സുവിശേഷത്തിനായി ഉള്ളി കത്തുന്ന അഗ്നിയുടെ ചൂടും ശോഭയും കൂടിയിട്ടുള്ളതല്ലാതെ ഒരിഞ്ചു പോലും കുറഞ്ഞിട്ടില്ല.

അനുകൂലമല്ലാത്ത അനുഭവങ്ങളിലൂടെയും സഞ്ചരിച്ച് വിശ്വാസ ജീവിതത്തിൽ ആവേശപൂർവ്വം മുന്നേറുന്ന പാസ്റ്റർ ബിജു ദാനിയേലിൻ്റെ സാക്ഷ്യം നമ്മൾ കേൾക്കേണ്ടതാണ്. സെപ്തംബർ 7 ഞായർ രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ‘ഹൃദയസ്പർശം’ അനുവസാക്ഷ്യ പരമ്പരയിൽ പാസ്റ്റർ ബിജു ദാനിയേൽ നമ്മൾക്കൊപ്പം ചേരുന്നു. 9.30 മുതൽ 10.15 വരെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

മറക്കാതെ വരിക, പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുക.
സ്നേഹിതർക്കും ഈ കുറിപ്പും ലിങ്കും അയക്കുക. അവരെയും വ്യക്തിപരമായി ക്ഷണിക്കുക.

ഈ ലിങ്ക് / പാസ്കോഡ് വഴി മീറ്റിംഗിൽ കയറാം

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page