ഒരു സാധാരണ കൺവൻഷൻ ജോസ് ജോസഫിൻ്റെ ജീവിതത്തെ അസാധാരണമാക്കിയ കഥ ഉദയ്പൂരിൽ നിന്നും ഉദയ്പൂരിലേക്ക്

ആ കാലത്ത് മാവേലിക്കരയിൽ വേദവിദ്യാർത്ഥിയായിരുന്നു ജോസ് ജോസഫ്. 1984 ൽ ഒരു ദിവസം കോളേജിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം സമീപെ നടന്ന ഒരു കൺവൻഷന് പങ്കെടുക്കുവാൻ പോയി. അന്ന് പാസ്റ്റർ തോമസ് മാത്യു ഉദയ്പൂർ ആയിരുന്നു മുഖ്യ പ്രഭാഷകൻ. ഉത്തരഭാരതത്തിൽ ദൈവം ഉപയോഗിക്കുന്ന അതുല്യനായ അദ്ദേഹത്തിൻ്റെ പ്രസംഗത്തിലൂടെ ജോസ് ജോസഫിൻ്റെ ചിന്തകൾ ഇളകി മറിഞ്ഞു.
തൻ്റെ ചിന്തകൾ ഇളകി മറിയുവാൻ കാരണമുണ്ട്. ജോസിൻ്റെ പിതാവ് ഒരു കർഷകനായിരിക്കെ തന്നെ ഉജ്വലനായ ഒരു സുവിശേഷകൻ കൂടി ആയിരുന്നു. മല്ലപ്പള്ളിയിൽ നിന്നും കട്ടപ്പനയ്ക്ക് കുടിയേറി മണ്ണിനോട് മല്ലിട്ടുള്ള ജീവിതത്തിനിടയിലും ആത്മീയ കാര്യങ്ങൾക്ക് ഒരു വിട്ടു വീഴ്ചയും ചെയ്യില്ലായിരുന്നു. കുടിയേറ്റ മേഖലയിൽ ആ കാലത്ത് ദൈവദാസൻമാരുടെ എണ്ണം കുറവായിരുന്നു, ആയതിൽ തൻ്റെ പിതാവ് കാർഷിക വൃത്തിക്കൊപ്പം സഭകൾ ആരംഭിക്കുന്നതും അത് നടത്തിക്കൊണ്ട് പോകുന്നതും കണ്ടാണ് ജോസ് വളർന്നത്. അങ്ങനെയുള്ള മാതൃകയും അനുഭവങ്ങളുമാണ് തന്നെ ദൈവവേലക്കിറങ്ങുവാൻ പ്രേരിപ്പിച്ചത്.
ഇടുക്കിയുടെ പരിസരങ്ങളിലെ സഭാസ്ഥാപന പ്രവർത്തനങ്ങൾ കണ്ടു വളർന്ന ജോസ് ജോസഫ് പഠനം കഴിഞ്ഞ് തിരിച്ചെത്തി പിതാവിനൊപ്പം പ്രവർത്തനം തുടരുവാൻ മനസ് കൊണ്ട് ഒരുങ്ങിയിരിക്കുമ്പോഴാണ് പാസ്റ്റർ തോമസ് മാത്യുവിൻ്റെ പ്രസംഗം തൻ്റെ ചിന്തകളെ ഇളക്കി മറിച്ച്, മറ്റൊരു തീരുമാനത്തിലേക്ക് വഴി തിരിച്ചത്.
അന്ന് രാത്രിയിൽ കണ്ണുകൾ എത്ര കണ്ട് ഇറുകെ അടയ്ക്കുവാൻ ശ്രമിച്ചിട്ടും ഉറക്കം തഴുകാത്തതിനാൽ അത് നടന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന ആ രാത്രി കൊണ്ട് തൻ്റെ തീരുമാനങ്ങളും താൻ മറിച്ചിട്ടു. ‘ഇനി കേരളത്തിൽ തുടരുന്നില്ല, വടക്കേ ഇന്ത്യയിലാണ് ഞാൻ ആയിരിക്കേണ്ടത്’.
മാവേലിക്കരയിലെ പഠനം പൂർത്തിയാക്കി,ചണ്ഡിഗഡിലേക്ക് വണ്ടി കയറി. ഒരു വർഷത്തെ പഠനത്തിനിടയ്ക്ക് തന്നെ ആ ഇരുപത്തിമൂന്നുകാരനെ ഉദയ്പൂരിലെ ഒരു സഭയിലേക്ക് അയച്ചു. ചണ്ഡിഗഡിൽ നിന്നും ആയിരം കിലോമീറ്റർ ദൂരമുള്ള ഉദയ്പൂരിലെത്തുവാൻ അതും ഒറ്റയ്ക്കെത്തുവാൻ കർത്താവ് തുണ നിന്നതിൻ്റെ മഹത്വമൊക്കെ പിന്നീടാണ് മനസിലായത്. ഒരു പരിചയവുമില്ലാത്ത ഭാഷ പോലും തിരിച്ചറിയുവാൻ കഴിയാത്ത ഒരിടത്ത് പ്രവർത്തന നിരതനാവണമെങ്കിൽ അതിന് ദൈവകൃപ അനിവാര്യം തന്നെ. ആ കൃപയിൽ ആശ്രയിച്ചു രാജസ്ഥാനിലൂടെ പാസ്റ്റർ ജോസ് ജോസഫ് നെടുകെയും കുറുകെയും നടക്കുവാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടു. അതിൽ തന്നെ മൂന്ന് ദശാബ്ദങ്ങൾ പ്രതാപ്ഗഡ് കേന്ദ്രമാക്കി പ്രവർത്തനം തുടരുന്നു.
ശൂന്യതകളിലേക്ക് നടന്നു കയറിയതിൻ്റെയും അവിടങ്ങളിൽ ദൈവം ചെയ്ത അത്ഭുതങ്ങളുടെയും നൂറുകണക്കിന് അനുഭവങ്ങളാണ് പാസ്റ്റർ ജോസിനും ചുറ്റും നില്ക്കുന്നത്. പർവ്വത സമാനമാന പ്രശ്നങ്ങൾ പലതും കടലിലേക്ക് പറന്നു പോയതിൻ്റെ കാഴ്ചകൾ ഇന്നും കണ്ണിൽ മറയാതെ നില്കുന്നു. മരണത്തിൻ്റെ വഴികൾ പലതും താണ്ടിക്കഴിഞ്ഞപ്പോഴാണ് താൻ ദൈവത്തിൻ്റെ കരങ്ങളിലായിരുന്നു അപ്പോഴൊക്കെ ഇരുന്നിരുന്നത് എന്ന് അറിഞ്ഞത്. രോഗങ്ങളും ഞെരുക്കങ്ങളും വിവിധ കഷ്ടതകളും ഒട്ടും മുന്നോട്ടു വിടാതെ നിന്ന പ്രാരംഭ കാലങ്ങളെ ഓർത്തെടുക്കുമ്പോൾ പാസ്റ്റർ ജോസിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകും.
മലയാളക്കരയിലെ സൌകര്യങ്ങളിൽ നിന്നും എല്ലാം കൊണ്ടും വീർപ്പുമുട്ടലുകൾ മാത്രം നല്കിയ ഉത്തരേന്ത്യൻ മണ്ണിൽ നാല് പതിറ്റാണ്ടോളമായി സുവിശേഷ വേലയിൽ സജീവമായ പാസ്റ്റർ ജോസ് ജോസഫിൻ്റെ അത്യപൂർവ്വ അനുഭവങ്ങൾ നമ്മുടെ വിശ്വാസയാത്രയ്ക്ക് കരുത്തു പകരും.
ഇടുക്കിയിലും കേരളത്തിലും ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഒരു സുവിശേഷകൻ്റെ പാഠശാലയിലൂടെ ആയിരക്കണക്കിനു ഗ്രാമങ്ങളിലേക്ക് സുവിശേഷത്തിൻ്റെ കുത്തൊഴുക്കിന് വഴിയൊരുങ്ങിയത് നാം പഠിക്കേണ്ട പാഠമാണ്. ജീവിത പ്രയാസങ്ങളെ സൈഡിലേക്ക് മാറ്റി നിർത്തി വിശ്വാസയാത്ര തുടർന്ന പാസ്റ്റർ ജോസ് ജോസഫിൻ്റെ ജീവിതത്തിലൂടെ ദൈവം പ്രവർത്തിച്ച വഴികൾ പങ്കിടുവാൻ അദ്ദേഹം “ഹൃദയസ്പർശ”ത്തിൽ എത്തുന്നു. 2025 ഡിസംബർ 7 ഞായർ വൈകിട്ട് 9.30 മുതൽ 10.15 വരെ തൻ്റെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കു വയ്ക്കും. പ്രാർത്ഥനാ പൂർവ്വം കേൾക്കുക; ദൈവം നിങ്ങളെയും ഒരു അത്ഭുതമാക്കും.
എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.
ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
