മോനച്ചൻ ജോർജ് ആഴിയുടെ ആഴം ആരായാതെ അലകളെ തെല്ലും ഭയപ്പെടാതെ സമുദ്രത്തിൻ നടുവിലേക്കിറങ്ങി,എന്നിട്ട്?

മദ്ബഹായിൽ പത്ത് വർഷക്കാലം ശുശ്രൂഷ ചെയ്ത മോനച്ചൻ ജോർജ് പുരോഹിതൻമാർക്കും കന്യാസ്ത്രീകൾക്കുമൊപ്പം സഭാ പ്രവർത്തനങ്ങൾക്ക് നിസ്തുല്യമായ സംഭാവനകൾ നല്കിയിരുന്ന യൗവ്വനകാലത്തിനുടമയായിരുന്നു. സഭാമക്കൾക്ക് മോനച്ചനോട് ഏറെ പ്രീയമായിരുന്നു. പള്ളിയിലെ ക്വയറിൽ മുൻനിരയിലുണ്ടായിരുന്നതിനാൽ പാട്ടുകാരൻ മോനച്ചൻ എന്ന പേരിൽ താരപ്രഭയോടെയാണ് ആ കാലത്ത് പുനലൂരിനടുത്തുള്ള ഉറുകുന്നിൽ ജീവിച്ചിരുന്നത്. ഈ കണക്കിനു മുന്നോട്ടു പോയാൽ പള്ളീലച്ചൻ ആകുമെന്നു കരുതി നാട്ടുകാർ ഫാദർ മോനച്ചൻ എന്നും വിളിക്കുമായിരുന്നു.
അച്ചനാവുക എന്നത് മോനച്ചൻ അത്രകാര്യമായി എടുത്തില്ലെങ്കിലും വീട്ടുകാർക്ക് അത് വലിയ കാര്യമായിരുന്നു. അപ്പനും അമ്മയും മോനച്ചനെ അച്ചനാകുവാൻ സമർപ്പിച്ച് വളർത്തുകയായിരുന്നു. കടുത്ത യാഥാസ്ഥിതിക കത്തോലിക്കാ പശ്ചാത്തലമുള്ള കുടുംബമായതിനാൽ പള്ളിക്കാര്യം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ.
അങ്ങനെ പള്ളിയും ചുറ്റുപാടുമായി ജീവിതം താളാത്മകമായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ പ്രീഡിഗ്രി പാസായി കമ്പ്യൂട്ടറിൽ ഡിപ്ലോമായും നേടി ഇന്നത്തെ മുംബൈയിലേക്ക് ട്രെയിൻ കയറി. അന്ന് ബോംബെ എന്നാണ് മുംബൈ അറിയപ്പെട്ടിരുന്നത്. ഇന്ന് ഗൾഫിൽ ജോലിക്ക് പോകുന്ന പോലെയാണ് അന്ന് ബോംബെയ്ക്ക് പോകുന്നത്.
ബോംബെയിൽ എത്തിയ മോനച്ചൻ ജോർജിന് ഒരു പാഴ്സൽ കമ്പനിയിൽ IT എക്സിക്യൂട്ടീവായി ജോലി കിട്ടി. 1993 ൽ കമ്പ്യൂട്ടറിൻ്റെ ABCD പോലും കാര്യമായിട്ടാർക്കും അറിയാതിരുന്ന കാലത്താണ് മോനച്ചൻ ജോർജ് IT മേഖലയിൽ ചുവടു വച്ചത്.മികവാർന്ന നിലയിൽ ജോലിയിൽ മുന്നേറുന്ന മോനച്ചൻ്റെ ജീവിതത്തിലേക്ക് അവിടെ വച്ച് ഒരു ബാല്യകാല സുഹൃത്തിൻ്റെ കടന്നു വരവുണ്ടായി.അവർ തമ്മിൽ ചർച്ചകളും തർക്കങ്ങളും ആരംഭിച്ചു.
നാട്ടിൽ വച്ചേ ചർച്ചയും തർക്കവും മോനച്ചൻ ഒഴിവാക്കില്ലായിരുന്നു. എല്ലാവരോടും എല്ലാ വിഷയത്തിലും തർക്കങ്ങളില്ല. പെന്തെക്കോസ്ത് കാരോടുമാത്രം.തർക്കങ്ങളിൽ താൻ ജയിക്കില്ലെന്നറിയാമെങ്കിലും അവരോട് തർക്കിക്കുവാനും മാത്രം ദേഷ്യമുണ്ടായിരുന്നു മോനച്ചന്.
ബോംബെയിൽ വച്ച് ബാല്യകാല സൗഹൃദം പുതുക്കുവാൻ എത്തിച്ചേർന്ന സുഹൃത്ത് ഈ കാലത്തിനിടയിൽ പെന്തെക്കോസ്തായെന്നു മാത്രമല്ല ഒരു പാസ്റ്ററുമായി അവിടെ സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു.അവർ ഒന്നിച്ചുള്ള സമയങ്ങളുടെ അളവ് കൂടുന്തോറും ചർച്ചകളും തർക്കങ്ങളും കൂടി ക്രമേണ തർക്കങ്ങൾ ചർച്ചകൾക്കും ബോധ്യങ്ങൾക്കും വഴി മാറി. ആ ഒത്തുചേരൽ മോനച്ചൻ ജോർജിൻ്റെ ജീവിതത്തെ സ്വാധീനിക്കുവാൻ തുടങ്ങി.
സഭയും വേദപുസ്തകവും രണ്ടു ധ്രുവങ്ങളിലായി നിന്ന് സത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുള്ള വടംവലി ആരംഭിച്ചു. മോനച്ചൻ്റെ മനസ് ആ അന്വേഷണങ്ങൾക്കിടയിൽ പൊള്ളുവാൻ തുടങ്ങി. സത്യം ഏതെന്ന തിരിച്ചറിവിലേക്ക് ആ പൊള്ളൽ കൊണ്ടെത്തിച്ചു. അതിനൊടുവിൽ ശക്തമായ ഒരു തീരുമാനവുമായി അമ്മയ്ക്ക് കത്തെഴുതി. മറുപടികൾ പതിവായി അപ്പനാണ് എഴുതിയിരുന്നതെങ്കിൽ, ആ കത്തിന് അമ്മയുടെ അക്ഷരങ്ങളായിരുന്നു. അമ്മ മോനച്ചനെഴുതിയ ആദ്യ കത്തുമതായിരുന്നു. അതിൽ അമ്മ ആഗ്രഹിച്ച കാര്യങ്ങൾക്ക് ഉത്തരമാകുവാൻ കഴിയാതവണ്ണം ദിവസങ്ങൾ പലതും കഴിഞ്ഞു പോയിരുന്നു.
മോനച്ചൻ ജോർജ് പുതിയൊരു മനുഷ്യനായി ബോംബെയിൽ തന്നെ തുടർന്നു. IT മേഖലയിൽ മികവുറ്റ പ്രൊഫഷണലായി അപ്പോഴേക്കും അദ്ദേഹം മാറിയിരുന്നു.ഇതിനിടയിൽ ബോംബെയിൽ തന്നെയുള്ള മലയാളി കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. ചില വർഷങ്ങൾക്കിടയിൽ രണ്ടു കുഞ്ഞുങ്ങളെയും ദൈവം അവർക്കു സമ്മാനിച്ചു.അങ്ങനെ ഔദ്യോഗിക രംഗത്ത് ശ്രദ്ധേയമായി ജീവിച്ചു കുടുംബവും ഒക്കെ നോക്കി നടത്തി വരവേ ദൈവം മോനച്ചന് അതിലും മികച്ചൊരു ദൗത്യത്തിനു വിളിച്ചു.
പുതിയ ദൗത്യം മികച്ചതാണെന്ന് മോനച്ചനറിയാമെങ്കിലും അടുത്തു നില്കുന്നവർ അത്ര കണ്ട് അംഗീകരിച്ചു കൊടുത്തില്ല.അവർ കുടുംബത്തിൻ്റെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെയും ഭാവിയേക്കുറിച്ച് ആശങ്കാകുലരായി അദ്ദേഹത്തെ തീരുമാനത്തിൽ നിന്നും പിന്നോട്ടു മാറുവാൻ പരമാവധി പ്രേരിപ്പിച്ചു.
എന്നാൽ മോനച്ചൻ ഇറങ്ങുവാൻ തന്നെ തീരുമാനിച്ചു. ആഴിയുടെ ആഴം ആരായാതെ അലകളെ തെല്ലും ഭയപ്പെടാതെ വിശ്വാസത്തിൻ്റെ ഉറച്ച ചുവടുകൾ വെള്ളത്തിന്മീതെ ചവുട്ടി. ഓരോ ചുവടുകൾ വക്കുമ്പോഴും തിരകൾ ഉയർന്നു പൊങ്ങി, അവ തകർക്കണമെന്ന ഉദ്ദേശത്തോടെ ആഞ്ഞടിച്ചെങ്കിലും ഒന്നും ചെയ്യുവാൻ കഴിയാതെ മടങ്ങി.
ഐ.ടി ജോലി വിട്ട മോനച്ചൻ പിന്നെ എങ്ങോട്ടാണ് പോയത്? കൈക്കുഞ്ഞുങ്ങളുമായി ബൈബിൾ പഠിക്കാൻ പോയ കാലത്തെ പൊള്ളുന്ന അനുഭവങ്ങൾ എന്തായിരുന്നു? നാട്ടിലെത്തിയ മോനച്ചനെ വീട്ടുകാർ എങ്ങനെയാണ് സമീപിച്ചത്? കൈ നിറയെ കാശ് കിട്ടുന്ന ജോലി വിട്ട് വിശ്വാസ വീട്ടിലേക്ക് എങ്ങനെയാണ് ചുവടു വച്ചത്? മക്കളെ സ്കൂളിൽ വിട്ട് പഠിപ്പിക്കില്ലെന്ന് തീരുമാനിക്കാൻ കാരണമെന്ത്? വിശ്വാസയാത്രക്കിടയിൽ മക്കളുടെ പഠിപ്പ് മുടങ്ങിയോ? മാസവരുമാനമില്ലാതെ ഇക്കാലമത്രയും എങ്ങനെയാണ് ജീവിച്ചത്? ബോംബെ വിട്ട് കോലാപ്പൂരിൽ എത്തി എന്തത്ഭുതമാണ് ചെയ്തത്?കേരളത്തിൽ വേദപഠനം കഴിഞ്ഞ് പയനിയർ വർക്ക് ചെയ്ത് വിജയിച്ചു നിന്ന ഇടുക്കിയിലെ ഇരട്ടയാറിൽ നിന്നും അന്നു വരെ കണ്ടിട്ടില്ലാത്ത ദേശത്തേക്ക് മോനച്ചൻ ജോർജ് എങ്ങനെയാണ് എത്തിയത്?
ഇന്ത്യയുടെ വ്യാവസായിക നഗരമായ ബോംബെയിലെ സൌകര്യങ്ങൾ വലിച്ചെറിഞ്ഞ് സുവിശേഷത്തിൻ്റെ വ്യത്യസ്ത വഴി തെരഞ്ഞെടുത്ത് മഹാരാഷ്ട്രയിലെ കോലാപൂരിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന പാസ്റ്റർ മോനച്ചൻ ജോർജിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. ആ അനുഭവങ്ങൾ നമ്മെ ഭയങ്ങൾക്കപ്പുറത്തേക്ക് കൈപിടിച്ച് നടത്തുവാൻ കരുത്തുള്ളതാണ്. അതിനാൽ പാസ്റ്റർ മോനച്ചൻ്റെ അനുഭവങ്ങൾ നാം കേൾക്കണം.പാസ്റ്റർ മോനച്ചൻ ജോർജ് ‘ഹൃദയസ്പർശം – അനുഭവസാക്ഷ്യപരമ്പര’ യിൽ അനുഭവം പങ്കുവയ്ക്കുവാൻ എത്തുന്നു.
2025 നവംബർ 23 ഞായർ ഇന്ത്യൻ സമയം രാത്രി 8 മണി മുതലുള്ള സാക്ഷ്യ പരമ്പരയിൽ ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.15 വരെയുള്ള സമയത്താണ് തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത്.
എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.
ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
