Sunday, November 23, 2025
Latest:
Unique Stories

പോളിയോ മൂലം തളർന്ന കാലുകളുമായി മുച്ചക്ര വാഹനത്തിൽ ഉത്തരേന്ത്യൻ മിഷൻ ഫീൽഡിനെ ചലിപ്പിക്കുന്ന പാസ്റ്റർ രാജേഷ് എന്ന മലയാളി യുവപാസ്റ്ററുടെ വേറിട്ട ജീവിതം

വർഷകാലത്ത് ശ്യാമള എന്ന അമ്മ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാർവ്വോട് ചേർത്തണച്ച് പച്ചക്കട്ട കൊണ്ട് കെട്ടി ഓലമേഞ്ഞ വീട്ടിൽ കൂനിക്കൂടിയിരിക്കും.മൺകട്ടയും ഓലമേഞ്ഞതുമായ വീട് ആ കാലത്ത് ധാരാളമായിരുന്നു, ആണ്ടുതോറും മേച്ചിൽ മാറണം എങ്കിൽ മാത്രമേ വെയിലും മഴയുമേൽക്കാതെ അകത്തു കഴിയാൻ പറ്റൂ. എന്നാൽ നെയ്യാറ്റിൻകരയിലെ ശ്യാമളയുടെ വീട്ടിൽ രണ്ടും മൂന്നും വർഷം കൂടുമ്പോൾ പോലും ഓല മാറുവാൻ കഴിയുമായിരുന്നില്ല.

വളരെ ചെറിയ പ്രായത്തിലെ വൈധവ്യത്തിലേക്കെറിയപ്പെട്ടവളാണ് അവർ. കുടുംബ ജീവിതം ഏറെ സംഘർവും സങ്കടവും നിറഞ്ഞതായിരുന്നു.മൂത്ത മകന് മൂന്നര വയസായപ്പോൾ ഭർത്താവ് മരണപ്പെട്ടു. പിന്നീട് ജീവിതത്തോട് നന്നായി പൊരുതി മൂന്ന് മക്കളെയും വളർത്തുവാൻ നെട്ടോട്ടമായിരുന്നു.

യാത്രക്കിടയിൽ പെന്തെക്കോസ്തനുഭവത്തിലേക്ക് എത്തി. ജീവിതാവസ്ഥ അത്ര കഠിനമായപ്പോൾ പ്രാർത്ഥിക്കുവാൻ വന്നവർക്കൊപ്പം പള്ളിയിൽ കയറി കൂടിയതാണ്.അമ്മ ഒറ്റയ്ക്ക് തുഴഞ്ഞിട്ട് ജീവിതം കര കയറാത്തതിനാൽ രണ്ടാമത്തെ മകൻ എട്ടാം ക്ലാസിൽ പഠിത്തം നിറുത്തി നാട്ടിൽ പണിക്കിറങ്ങി. മൂത്ത മകനും അങ്ങനെ ആഗ്രഹമുണ്ടായിരുന്നു എന്നാൽ മൂന്നാം വയസിൽ പോളിയോ വന്ന് ഇടതു കാൽ തളർന്നതിനാലും നല്ല ചികിത്സ നല്കുവാൻ കഴിയാതിരുന്നതിനാലും അവനെ ആരും പണിക്കെടുക്കില്ലായിരുന്നു, അവൻ പഠിത്തം തുടർന്നു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ആ മകന് ദൈവം സുവിശേഷ വേലയ്ക്കായി വിളിച്ചതിനാൽ പ്രമുഖ ബൈബിൾ കോളേജിൽ പഠിക്കാൻ ചേർന്നു.

പക്ഷെ, വീട്ടിലെ സാഹചര്യം അവിടുത്തെ പഠനം പൂർത്തീകരിക്കുവാൻ പിന്തുണച്ചില്ല. തിരിച്ചെത്തിയ മകൻ മറ്റൊരു ബൈബിൾ കോളേജിൽ പഠിച്ച് നാട്ടിൽ പൊതു ശുശ്രൂഷയുമായി ജീവിതം തുടർന്നു.
രാജേഷ് എന്ന ആ മകനോട് ദൈവം പറഞ്ഞു നീ ഉത്തർപ്രദേശിൽ പോയി പ്രവർത്തിക്കണമെന്ന്. തിരുവനന്തപുരത്തിനടുത്തെവിടെയോ ആണ്  ഉത്തർപ്രദേശ് എന്ന് തോന്നുമാറായിരുന്നു ആ ക്ഷണം. കയ്യിൽ കാൽ കാശില്ല, ഭാഷ ഒട്ടു അറിയുകയുമില്ല പോരാത്തതിന് പോളിയോ മൂലം ഇടതുകാൽ തളർന്നതുമാണ്. എന്നിട്ടും ദൈവം രാജേഷിനെ യു.പി.ക്കായി തെരഞ്ഞെടുത്തു.

വീട്ടുകാർക്കും സഭക്കാർക്കും ആദ്യമൊന്നും ഉത്തർപ്രദേശ് ദഹിച്ചില്ല.എന്നാൽ ക്രമേണ ദൈവനിയോഗത്തിനൊപ്പം നിന്നു. എല്ലാവരും കൂടി ധനശേഖരണം നടത്തി 3500 രൂപ കയ്യിൽ കൊടുത്തതുമായി റെയിൽവേ സ്റ്റേഷനിലെത്തി ലക്നൗവിന് ഒരു ഓർഡിനറി ടിക്കറ്റെടുത്ത് തൻ്റെ ആദ്യ മിഷനറി യാത്ര ആരംഭിച്ചു. തിരുവനന്തപുരം ജില്ല വിട്ടുള്ള ആദ്യ യാത്ര കേരളത്തിലെ മറ്റൊരിടത്തേക്കല്ല മറിച്ച് ഭാരതത്തിൻ്റെ ഹൃദയഭൂമികയിലൊന്നിലേക്ക്.

ലക്നൗ വിലെത്തിയതിനു ശേഷം ദൈവം സംസാരിച്ച സ്ഥലത്തേക്ക് യാത്ര തുടന്നു ആ ദൈവപുരുഷൻ. വൈകല്യം കാലിനു മാത്രമല്ല പേഴ്സിനും ഭാഷയ്ക്കുമെല്ലാമുണ്ട്. ഒന്നിനും കൊള്ളത്തില്ലല്ലോ എന്ന തോന്നലുമായി മുറിയിൽ കതകടച്ചിരുന്നു പ്രാർത്ഥിക്കുവാൻ തുടങ്ങി. ഭക്ഷണത്തിൻ്റെ പ്രയാസങ്ങൾ പരിഹരിക്കുവാൻ പ്രാർത്ഥിച്ചില്ല. പ്രാർത്ഥന ഭാഷാ വരത്തിനായിട്ടായിരുന്നു.

ജനങ്ങൾ സംസാരിക്കുന്ന ഭാഷ എല്ലാം എന്നെ പഠിപ്പിക്കണമേ, പരസ്പരം മനസിലാക്കുവാൻ കഴിയണമേ എന്ന പ്രാർത്ഥന തുടർന്നു. പതിനഞ്ച് വർഷമായി യു പി യിൽ പ്രവർത്തിക്കുന്ന പാസ്റ്റർ രാജേഷ് ആർ.പോളിനെ ദൈവം അസാധാരണമായി ഉപയോഗിക്കുന്നു. മുച്ചക്ര വാഹനത്തിൽ സഞ്ചരിച്ച് ഗ്രാമങ്ങളെ ഇളക്കി മറിക്കുന്നു. വ്യത്യസ്ത നിലകളിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു. ദൈവം പാസ്റ്റർ രാജേഷിനെ ഉപയോഗിക്കുന്ന മേഖലകളും തൻ്റെ ജീവിതവും വ്യത്യസ്തമാണ്.

പോളിയോ വന്നു തളർന്ന കാലുകളുമായി അസാധാരണമായ വിശ്വാസച്ചുവടു വയ്ക്കുന്ന അദ്ദേഹത്തിൻ്റെ സാക്ഷ്യം നാം കേൾക്കേണ്ടതാണ്. പാസ്റ്റർ രാജേഷ് ആർ.പോൾ 2025 ഒക്ടോബർ 19 ഞായർ വൈകിട്ട് 8 ന് തുടങ്ങുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. രാത്രി 8.15 മുതൽ 9.00 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത്, ക്ഷണിക്കണം.

മറക്കരുത്, ഈ ഞായറാഴ്ച
(ഒക്ടോബർ 19 ) ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page