കനൽ വഴികൾ താണ്ടിയുള്ള പാസ്റ്റർ കെ.വി.എബ്രഹാമിൻ്റെ ജീവിതം കൊച്ചറ മുതൽ കുർജ വരെ

ഇടുക്കി കൊച്ചറക്കാരൻ കെ.വി.എബ്രഹാമിൻ്റെ പിതാവ് ഒരു പാസ്റ്ററായിരുന്നു. പിതാവിൽ നിന്നും കെ.വി.എബ്രഹാമിലേക്ക് സുവിശേഷകനാകണമെന്ന ആഗ്രഹം ഒഴുകിയിറങ്ങി. വിദ്യാഭ്യാസകാലത്ത് തന്നെ തന്നിൽ നിറഞ്ഞ ആഗ്രഹത്തിന് അനുസൃതമായ ജീവിതശൈലി താൻ രൂപപ്പെടുത്തി. പഠനാനന്തരം വേദ വിദ്യാർത്ഥിയായി പെരുമ്പാവൂർ അഗപ്പെ ബൈബിൾ കോളേജിലെത്തി, അവിടെ നിന്നും സുവിശേഷകനായി പുറത്തിറങ്ങി മലപ്പുറം, വയനാട് ജില്ലകളിലായി ചില വർഷങ്ങൾ പ്രവർത്തിച്ചു.
വടക്കൻ കേരളത്തിൽ പ്രവർത്തിക്കുമ്പോഴും മനസ് ഉത്തരേന്ത്യക്കായി തുടിക്കുകയായിരുന്നു. അവിടെയെത്താൻ പല വഴികൾ ആലോചിച്ചു, പലരുമായും ബന്ധപ്പെട്ടു. ഒരു വഴിയും ഉത്തരേന്ത്യയിലേക്ക് തുറന്നില്ല. അങ്ങനെ വർഷങ്ങൾ ചിലത് പിന്നിടവെ ഒരു ദിവസം ‘അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ’ മാസികയിൽ ഒരു ലേഖനം കണ്ടു.
പാസ്റ്റർ പാപ്പി മത്തായി ഉത്തരേന്ത്യയിലെ പ്രവർത്തന സാധ്യതകളെക്കുറിച്ചും മിഷണറിമാരുടെ ആവശ്യകതയെക്കുറിച്ചും എഴുതിയ ലേഖനം പാസ്റ്റർ കെ.വി.എബ്രഹാമിൻ്റെ ഹൃദയത്തെ പിളർത്തി. തൻ്റെ മനസ് വിങ്ങി തുടിച്ചു, കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അന്ന് നോർത്ത് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിലിൽ യു.പി കൂടാതെ നിരവധി സംസ്ഥാനങ്ങൾ ഉണ്ട്. വിശാലമായ പ്രവർത്തന സ്ഥലങ്ങളിൽ ഒരിടത്തെങ്കിലും അവസരം നല്കണം എന്നു പറഞ്ഞ് പാസ്റ്റർ പാപ്പി മത്തായിക്ക് കത്തെഴുതി. ആ കത്ത് പാസ്റ്റർ എബ്രഹാമിൻ്റെ ഉത്തരേന്ത്യൻ സ്വപ്നങ്ങൾക്ക് ചിറകു നല്കി.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ അഞ്ചും ഒന്നും വയസുള്ള രണ്ട് പെൺമക്കളുമായി പാസ്റ്റർ ഏബ്രഹാം ഭാര്യ സാലിയുമൊത്ത് ഉത്തർപ്രദേശിലെത്തി. മുപ്പത്തിമൂന്ന് വർഷം പിന്നിടുന്നു. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ദീർഘ വർഷങ്ങൾ. സന്തോഷവും സങ്കടവും നീന്തിക്കടന്ന കാലഘട്ടം. അന്നത്തെ ഒരു വയസുകാരി 25 വർഷം പിന്നിട്ടപ്പോൾ നിത്യത പൂകിയതിൻ്റെ തീരാത്ത വേദന മനസിനെ കീറി മുറിക്കുമ്പോഴും നൂറുകണക്കിന് ആളുകളെ സ്വർഗത്തിൽ എത്തിക്കുവാൻ കഴിഞ്ഞതിൻ്റെ സന്തോഷം മനസിൽ നിറയുന്നുമുണ്ട്.
സ്വർഗത്തിൽ ധാരാളമായി നിക്ഷേപം സ്വരൂപിച്ചിട്ടുണ്ടെങ്കിലും ഭൂമിയിൽ ശിഷ്ടകാലം ചിലവഴിക്കുവാൻ ഒരു കുടിലു പോലും തീർക്കുവാൻ കഴിഞ്ഞിട്ടുമില്ല. പൊള്ളുന്ന ചൂടിലും മരവിപ്പിക്കുന്ന തണുപ്പിലും സുവിശേഷത്തിനു വേണ്ടി എരിവോടെ നിന്ന പാസ്റ്റർ ഏബ്രഹാമിൻ്റെ ജീവിതത്തിൽ ദൈവം ഇടപെട്ട ഒട്ടനവധി അനുഭവങ്ങൾ ഉണ്ട്. അവിടുത്തെ ദൂതൻമാർ ഇറങ്ങി വന്ന നിമിഷങ്ങൾ. കാക്കയെ അയച്ച് പോഷിപ്പിച്ചതിനു സമാനമായ അനുഭവങ്ങൾ. കൂരിരുട്ടിലും സ്വർഗം വെളിച്ചം പകർന്ന അവസരങ്ങൾ.
പാസ്റ്റർ കെ.വി.എബ്രഹാമിനെ മൂന്നര പതിറ്റാണ്ടിലധികമായി സുവിശേഷ വേലയിൽ നടത്തിയ ദൈവീക കരുതലിൻ്റെ അനുഭവം പങ്കിടുവാൻ അദ്ദേഹം നമ്മൾക്കൊപ്പം ചേരുന്നു.
ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതലുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. 8.35 മുതൽ 9. 20 വരെ തൻ്റെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കു വയ്ക്കും. പ്രാർത്ഥനാ പൂർവ്വം കേൾക്കുക; ദൈവം നിങ്ങളെയും ഒരു അത്ഭുതമാക്കും.
എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.
ഡിസംബർ 28 ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
