News & News Plus

അര മണിക്കൂറിനുള്ളിൽ 320 വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ എന്ന ആറര വയസുകാരി

തിരുവനന്തപുരം കൊണ്ണിയൂർ എ.ജി സഭയിൽ ജൂലൈ 17ന് ഇവാനിയ ഏയ്ഞ്ചൽ കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു.എ.ജി.തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റി’ലാണ് ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്.
അര മണിക്കൂർ സമയം കൊണ്ട് ഏറ്റവും അധികം വാക്യം ചൊല്ലുന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം ലഭിക്കുക.
അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ബിഗിനർ, പ്രൈമറി കുട്ടികൾ വാക്യം ചൊല്ലുകയും ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ കുട്ടികൾ വാക്യം എഴുതുകയുമാണ് വേണ്ടത്‌. അഞ്ച് വിഭാഗങ്ങളിലും ഏറ്റവും അധികം വാക്യം ചൊല്ലിയത് ഈ ആറര വയസുകാരിയാണ്.

തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിളയിൽ പയനിയർ പ്രവർത്തനം നടത്തി ശക്തമായ സഭയ്ക്ക് അടിത്തറയിട്ട പാസ്റ്റർ ആർ.വൈശാഖിൻ്റെ മൂത്തമകളാണ് ഇവാനിയ എഞ്ചൽ. മാതാവ് ജെ.എസ്. ഷൈനിമോൾ. ഇവാനാ ഏഞ്ചൽ എന്ന അനിയത്തിയുമുണ്ട്. മാറാനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

സെക്ഷൻ തലത്തിൽ നടന്ന മത്സരത്തിൽ നൂറ്റി അറുപത് വാക്യങ്ങൾ പറഞ്ഞു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നീടുള്ള ഒരാഴ്ച്ച കൊണ്ട് നൂറ്റി അറുപത് വാക്യം കൂടി പഠിക്കുകയും വേഗത്തിൽ പറഞ്ഞ് വിജയിയാവുകയുമായിരുന്നു. വാക്യം പറഞ്ഞാൽ മാത്രം പോര വേഗത്തിൽ പറയുവാൻ പരിശീലിക്കണം.

പിതാവ് പാസ്റ്റർ വൈശാഖ് മേൽനോട്ടം വഹിക്കുമ്പോൾ മാതാവ് ഷൈനിമോൾ അത്യുത്സാഹത്തോടെ മകളെ പരിശീലിപ്പിച്ചു. കുടുംബമായി ചർച്ച ചെയ്ത് പ്ലാൻ ഉണ്ടാക്കി. ഓരോ ദിവസവും ടാർഗറ്റ് സെറ്റ് ചെയ്തു പരിശീലിപ്പിച്ചു. ഓഡിയോ ബൈബിളിൻ്റെയും വേഗം കൂട്ടുവാൻ വേണ്ടി മാതാപിതാക്കൾ വേഗം കൂട്ടി ഓഡിയോ ക്ലിപ്പുകൾ ഉണ്ടാക്കി ഇവാനിയായെ പരിശീലിപ്പിച്ചു.

മാതാപിതാക്കളെക്കാൾ ഇവാനിയ ഉത്സാഹവതിയായതിനാലാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രമാത്രം വാക്യം ഹൃദിസ്ഥമാക്കുവാൻ കഴിഞ്ഞതെന്ന് പാസ്റ്റർ വൈശാഖ് പറഞ്ഞു.

ബിഗിനറിൽ 230 വാക്യം പറഞ്ഞ് മൂന്നാം സ്ഥാനം നേടിയ ആശേർ ശരണും പ്രൈമറിയിൽ 293 വാക്യങ്ങൾ ചൊല്ലി ഒന്നാം സ്ഥാനത്തെത്തിയ അൻസ ശരണും ചീനിവിള സഭാംഗങ്ങളാണ്. വിവിധ വിഭാഗങ്ങളിൽ പ്രോത്സാഹന സമ്മാനവും ചീനിവിള സഭയിലെ വിവിധ കുട്ടികൾക്കു ലഭിച്ചു.

You cannot copy content of this page