എൻ്റെ പിന്നാലെ വന്നു;എനിക്കു മുന്നേ പോയി ഈ യാത്ര അത്യന്തം വേദനാജനകം

ഷാജൻ ജോർജ് തടത്തിവളയിൽ മിസ്പ ഇടയ്ക്കാട്
ഇടയ്ക്കാട് എന്ന എൻ്റെ ഗ്രാമത്തിലെ ആദ്യത്തെ ഷാജൻ ഞാനാണ്. ജോർജച്ചായൻ ഇളയ മകന് ഷാജൻ എന്നു പേരു നല്കിയപ്പോൾ ആ കാലത്ത് അപൂർവ്വമായ പേര് മറ്റൊരാൾക്കു കൂടി ഉണ്ടായതിൽ ഞാൻ ഒരു പാട് സന്തോഷിച്ചിരുന്നു. എൻ്റെ പേര് ചൊല്ലി നാട്ടിൽ എനിക്കു വിളിക്കാനുണ്ടായിരുന്ന സഹോദരനാണ് ഷാജൻ.
അയൽപക്ക വീടുകളുടെ നന്മയും നാട്ടിലെ ഏറ്റവും നിഷ്കളങ്കനായ പിതാവിൻ്റെ മകനുമായ ഷാജൻ്റെ മുഖം എപ്പോഴും പുഞ്ചിരിയിൽ ചാലിച്ചിരിക്കും. സൌമ്യനായ സഹോദരൻ ഷാച്ചായൻ എന്നു വിളിക്കുന്നതിൽ തന്നെ ഒരു സൗന്ദര്യമുണ്ടായിരുന്നു.
പിതാവ് പാസ്റ്ററായി പലയിടങ്ങളിൽ പാർത്തിരുന്നതിനാൽ ഷാജൻ കൂടുതൽ സമയം ഇടയ്ക്കാട് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇടയ്ക്കാട് എപ്പോഴും ഉള്ള തരത്തിലുള്ള സൗഹൃദങ്ങളും ബന്ധങ്ങളും ഷാജനുണ്ടായിരുന്നു.
വിദ്യാഭ്യാസാനന്തരം ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലും പിന്നീട് കുടുംബസ്ഥരായി ആസ്ത്രേലിയായിലും പാർത്തു വരികയായിരുന്നു. പിതാവിൻ്റെ ആത്മീയ പാതയും ജീവിത ശൈലിയും സ്വന്തം ജീവിതത്തിൽ പകർത്തിയെഴുതിയിരുന്നു ഷാജൻ.
ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സാഹിയും മാതൃകാ ജീവിതത്തിൻ്റെ ഉടമയുമായിരുന്നു.
ഷാജൻ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചില ദിവസങ്ങൾക്കു മുൻപ് ആസ്ട്രേലിയായിലെ സിഡ്നിയിൽ നിന്നും നാട്ടിലെത്തിയിരുന്നു. മാതാവിനെയും സഹോദരങ്ങളെയും ഒക്കെ കണ്ടു.വ്യാഴാഴ്ച സന്തോഷപൂർവ്വം ഭവനത്തിൽ നിന്നും ഉച്ചഭക്ഷണവും കഴിഞ്ഞ് സംസാരിച്ചിരിക്കവേ ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും വേഗത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്രതീക്ഷിതമായിരുന്നു വേർപാട്. ഇപ്പോഴും ആർക്കും ആ വേർപാട് ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല. സൌമ്യമുഖവും ചെറുപുഞ്ചിരിയും നെഞ്ചിൽ മായാതെ നില്കുന്നു. സൌമ്യനായ ഷാജൻ എനിക്കു പുറകിൽ വന്നിട്ട് വേഗം മുന്നിൽ കയറി പോകുമെന്നു കരുതിയതേയില്ല.
മാതാവ് : മേരിക്കുട്ടി ജോർജ്
ഷാജൻ ജോർജിൻ്റെ ഭാര്യ ഭാര്യ: ജിതാ മേരി ജോർജ്
മക്കൾ: റിയാൻ, റോഷൽ, ജോഷിയ
ഇടയ്ക്കാട് ദക്ഷിണേന്ത്യാ ദൈവസഭാംഗമായ ഷാജൻ ആസ്ത്രേലിയായിൽ സിഡ്നി എസ് പി എഫ് സഭാംഗമാണ്. സംസ്കാര ശുശ്രുഷകൾ നവംബർ 10 തിങ്കളാഴ്ച ദക്ഷിണേന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് നടക്കും
അനുസ്മരണം : ഷാജൻ ജോൺ ഇടയ്ക്കാട്
