Unique Stories

വിശ്വാസം വിട്ടോടിയ ഏബ്രഹാമിനെ ദൈവം വിശ്വാസത്തിലുറപ്പിച്ച് വഴി നടത്തിയ കഥ

അച്ചടക്കമുള്ള ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു വളർന്ന ഏബ്രഹാം ചെറുപ്പത്തിലെ പള്ളിക്കാര്യങ്ങളിൽ സജീവമായിരുന്നു. പ്രാർത്ഥനാ മനുഷ്യനായിരുന്ന പിതാവും ഭക്തിപൂർവ്വം ജീവിച്ച മാതാവിൻ്റെയും ഒപ്പം ആത്മീയതാല്പര്യത്തോടെ വളർന്ന ബാലൻ പിന്നീട് അച്ചനെ മദ്ബഹയിൽ ശുശ്രുഷകൾക്കു സഹായിച്ചു.അങ്ങനെ ദൈവഭയത്തോടെ വളർന്ന് വിദ്യാഭ്യാസമൊക്കെ പൂർത്തിയാക്കിയപ്പോൾ ഒരു ജോലിയൊക്കെ വേണമെന്നാഗ്രഹിച്ചു.

സഹോദരങ്ങൾ പലരും ഗുജറാത്തിലായിരുന്നു.അവർക്കൊപ്പമെത്തി ജോലിക്കായി ശ്രമിച്ചു.ആത്മീയനായിരുന്ന ഏബ്രഹാം പതിയെ വൃത്തികെട്ട കൂട്ടുകെട്ടുകളിലേക്കു വീണു പോയി. എന്തെങ്കിലും ചെറിയ കശപിശ കൂട്ടുകെട്ടല്ല നാടിനെ വിറപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു.

തങ്ങൾ പാർക്കുന്ന ദേശത്തിൻ്റെ ഗുണ്ടാനേതാവായി തീർന്ന ഏബ്രഹാമിൻ്റെ നിയന്ത്രണത്തിലായി അവിടുത്തെ തല്ലിപ്പൊളി കൂട്ടങ്ങൾ.ആ കാര്യങ്ങളെക്കുറിച്ച് എല്ലാം ഒന്നും ഓർത്തു പറയുവാൻ അദ്ദേഹത്തിനു തീരെ താല്പര്യവുമില്ല.

ഏഴ് വർഷങ്ങൾ അങ്ങനെ പോയി.
ഒരു ദിവസം ജിം ൽ വെയിറ്റ് ലിഫ്റ്റ് ചെയ്തതെ ഏബ്രഹാമിനോർമ്മയുള്ളൂ. താഴോട്ടു മടങ്ങി വന്ന വെയിറ്റ് തൻ്റെ ജീവിതത്തെ ആകമാനം വെയിറ്റ്ലെസാക്കി. നിയന്ത്രണം വിട്ടു പോയ ആ സന്ദർഭം തന്നെ എത്തിച്ചത് ആശുപത്രിയിലേക്കാണ്. അത് മരണകരമായ ജീവിതാവസ്ഥയിലൂടെ ഒരു മാസം കടത്തി വിട്ടു. ആശുപത്രികൾ പലതു തള്ളി. ഇനി നല്ലൊരു ജീവിതത്തിന് സാധ്യതയില്ലെന്ന് പറഞ്ഞു കേട്ടപ്പോൾ അദ്ദേഹം തകർന്നു പോയി. ആ കിടക്കയിൽ മനസിളകി, തെറ്റുകൾ ഒന്നൊന്നായി തെളിഞ്ഞു വന്നു. തിരുത്തലുകൾ ജീവിതത്തിനു വേണമെന്ന തിരിച്ചറിവിലേക്കു അദ്ദേഹത്തെ നയിച്ചു.

പിന്നീടുള്ള കാലം പ്രാർത്ഥനാപൂർവ്വം ജീവിച്ചു തുടങ്ങി. പഴയ ജീവിതം ഉരിഞ്ഞു കളഞ്ഞു. പ്രാർത്ഥനകൾക്കൊക്കെ സജീവമായി. നന്നായി ജോലി ചെയ്ത് ജീവിക്കണമെന്നും, കുടുംബത്തെ ഇത്ര കാലവും കണ്ണീരു കുടിപ്പിച്ചതിനു നന്നായി ജീവിച്ചും സാമ്പത്തികമായി പിന്തുണച്ചും കടപ്പാട് അറിയിക്കണമെന്നുമായി ആഗ്രഹം. ഇതിനിടയിൽ പലപ്പോഴും ദൈവം ആവശ്യപ്പെട്ടത് ഏബ്രഹാമിനെ തന്നെയാണ്. എന്നാൽ ആ വിളിക്ക് കാതു കൊടുക്കാൻ ആദ്യമൊന്നും തയ്യാറായില്ല.

ദൈവം പിന്നീട് വിളി കടുപ്പിച്ചു. ഒരു നാൾ ഒരു പ്രാർത്ഥനാ വേളയിൽ കടന്നു വന്ന ദൈവദാസൻ പൊതുവിൽ പറഞ്ഞ ദൂത് ഏബ്രഹാമിനു മാത്രമുള്ളതായിരുന്നു, ദൈവവിളിക്കു വിധേയപ്പെടാത്ത തന്നെ കൃത്യമായി  കാര്യങ്ങൾ പറഞ്ഞു ദൈവം വീണ്ടും വിളിച്ചു. ആ വിളിക്കു മുമ്പിൽ തന്നെ പൂർണമായി സമർപ്പിച്ചു.’നിൻ്റെ പണമല്ല എനിക്ക് വേണ്ടത്, നിന്നെ തന്നെയാണ് വേണ്ടത് ‘ എന്ന ദൈവത്തിൻ്റെ പ്രത്യേക വിളിക്ക് വിധേയപ്പെട്ടു, പൂർണ സമയവും കർത്താവിനായി സമർപ്പിച്ചു.

ഹിമത്ത് നഗറിൽ കേന്ദ്രീകരിച്ചു അന്ധകാര ശക്തികൾക്കു നേരെയുള്ള പോരാട്ടം തുടങ്ങിയിട്ട് ഇപ്പോൾ 31 വർഷം കഴിഞ്ഞു. പ്രാരംഭ നാളിൽ തന്നെ വേദപഠനവും നടത്തി, ദൈവകാര്യങ്ങളിൽ സമ്പന്നനായി. ദൈവം പറഞ്ഞതു തന്നെ പിന്നീടു സംഭവിച്ചു.തന്നെപ്പോലെ വഴി തെറ്റി ജീവിച്ച നൂറു കണക്കിന് യുവാക്കളെ കർത്താവുമായി കണക്ട് ചെയ്യുവാൻ ഈ കാലഘട്ടത്തിൽ പാസ്റ്റർ ഏബ്രഹാം ജേക്കബിനെ  ദൈവം ഉപയോഗിച്ചു.

ഒട്ടനവധി ശോധനകളിലൂടെ വിശ്വാസത്തെ നാൾതോറും വളർത്തി മുന്നേറുവാൻ ദൈവം വഴിയൊരുക്കി. പട്ടിണിയും ദാരിദ്യവും ഒക്കെ വിശ്വാസിക്കു കൂടെപ്പിറപ്പു പോലെയാണെന്നാണ് പാസ്റ്റർ ഏബ്രഹാം പറയുന്നത്.ആരും കൂടെ സഞ്ചരിക്കാനില്ലാത്തിടത്ത് അതൊക്കെ സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ ദൈവാശ്രയം വർദ്ധിക്കുകയും ചെയ്യുമെന്ന് ഏബ്രഹാം ഉറപ്പിച്ചു പറയുന്നു. മക്കൾക്ക് അസുഖമാണെന്നു കരുതി ഒരിക്കൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞത് വീട്ടിൽ കൊണ്ടുപോയി ‘നല്ല ഭക്ഷണം’ വല്ലോം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളത്രെ. പ്രാരംഭ നാളുകളിലെ ഇല്ലായ്മകൾക്കിടയിലും ദൈവം അത്ഭുതകരമായി നടത്തി.രണ്ടു മക്കളെയും ദൈവം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മികവുള്ളവരാക്കി.

പാസ്റ്റർ ഏബ്രഹാമും പൊടിയമ്മയും ദൈവകൃപയിൽ തുടരുന്ന ശുശ്രുഷ മുപ്പത്തൊന്നു വർഷം പിന്നിടുന്നു. ദൈവകൃപയുടെ ഒട്ടനവധി അനുഭവങ്ങൾ ഓർത്തെടുക്കുവാനുണ്ട്. ദൈവം നടത്തിയ വിധങ്ങൾ.നടന്നു വന്ന വഴികൾ അങ്ങനെ പറയുവാനും പങ്കിടുവാനുമുള്ള അനുഭവങ്ങളുമായി പാസ്റ്റർ ഏബ്രഹാം ജേക്കബ് നവംബർ 10 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നമ്മൾക്കൊപ്പം ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ പങ്കാളിയാവുന്നു.
മറക്കാതെ ജോയിൻ ചെയ്യണമേ.

Zoom പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്യുക

MEETING ID: 89270649969
Passcode: 2023

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page