ദൈവത്തിൻ്റെ കൈകുമ്പിളിൽ വിരൽ ചേർത്തു പിടിച്ച് പാസ്റ്റർ സാം വർഗീസിനെ ദൈവം നടത്തിയ വഴികളിലൂടെ ഒരു സഞ്ചാരം സേലം മുതൽ എഡ്മണ്ടൻ വരെ

കാൽ നൂറ്റാണ്ടിനപ്പുറം സേലം വിനായക മിഷൻ കാമ്പസിൽ നിന്നും ഒരു ഉണർവിൻ ജ്വാല ഉയർന്നു. നേഴ്സിംഗും പാരാമെഡിക്കൽ കോഴ്‌സിനുമൊക്കെ പഠിക്കുന്ന കുട്ടികളിൽ പലരും ഉച്ച വേളകളിലെ ഇടവേള സമയത്ത് ചെറുകൂട്ടങ്ങളായി മരത്തണലുകളിൽ ഒത്തുകൂടി പ്രാർത്ഥിക്കും അഭിഷേക നിറവിൽ അന്യഭാഷയിൽ ഉച്ചത്തിൽ പ്രാർത്ഥിക്കുവാൻ ലജ്ജയില്ലാത്ത നൂറുകണക്കിന് കുട്ടികൾ ആ കാമ്പസിനുള്ളിൽ നിറഞ്ഞു നിന്നു. അവരിൽ പലരും ക്ലാസുമുറികൾക്കുള്ളിലും അഭിഷേക നിറവിൽ പ്രവർത്തിക്കുമായിരുന്നു.
ഈ കുട്ടികളിൽ ഭൂരിപക്ഷവും അക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നോ യാഥാസ്ഥിതിക ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നുമോ ഈ കാമ്പസുകളിൽ എത്തിയിട്ട് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്നതാണ്. അതിലേക്ക് നയിച്ചതിനു ചില കാരണങ്ങളുണ്ട്.
2000 ത്തിന് അല്പം മുൻപും പിൻപുമുള്ള കാലത്ത് കേരളത്തിൽ നിന്നും പ്ലസ് ടു കഴിയുന്ന കുട്ടികൾ പൊതുവേ ഉപരി പഠനത്തിനു പോകുന്ന പ്രധാന സ്ഥലങ്ങൾ ബാംഗ്ലൂർ, സേലം, കോയമ്പത്തൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ്. അവിടങ്ങളിൽ ധാരാളം നേഴ്സിംഗ് / പാരാമെഡിക്കൽ സ്ഥാപനങ്ങളുണ്ട്. അങ്ങനെ ആ കാലത്ത് സേലത്തെത്തിയ കുട്ടികൾ പഠനം തുടങ്ങിയപ്പോൾ ഭയപ്പെടുത്തുന്ന പല വാർത്തകളും കേട്ടു. കോളജുകളുടെ അഫിലിയേഷൻ, കോഴ്സുകളുടെ നിലവാരം, രജിസ്ട്രേഷൻ തുടങ്ങി ജീവിതത്തെ തച്ചുടക്കുന്ന വർത്തമാനങ്ങൾ കേട്ടു സങ്കടക്കടലിലായപ്പോൾ ഐ.പി.സി.യിലെ പാസ്റ്ററായിരുന്ന രാജൻ വർഗീസിൻ്റെ മകൻ സാം വർഗീസിനു തോന്നി ഈ വിഷയങ്ങൾക്കും ആശങ്കകൾക്കും ഒരു അറുതി വരുത്തുവാൻ കുട്ടികൾ ഒന്നിച്ചു കൂടി പ്രാർത്ഥിക്കാം.
ആ കാലത്ത് വീടും പുരയിടവും പണയപ്പെടുത്തിയും കടവും മറ്റും വാങ്ങിയുമാണ് മിക്കവരും കുട്ടികളെ ഉപരി പഠനത്തിനയച്ചിരിക്കുന്നത്. അവശ്യ വസ്തുക്കൾ പോലും വാങ്ങുവാൻ മിക്കവർക്കും കയ്യിൽ കാശ് കാണില്ല. വീട്ടിലെ പ്രശ്നങ്ങളും ഇളയ കുട്ടികളുടെ കാര്യങ്ങളും ഒക്കെ നടത്തിയെടുത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മാതാപിതാക്കളുടെ മുഖം കൂടി മനസിൽ തെളിഞ്ഞപ്പോൾ കുട്ടികളെ വിളിച്ചു കൂട്ടി പ്രാർത്ഥിച്ച് പോംവഴി കണ്ടെത്തുവാൻ തന്നെ സാം തീരുമാനിച്ചു.

ആദ്യ പ്രാർത്ഥനയിൽ പന്ത്രണ്ട് സുഹൃത്തുക്കളായ കുട്ടികൾ പങ്കെടുത്തു. ക്രമേണ വിദ്യാർത്ഥികൾ വർദ്ധിക്കുവാൻ തുടങ്ങി. ശനിയാഴ്ച വൈകിട്ട് ഒരു മണിക്കൂർ പ്രാർത്ഥന നടത്തി വന്നത് ഒരു മലയാളി പാസ്റ്റർ ശുശ്രുഷിക്കുന്ന തമിഴ് സഭയിലായിരുന്നു. കുട്ടികളുടെ എണ്ണം വർദ്ധിക്കുക മാത്രമല്ല കുട്ടികൾ ആരംഭിച്ച പ്രാർത്ഥനയിലേക്ക് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ പങ്കെടുക്കുവാൻ തുടങ്ങി.
തമിഴ് സഭയിലെ മലയാളി പാസ്റ്റർക്ക് മനസിലായി ഇതു കുട്ടിക്കളിയല്ല, കാര്യമായി ചിലതൊക്കെ സംഭവിക്കുന്നു. പെന്തെക്കോസ്ത് അനുഭവത്തിൽ നിന്നും വന്ന കുട്ടികൾ കുറവുള്ള ആ പ്രാർത്ഥനാ കൂട്ടത്തിൽ മറ്റുള്ള കുട്ടികൾ അന്യഭാഷയിൽ നിർത്താതെ ആരാധിക്കുന്നതും ആത്മാവിൽ സന്തോഷിക്കുന്നതും കണ്ടപ്പോൾ ആ പാസ്റ്റർ സാം വർഗീസിനോടു പറഞ്ഞു, നിങ്ങൾ ശനിയാഴ്ച എന്നത് മാറ്റി ഞായറാഴ്ച രാവിലെ ഇവിടെ ആരാധന തുടങ്ങിക്കോളൂ എന്ന്.
ശനിയാഴ്ച നിന്നും ഞായറാഴ്ചയിലേക്ക് ആരാധന മാറ്റി. കുട്ടികൾ കൂട്ടത്തോടെ ജലസ്നാനം സ്വീകരിക്കുവാൻ തുടങ്ങി. പിന്നീടുള്ള ചില വർഷങ്ങൾ ആ കാമ്പസ് വലിയ ദൈവ പ്രവൃത്തിക്കു വേദിയായി. പ്രമുഖ ക്രൈസ്തവ പത്രമായ ഗുഡ്‌ന്യൂസ് ആ സംഭവങ്ങളെ സംബന്ധിച്ച് ഫീച്ചറെഴുതത്തക്കവണ്ണം ആ ഉണർവ് ശ്രദ്ധിക്കപ്പെട്ടു.
അന്ന് അതിന് നേതൃത്വം കൊടുത്ത സാം വർഗീസ് പിന്നീട് ദോഹയിൽ ചില വർഷങ്ങൾ പാർത്തനന്തരം രണ്ടായിരത്തിയെട്ട് മെയ് മാസത്തിൽ കുടുംബമായി കാനഡയിൽ എഡ്മണ്ടനിലേക്ക് കുടിയേറി. കഴിഞ്ഞ പതിനേഴ് വർഷമായി കാനഡയിൽ എഡ്മണ്ടനിൽ കേരള പെന്തെക്കോസ്തൽ അസംബ്ലി എന്ന സഭ ആരംഭിച്ച് നേതൃത്വം കൊടുക്കുന്നു.
കാനഡയിൽ ആൽബർട്ട പ്രവിശ്യയുടെ തലസ്ഥാനമാണ് എഡ്മണ്ടൻ. കാനഡയുടെ ഉത്സവ നഗരം എന്നാണ് എഡ്മണ്ടൻ അറിയപ്പെടുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകളുടെ നാളുകൾക്ക് അറുതി വരുത്തി സമ്പന്നമായൊരു ജീവിതം നയിക്കണമെന്നും ജോലിയൊക്കെ ശ്രദ്ധിച്ച് സ്വസ്ഥമായി ജീവിക്കണമെന്നും ഒക്കെ തീരുമാനിച്ചാണ് പുതിയ നഗരത്തിൽ ജീവിതം തുടങ്ങിയത്. എന്നാൽ കാനഡയിലെത്തി രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും സജി ജോൺ എന്ന സഹോദരൻ്റെ വീടിൻ്റെ ബേസ്മെൻ്റി പ്രാർത്ഥനാ കൂട്ടായ്മ ആരംഭിച്ചു. മൂന്ന് വർഷങ്ങൾ ഏറെ പ്രയാസകരമായ സാഹചര്യങ്ങൾ ആയിട്ടും ക്ഷമാപൂർവ്വം പ്രാർത്ഥ തുടർന്നു മുപ്പത് പേരുള്ള ഒരു സഭയായി വളർന്നു.
ബേസ്മെൻറിൽ നിന്നും അമ്പത് പേർക്ക് കൂടി വരുവാൻ കഴിയുന്ന ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ആരാധന അവിടേക്കു മാറ്റി, ചില വർഷങ്ങൾക്കുള്ളിൽ എഴുപതിലധികം പേരായപ്പോൾ ആരാധനാ സ്ഥലം മാറേണ്ടി വന്നു. സഭയായി പ്രാർത്ഥിച്ച് സ്വന്തമായ ഒരു ഇടം കണ്ടെത്തുവാൻ അന്വേഷണം തുടങ്ങി. അങ്ങനെയാണ് ഇപ്പോൾ ആരാധന നടക്കുന്ന സ്ഥലം സ്വന്തമാക്കിയത്. മെക്കാനിക്കൽ വർക്ക് ഷോപ്പായിരുന്ന കെട്ടിടം വാങ്ങി നെഹെമ്യാവ് മതിൽ പണിതതു പോലെ സഭാംഗങ്ങളെല്ലാം ചേർന്ന് അറ്റകുറ്റം തീർത്ത് വർക്ക് ഷോപ്പിനെ ആരാധനാലയമാക്കി മാറ്റി. ആയിരക്കണക്കിനു ഹൃദയങ്ങളുടെ പുനർനിർമ്മാണമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അധികമായി ഈ ആലയത്തിൽ നടന്നത്.

ഇപ്പോൾ ഇരുനൂറിലധികം ആളുകൾ അംഗങ്ങളായുള്ള അനുഗ്രഹിക്കപ്പെട്ട ഒരു സഭയാണ് കേരള പെന്തെക്കോസ്തൽ അസംബ്ലി.സഭാംഗങ്ങൾ എല്ലാവരും സുവിശേഷ ദർശനത്തോട് പ്രവർത്തിക്കുന്നത് സഭാ വളർച്ചയ്ക്ക് കാരണമാകുന്നു.
ഈ വർഷത്തെ നോർത്തമേരിക്കൻ ഐ.പി.സി. ഫാമിലി കോൺഫറൻസിന് നേതൃത്വം കൊടുക്കുന്നത് പാസ്റ്റർ സാം വർഗീസ് ആണ്. കൊട്ടാരക്കര ആനയം പെനിയേൽ ബംഗ്ലാവിൽ പരേതനായ പാസ്റ്റർ രാജൻ വർഗീസിൻ്റെയും രൂത്തമ്മയുടെയും മൂത്ത മകനാണ് പാസ്റ്റർ സാം വർഗീസ്. ഭാര്യ ലീന മക്കൾ സേറ, ആഷ്ലി.

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്